രാഷ്ട്രീയത്തിലിറങ്ങുമോ? ബോബിക്ക് പറയാനുള്ളത് ഇതാണ്

"ഒരു ജീവകാരുണ്യ പ്രവർത്തകനായി നിലനിൽക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. എന്റെ ജാതി ചോദിച്ചാൽ മനുഷ്യജാതി, മതം സ്‌നേഹമതം"

Update: 2021-03-13 12:20 GMT

ജീവിതത്തിൽ ഇതുവരെ വോട്ടു ചെയ്തിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്കില്ലെന്നും ബോബി ചെമ്മണൂർ. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയിൽ സത്യമില്ലെന്നും ബോബി വ്യക്തമാക്കി. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'സോഷ്യൽ മീഡിയയിൽ ഒരു പാർട്ടിക്കു വേണ്ടി ഞാൻ മാർക്കറ്റിങ് ചെയ്യുന്നതായി ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അതിന്റെ യാഥാർത്ഥ്യം മനസ്സിലാക്കണം. ഒരുപാട് മുമ്പ് നാടിന്റെ വികസനം എന്ന മുഖ്യമന്ത്രിയുടെ പരിപാടിയിലേക്ക് എന്നെയും ക്ഷണിച്ചിട്ടുണ്ടായിരുന്നു. അപ്പോൾ ഒരു ചാനൽ ബൈറ്റെടുത്തിരുന്നു. നാടിന്റെ വികസനത്തിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം എന്താണ് എന്നാണ് ചോദിച്ചത്. നല്ല വികസനവുമായി ശക്തമായി മുമ്പോട്ടു പോകണം എന്നാണ് ഞാൻ പറഞ്ഞത്. അല്ലാതെ ഏതെങ്കിലും ഒരുപാർട്ടി മുമ്പോട്ടു വരണമെന്ന് പറഞ്ഞിട്ടില്ല'- ബോബി പറഞ്ഞു.

Advertising
Advertising

'ആ വീഡിയോയിൽ എഡിറ്റിങ് നടന്നിട്ടുണ്ട്. ഒരു വ്യക്തി എഡിറ്റ് ചെയ്തതാണ് എന്ന് വിശ്വസിക്കുന്നു. ജീവിതത്തിൽ ഇതുവരെ ആർക്കും വോട്ടു ചെയ്തിട്ടില്ല. അത് പല ശീലങ്ങളിൽ ഒന്നാണ്. എനിക്ക് എല്ലാ രാഷ്ട്രീയപ്പാർട്ടിയും തുല്യമാണ്. വിവിധ നേതാക്കളുമായി നല്ല ബന്ധമുണ്ട്. ഒരു പാർട്ടിക്കു വേണ്ടിയും മാർക്കറ്റിങ് ചെയ്തിട്ടില്ല' - ബോബി കൂട്ടിച്ചേർത്തു.

സിനിമയിലേക്കില്ലെന്നും കഴിവുള്ള നടന്മാർ സിനിമയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'സിനിമയിലേക്കാണോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. സിനിമയിലേക്കില്ല. നല്ല നടന്മാർ നമുക്കുണ്ട്. ഒരുവിധം എല്ലാ സിനിമകളും കാണാറുണ്ട്. രാഷ്ട്രീയത്തിലേക്കുണ്ടോ എന്നതാണ് അടുത്ത ചോദ്യം. അല്ല, ഒരു മന്ത്രിയാവാൻ താത്പര്യമില്ല. ഒരു മന്ത്രിയാവുക എന്ന് പറഞ്ഞാൽ വലിയ ഉത്തരവാദിത്വവും കഷ്ടപ്പാടുമുള്ള കാര്യമാണ്. നമുക്ക് കഴിവുള്ള നേതാക്കളുണ്ട്. ട്വിന്റി 20യാണോ എന്ന ചോദ്യമുണ്ട്. അങ്ങനെയൊരു ഉദ്ദേശ്യവുമില്ല' - ബോബി വ്യക്തമാക്കി.

'ഒരു ജീവകാരുണ്യ പ്രവർത്തകനായി നിലനിൽക്കുക എന്ന ലക്ഷ്യം മാത്രമേയുള്ളൂ. എന്റെ ജാതി ചോദിച്ചാൽ മനുഷ്യജാതി, മതം സ്‌നേഹമതം. എന്റെ ബിസിനസ് ലാഭത്തിന്റെ വിഹിതമുപയോഗിച്ചാണ് കാരുണ്യ പ്രവർത്തനം നടത്തുന്നത്. എന്റെ ട്രസ്റ്റ് ഒരു രൂപ പോലും പിരിക്കുന്നില്ല. ചാരിറ്റി ലക്ഷ്യമിട്ട് ഒരു ആപ്പ് രൂപീകരിച്ചിട്ടുണ്ട്. 25 വർഷത്തിനുള്ളിൽ നൂറു കോടിയോളം രൂപ ചാരിറ്റി മേഖലയിൽ ചെലവഴിച്ചിട്ടുണ്ട്.'- അദ്ദേഹം പറഞ്ഞു.

Tags:    

Similar News