‘ജീവസ്പർശം’ സമൂഹ രക്തദാന ക്യാമ്പ് ആഗസ്റ്റ് 2ന്

കെ.എം.സി.സി രക്തദാന ക്യാമ്പൊരുക്കുന്നത് ഇത് 29ആം തവണ

Update: 2019-07-29 10:11 GMT

കെ.എം.സി.സി ബഹ് റൈൻ ഘടകം സംഘടിപ്പിക്കുന്ന 29മത് ജീവസ്പര്‍ശം രക്തദാന ക്യാമ്പും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനവും ആഗസ്റ്റ് 2 വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  വെള്ളിയാഴ്ച രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 2 വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലാണ് സമൂഹ രക്തദാനം. അന്ന് രാത്രി മനാമ കെ.എം.സി.സി ഹാളില്‍ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ബിഗ്ബി സൂപ്പർമാർക്കറ്റിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്  ബഹ്‌റിനിലെ ആരോഗ്യ മന്ത്രാലയ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ സന്ദര്‍ശിക്കും. 'ജീവസ്പര്‍ശം' എന്നപേരില്‍ കെ എം സി സി വര്‍ഷങ്ങളായി  നടത്തി വരുന്ന രക്തദാന ക്യാമ്പുകളുടെ തുടർച്ചയാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കുന്നത്.സല്‍മാനിയ, ബി.ഡി.എഫ്, മുഹറഖ് കിങ് ഹമദ് ഹോസ്പിറ്റലുകളിലായി 20 രക്തദാന ക്യാമ്പുകളും 8 എക്‌സ്പ്രസ് ക്യാമ്പുകളും സംഘടന കഴിഞ്ഞ 10 വര്‍ഷത്തിനുള്ളിൽ സംഘടിപ്പിച്ചിട്ടുണ്ട്. 2009 ൽ ആരംഭിച്ച രക്തദാന പദ്ധതി  വഴി രോഗം, അപകടം തുടങ്ങിയ കാരണങ്ങളാല്‍ രക്തം ആവശ്യമായി വരുന്ന നിരവധി പേർക്ക് അടിയന്തിര ഘട്ടങ്ങളില്‍ ജീവരക്ഷക്കായി സഹായമെത്തിക്കാൻ കഴിഞ്ഞു. ഇതിനകം നാലായിരത്തിലധികം പേർ 'ജീവസ്പര്‍ശം' ക്യാമ്പ് വഴി രക്ത ദാനം നടത്തിയിട്ടുണ്ട്.  അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം നടത്തുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രക്തദാന ഡയറക്ടറിയുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. രക്തദാന സേവനത്തിനു മാത്രമായി www.jeevapsarsham.com എന്ന വെബ് സൈറ്റും ജീവസ്പര്‍ശം എന്നപേരില്‍ പ്രത്യേക മൊബൈൽ അപ്ളിക്കേഷനും പുറത്തിറക്കി . ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 39881099, 33210288, 39258266, 39841984, 36300291 എന്നീ നമ്പറുകളിലും വാഹന സൗകര്യം ആവശ്യമുള്ളവര്‍ 33189006, 38499146 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു. ആക്റ്റിംഗ് പ്രസിഡൻ്റ് ടി.പി മുഹമ്മദലി , ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങൽ, പ്രോഗ്രാം ചെയർമാൻ കെ.പി, ജനറൽ കൺവീനർ എ.പി ഫൈസല്‍  തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Similar News