കോവിഡ് 19; ബഹ്റെെനില്‍ ആദ്യ രോഗവിമുക്തി സ്ഥിരീകരിച്ചു
രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഒരാൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു.
ബഹ്റൈനിൽ മൂന്ന് പേർക്കുകൂടി കോവിഡ് -19 സ്ഥിരീകരിച്ചു. അതേ സമയം, ചികിത്സയില്‍ കഴിയുന്ന ഒരാൾ രോഗവിമുക്തനായതോടെ മൊത്തം രോഗ ബാധിതരുടെ എണ്ണം 51 ആയി കുറഞ്ഞു. ആദ്യത്തെ കോവിഡ് രോഗവിമുക്തി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചത് ബഹ്റൈൻ ജനതക്ക് ആശ്വാസ വാർത്തയായി.
രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന ഒരാൾ സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിക്കുകയായിരുന്നു. ഫെബ്രുവരിയിൽ ഇറാനിൽ നിന്ന് എത്തിയ ബഹ്റൈൻ പൗരനായ ഇയാളെ ആരോഗ്യം വീണ്ടെടുത്തതിനെത്തുടർന്ന് ഐസൊലേഷൻ കേന്ദ്രത്തിൽ നിന്ന് വിട്ടയച്ചു.
വൈറസ് ബാധയിൽ നിന്ന് പൂർണ്ണ വിമുക്തി നേടിയെന്ന് ഉറപ്പ് വരുത്താൻ സമഗ്രമായ പരിശോധനകൾ നടത്തിയ ശേഷമാണ് ഡിസ്ചാർജ് ചെയ്തത്. രോഗ ബാധിതരായ 50 പേർക്ക് പ്രത്യേക മരുന്നുകൾ ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 4504 വ്യക്തികളെ പരിശോധനക്ക് വിധേയരാക്കിയതിൽ 4452 പേർക്കും കോവിഡ് -19 രോഗ ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതുവരെയായി രോഗ ബാധ സ്ഥിരീകരിക്കപ്പെട്ട 51 പേരിൽ 47 പേർക്കും ബഹ്റൈൻ വിമാനത്താവളത്തിൽ വെച്ച് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കോവിഡ് -19നെ കുറിച്ചുള്ള പുതിയ വിവരങ്ങൾ പൊതു ജനങ്ങളെ അറിയിക്കുന്നതിന് ആരോഗ്യ മന്ത്രാലയം പുതിയ വെബ്പേജ് ആരംഭിച്ചു. .moh.gov.bh/COVID19 എന്ന വെബ്പേജിൽ രോഗബാധ സംബന്ധിച്ച വിവരങ്ങൾ യഥാസമയം അറിയാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.