മൈലേജ് കുറഞ്ഞു, സര്‍വീസ് ചെലവ് വര്‍ധിച്ചു; ഇ20 പെട്രോളില്‍ വലഞ്ഞെന്ന് വാഹനഉടമകള്‍

സര്‍വേ പ്രകാരം 66 ശതമാനം വാഹന ഉടമകളും ഇ20 പെട്രോള്‍ മൂലം മൈലേജ് കുറഞ്ഞെന്ന് സാക്ഷ്യപ്പെടുത്തി

Update: 2026-07-01 07:45 GMT

ന്യൂഡല്‍ഹി: എഥനോള്‍ ചേര്‍ത്ത പെട്രോള്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുവെന്ന് വാഹന ഉടമകള്‍. ഇതുമായി ബന്ധപ്പെട്ട് നടത്തിയ ഒരു സര്‍വേയിലാണ് ഇ20 പെട്രോളിന്റെ കുഴപ്പങ്ങള്‍ വാഹനഉടമകള്‍ ചൂണ്ടിക്കാട്ടിയത്. സിറ്റിസണ്‍ പ്ലാറ്റ്‌ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് ആണ് സര്‍വേ നടത്തിയത്.

സര്‍വേ പ്രകാരം 66 ശതമാനം വാഹന ഉടമകളും ഇ20 പെട്രോള്‍ മൂലം മൈലേജ് കുറഞ്ഞെന്ന് സാക്ഷ്യപ്പെടുത്തി. ഏറ്റവും കുറഞ്ഞത് 10 ശതമാനത്തിന്റെയെങ്കിലും മൈലേജ് നഷ്ടം തങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്നാണ് വാഹനഉടമകള്‍ സാക്ഷ്യപ്പെടുത്തുന്നത്.

വാഹനത്തിന്റെ സര്‍വീസ് ചെലവുകളും വര്‍ധിച്ചു. സര്‍വേയില്‍ പങ്കെടുത്ത 55 ശതമാനം പേരാണ് സര്‍വീസ് ചിലവ് വര്‍ധിച്ചെന്ന് പറഞ്ഞത്. ഇന്ത്യയിലെ 305 ജില്ലകളിലായി 44,000 പേരിലാണ് സര്‍വേ നടത്തിയത്. 2023ന് മുമ്പുള്ള പെട്രോള്‍ വാഹന ഉടമകളേയാണ് സര്‍വേക്കായി പരിഗണിച്ചത്.

2025 ഏപ്രിലോടെ ഇ20 പെട്രോള്‍ രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നിരുന്നു. ഇനി ഇ30 പെട്രോള്‍ രാജ്യവ്യാപകമായി കൊണ്ടു വരികയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം. തുടര്‍ന്ന് 85 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളും കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് അവതരിപ്പിക്കും. ഇതിനുള്ള കാലാവധിയും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് മൂലം എന്ത് ഫലമുണ്ടാകുമെന്ന് 2027ല്‍ മാത്രമേ അറിയാന്‍ സാധിക്കുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നു.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News