ബഹ്റൈനിലെ പുസ്തക സ്നേഹികൾക്ക് സുവർണാവസരം. പതിനഞ്ചായിരത്തോളം പുസ്തകങ്ങളുള്ള സമാജം ഗ്രന്ഥശാല ഇനി എല്ലാവർക്കും
ലൈബ്രറിയിൽ നിന്ന് പുസ്തകമെടുക്കാൻ സമാജം അംഗങ്ങളല്ലാത്തവർക്കും അവസരം
വായനയെ ഇഷ്ടപ്പെടുന്ന ബഹ്റൈനിലെ എല്ലാ പ്രവാസികൾക്കും കേരളീയ സമാജം ലൈബ്രറി ഉപയോഗപ്പെടുത്താൻ സൗകര്യമൊരുക്കുന്നു. ഇത് വരെ സമാജത്തിലെ അംഗങ്ങളായ പ്രവാസികൾക്ക് മാത്രമായിരുന്നു ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ അനുവദിച്ചിരുന്നത്.
സമാജം അംഗങ്ങൾ അല്ലാത്ത വായനാതല്പരരായ മുഴുവൻ ബഹറിൻ പ്രവാസികൾക്കും സമാജം വായനശാലയുടെ പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും എടുത്തു വായിക്കുന്നതിനുമുള്ള അവസരം നൽകുമെന്ന് സമാജം പ്രസിഡണ്ട് പി .വി. രാധാകൃഷ്ണപിള്ളയാണ് അറിയിച്ചത്.
ഈ പദ്ധതിയുടെ ഔദ്യോഗിക ഉത്‌ഘാടനം ഈ മാസം 19 മുതൽ 29 വരെ നടക്കുന്ന ബി കെ എസ് ഇന്റർനാഷണൽ ബുക്ക്ഫെസ്റ്റിവലിനോട് അനുബന്ധിച്ചു നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ ഇടയിൽ വായനാശീലവും സാഹിത്യാഭിരുചികളും വളർത്തുവാൻ ഈ നടപടി ഉപകരിക്കുമെന്ന് പ്രത്യാശിക്കുന്നതായി സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അറിയിച്ചു.
സമാജം വായനശാലയിലുള്ള ഏകദേശം പതിനയ്യായിരത്തോളം വരുന്ന പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും വായിക്കുന്നതിനും ഉള്ള അവസരമാണ് ഇതുവഴി സമാജം അംഗങ്ങൾ അല്ലാത്ത എല്ലാ പ്രവാസികൾക്കും കൈവരുന്നത്. കൂടുതൽ വിവരങ്ങൾക്ക് സമാജം ലൈബ്രറിയൻ ശ്രീ വിനൂപ് കുമാറിനെയോ (39252456) കൺവീനർ സുമേഷിനെയോ (39131926)ബന്ധപ്പെടാം.