ഗുജറാത്ത് കോർപറേഷൻ തെരഞ്ഞെടുപ്പിൽ 84 ശതമാനം സീറ്റുകളും നേടി ബിജെപി; ചിത്രത്തിലില്ലാതെ കോൺഗ്രസ്

അഹമ്മദാബാദിൽ ആദ്യമായി മത്സരരംഗത്തിറങ്ങിയ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ഏഴു സീറ്റുകൾ സ്വന്തമാക്കി

Update: 2021-02-24 04:51 GMT

അഹമ്മദാബാദ്: ഗുജറാത്തിലെ ആറ് മുനിസിപ്പൽ കോർപറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. മൊത്തം 576 ൽ 483 സീറ്റുകളും നേടിയത് ബിജെപിയാണ്. കോൺഗ്രസിന് 55 സീറ്റിൽ മാത്രമാണ് ജയിക്കാനായത്. അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ആം ആദ്മി പാർട്ടി 27 സീറ്റു നേടി. എംഐഎം ഏഴു സീറ്റിലും ബിഎസ്പി മൂന്നു സീറ്റിലും വിജയിച്ചു.

സൂറത്തിലാണ് ആം ആദ്മി പാർട്ടി നേട്ടമുണ്ടാക്കിയത്. കോർപറേഷനിലെ 120 സീറ്റിൽ 93 ഇടത്ത് ജയിച്ച് ബിജെപി ഭരണം നിലനിർത്തി. 27 സീറ്റിൽ ആം ആദ്മി വിജയിക്കുകയും ചെയ്തു. ഇതിൽ 25 സീറ്റുകൾ കോൺഗ്രസിന്റേതാണ്. എന്നാൽ കോർപറേഷനിലെ 59 സീറ്റിൽ ആം ആദ്മി സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പണം നഷ്ടമാകുകയും ചെയ്തു.

Advertising
Advertising

അഹമ്മദാബാദിൽ ആദ്യമായി മത്സരരംഗത്തിറങ്ങിയ അസദുദ്ദീൻ ഉവൈസിയുടെ എഐഎംഐഎം ന്യൂനപക്ഷ മേഖലയിൽ ഏഴു സീറ്റുകൾ സ്വന്തമാക്കി.

രാജ്‌കോട്ട്, വഡോദര, ജാംനഗർ, ഭാവ്‌നഗർ കോർപറേഷനുകളിൽ പ്രതിപക്ഷ കക്ഷികൾക്ക് പത്തു ശതമാനം സീറ്റു പോലും കിട്ടിയില്ല. മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ജന്മസ്ഥലമായ രാജ്‌കോട്ടിലെ 72 സീറ്റിൽ 68 ഇടത്തും ജയിച്ചത് ബിജെപിയാണ്. 2015ൽ 38 സീറ്റു മാത്രമാണ് ബിജെപിക്കുണ്ടായിരുന്നത്.

പട്ടീദാർ ക്വാട്ട സമരനായകൻ ഹർദിക് പട്ടേലിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് ഗുജറാത്തിൽ പോരിനിറങ്ങിയത്. എന്നാൽ യുവനേതാവിന് ഒരു സ്വാധീനവുമുണ്ടാക്കാനായില്ല എന്ന് ഫലങ്ങൾ പറയുന്നു. പാർട്ടി വർക്കിങ് പ്രസിഡണ്ടാണ് ഹർദിക്. ഹർദിക് പട്ടേലും പ്രസിഡണ്ട് അമിത് ചാവ്ദയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രാജീവ് സതവും രാജിവയ്ക്കുമെന്ന് റിപ്പോർട്ടുണ്ട്.

Tags:    

Similar News