ബഹ്റൈനില്‍ മലയാളി സാമൂഹ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു
പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സാം സാമുവേല്‍ (51) ആണ് മരിച്ചത്.
ബഹ്റൈനില്‍ മലയാളി സാമൂഹ്യ പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു. പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സാം സാമുവേല്‍ (51) ആണ് മരിച്ചത്. കഴിഞ്ഞ ഒരു മാസക്കാലമായി ചികിൽസയിൽ കഴിയവേയാണ് മരണം. ഇതോടെ ബഹ്റൈനില്‍ കോവിഡ് ബാധയിൽ മരിച്ച മലയാളികളുടെ എണ്ണം നാലായി.
ബഹ്റൈനിലെ പൊതുപ്രവർത്തന രംഗത്ത് നിറസാന്നിധ്യമായിരുന്നു സാം. കോവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരിക്കവേയാണ് രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. തൊഴിലാളികൾക്ക് ഭക്ഷ്യവിഭവങ്ങൾ എത്തിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സാം സബർമതി കൾച്ചറൽ ഫോറം എന്ന സംഘടനയുടെ പ്രസിഡന്‍റ് കൂടിയായിരുന്നു. സാധാരണക്കാർക്കിടയിലുള്ള പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി നിസ്വാർഥമായ പൊതുപ്രവർത്തനം കാഴ്ച വെച്ച സാം ബഹ്റൈനിലെ പ്രവാസികൾക്ക് പ്രിയങ്കരനായ വ്യക്തിത്വമായിരുന്നു.
കഴിഞ്ഞ 25 വർഷമായി ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന ഇദ്ദേഹം ആഭ്യന്തര മന്ത്രാലയത്തിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്. ഭാര്യ- സിസിലി സാം, മക്കള്‍- സിമി സാറ സാം, സോണി സാറ സാം.