മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് പിന്തുണയേറുന്നു; 15 എയർ ടിക്കറ്റുകൾ നൽകി പ്രമുഖ വ്യവസായി ബാബുരാജൻ
ജോലിയും വരുമാനവുമില്ലാത്ത സ്ഥിതിയിൽ യാത്രക്കായി ടിക്കറ്റിനുള്ള തുക കണ്ടെത്താൻ കഴിയാതെ വിഷമസന്ധിയിലായ പ്രവാസികളെ പദ്ധതിയിലൂടെ സഹായിക്കാൻ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു
മീഡിയ വൺ-മാധ്യമം മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിക്ക് കരുത്ത് പകർന്ന് ബഹ് റൈനിൽ നിന്ന് കൂടുതൽ വ്യക്തികളും സ്ഥാപനങ്ങളും രംഗത്ത്. ബുദ്ധിമുട്ടുകളനുഭവിക്കുന്ന പ്രവാസികള്‍ക്ക് നാടണയാനായി പദ്ധതിയെ പിന്തുണക്കുമെന്ന് പ്രമുഖ വ്യവസായി കെ.ജി. ബാബുരാജൻ അറിയിച്ചു. നാടണയാൻ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് തുണയേകാൻ മീഡിയവണ്ണും ഗൾഫ് മാധ്യമവും ചേർന്നൊരുക്കുന്ന മിഷന്‍ വിങ്സ് ഓഫ് കംപാഷൻ പദ്ധതിയിലേക്ക് 15 എയർ ടിക്കറ്റുകൾ നൽകിയാണ് പ്രമുഖ വ്യവസായിയും ബി.കെ.ജി ഹോൾഡിങ് ചെയർമാനുമായ കെ.ജി. ബാബുരാജൻ പിന്തുണയറിയിച്ചത്.
ജോലിയും വരുമാനവുമില്ലാത്ത സ്ഥിതിയിൽ യാത്രക്കായി ടിക്കറ്റിനുള്ള തുക കണ്ടെത്താൻ കഴിയാതെ വിഷമസന്ധിയിലായ പ്രവാസികളെ പദ്ധതിയിലൂടെ സഹായിക്കാൻ സന്തോഷമുണ്ടെന്ന് ക്യു.ഇ.എൽ, ക്യു.പി.സി.സി എന്നീ സ്ഥാപനങ്ങളുടെ സാരഥി കൂടിയായ അദ്ദേഹം പറഞ്ഞു. സൗദി അറേബ്യ-ബഹ്റൈൻ കിങ് ഫഹദ് കോസ്വേയുടെ നിർമാണ പ്രവർത്തനത്തിൽ സിവിൽ എൻജിനീയർ എന്ന നിലയിൽ സാങ്കേതിക വൈദഗ്ദ്യം ഉപയോഗിച്ച അദ്ദേഹം ബഹ് റൈനിലെ എയർപോർട്ട്, വേൾഡ് ട്രേഡ് സെൻ്റർ,ഫി നാൻഷ്യൽ ഹാർബർ,ബഹ്റൈൻ പെട്രോളിയം തുടങ്ങിയവയുടെ നിർമാണ പ്രവർത്തനങ്ങളിലും പങ്കാളിത്തം വഹിച്ചിട്ടുണ്ട്. വിംഗ്സ് ഓഫ് കംപാഷൻ .സഹായ പദ്ധതിക്ക് പിന്തുണയറിയിച്ച് ഇതിനകം നിരവധി വ്യവസായികളും സ്ഥാപനങ്ങളും സംഘടനകളുമാണ് രംഗത്ത് വന്നത്.