കേരളീയ സമാജം ചാർട്ടേർഡ് വിമാന സർവിസുകൾ ഏർപ്പെടുത്തിയത് ട്രാവൽ ഏജൻസികൾ മുഖേന: പി.വി. രാധാക്യഷ്ണപിള്ള
യാത്രാ ദുരിതമകറ്റാനാണ് സമാജം മുന്നിട്ടിറങ്ങിയത്
ബഹ്റൈൻ കേരളീയ സമാജം ചാർട്ടേർഡ് സർവീസുകൾ നടത്തിയത് ബഹ്റൈനിലെ രണ്ട് ട്രാവൽ ഏജൻസികൾ മുഖേനയാണെന്ന് സമാജം പ്രസിഡൻ്റ് പി.വി രാധാക്യഷ്ണപിള്ള പറഞ്ഞു . കോവിഡ് സാഹചര്യങ്ങളും യാത്രാനിരോധവും കാരണമായി പ്രവാസികൾ യാത്രക്ക് പ്രയാസങ്ങൾ അനുഭവിച്ച ഘട്ടത്തിലാണ് സമാജം യാത്രാ ദുരിതമകറ്റാൻ മുന്നിട്ടിറങ്ങിയത് . എയർ ബബ്ൾ പ്രഖ്യാപിച്ച ഉടനെ തന്നെ സമാജം വഴിയുള്ള ബുക്കിങ്ങ് നിർത്തിവെച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
യാത്രാ നിരോധം കാരണം കേരളത്തിൽ നിന്ന് ബഹ് റൈനിലേക്ക് തിരിച്ച് വരാൻ സാധിക്കാതെ ബുദ്ധിമുട്ടിയ യാത്രക്കാരെ സഹായിക്കാനാണ് സമാജം രജിസ്ട്രേഷൻ ആരംഭിച്ചത്. വിസ കാലാവധി തീരുന്നതടക്കമുള്ള ആശങ്കകളോടെ കഴിയുന്ന പ്രവാസികളെ തിരിച്ചു കൊണ്ടുവരാനുള്ള പരിശ്രമങ്ങൾ വിജയം കണ്ടതിൻ്റെ ഫലമായി അഞ്ച് ചാർേട്ടഡ് വിമാനങ്ങളിലായി കഴിഞ്ഞ മാസം 700 ഓളം പ്രവാസികളെ ബഹ്റൈനിൽ എത്തിക്കാൻ സാധിച്ചു. എന്നാൽ എയർ ബബിൾ നടപടിക്രമങ്ങൾ നടക്കുന്നത് മൂലം ചാർട്ടേർഡ് വിമാനങ്ങൾക്കുള്ള അനുമതി തുടർന്ന് ലഭിച്ചില്ല.
മുൻകൂട്ടി സമാജം മുഖേന രജിസ്റ്റർ ചെയ്ത രജിസ്ട്രേഷൻ പൂർത്തിയാക്കിയ 900ത്തോളം യാത്രക്കാരെ ബഹ് റൈനിലെത്തിക്കേണ്ട ഉത്തരവാദിത്തം നിറവേറ്റാനായി ഗൾഫ് എയർ ചാർേട്ടഡ് വിമാനത്തിൽ കൊണ്ടുവരാൻ കരാറുണ്ടാക്കിയിരുന്നു. ഈ യാത്രക്കാരാണ് എയർ ബബിൾ കരാർ ഒപ്പിട്ട ശേഷം ഗൾഫ് എയർ വിമാനങ്ങളിലായി വരുന്നത്. എന്നാൽ വിമാനങ്ങളിൽ സമാജം വഴി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ മാത്രമല്ല ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ യാത്രക്കാരിൽ 120 പേർ വീതം സെപ്റ്റംബർ 15ന് തിരുവനന്തപുരത്തുനിന്നും 16 ന് കോഴിക്കോട്ടുനിന്നുമുള്ള വിമാനങ്ങളിൽ ബഹ്റൈനിൽ എത്തി. 17ന് കൊച്ചിയിൽനിന്നുള്ള വിമാനത്തിൽ 90 പേരും 18 ന് കോഴിക്കോട്ടുനിന്ന് 120 പേരും എത്തും. ബാക്കിയുള്ള 450 പേർ 22, 26, 27, 28 തീയതികളിലുള്ള വിമാനങ്ങളിൽ എത്തും. ഈ വിമാനങ്ങളിൽ സമാജം വഴി ബുക്ക് ചെയ്യാത്ത യാത്രക്കാരുമുണ്ട്. കോവിഡ് കാലത്ത് യാത്രാദുരിതം അനുഭവിച്ചവർക്ക് ആശ്വാസം പകരാനാണ് ബഹ് റൈൻ കേരളീയ സമാജം പരിശ്രമിച്ചതെന്നും പി.വി രാധാക്യഷ്ണപിള്ള പറഞ്ഞു.