'ആരെങ്കിലും സ്വന്തം സഹോദരനെ വിട്ടുതരുമോ? തരില്ല, തരില്ല, തരില്ല'; പുതുപ്പള്ളിയിൽ വികാരപ്രകടനവുമായി പ്രവർത്തകർ
സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്
കോട്ടയം: ഉമ്മൻചാണ്ടിയെ ഒരിക്കലും നേമത്തേക്ക് വിട്ടു തരില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ. ഇക്കാര്യമാവശ്യപ്പെട്ട് പുതുപ്പള്ളിയുടെ ഉമ്മൻചാണ്ടിയുടെ വീടിനു മുമ്പിൽ വൻ പ്രതിഷേധം നടക്കുകയാണ്. സ്ത്രീകളും യുവാക്കളും അടങ്ങുന്ന വലിയ സംഘമാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
പ്രവർത്തരുടെ ആവശ്യം അറിയിച്ച് കോട്ടയം ഡിസിസി എഐസിസിക്ക് കത്തു നൽകി. ഒരു പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് നാടകീയ സംഭവങ്ങൾ.
'വിട്ടുതരില്ല. തരില്ല, തരില്ല, അങ്ങനെ ചോദിക്കുകയേ വേണ്ട. ഉമ്മൻചാണ്ടി സാറ് ഞങ്ങളുടെ ഓമന നേതാവാ. ഞങ്ങളുടെ പിതാവ്, ഞങ്ങളുടെ സഹോദരൻ, ഞങ്ങളുടെ അപ്പൻ... ആരെങ്കിലും വിട്ടു കൊടുക്ക്വോ? ആരെങ്കിലും സ്വന്തം സഹോദരനെയോ പിതാവിനെയോ വിട്ടു കൊടുത്ത ചരിത്രമുണ്ടോ? ഇല്ല, ഒരിക്കലുമില്ല. വിട്ടു കൊടുക്ക്വോന്നു പോലും ചോദിക്കരുത്. തരില്ല, തരില്ല, തരില്ല...'കോണ്‍ഗ്രസ് പ്രവർത്തക
ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ നിന്ന് മാറുന്ന സാഹചര്യമില്ലെന്ന് മുൻ മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉമ്മൻചാണ്ടിയെ നേമത്തിൽ തളച്ചിടരുത്. അദ്ദേഹം കുറച്ചു കൂടി ഫ്രീയാകണം. എല്ലാ മണ്ഡലത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം വേണം- ജോസഫ് കൂട്ടിച്ചേർത്തു.
അതിനിടെ, നേമത്ത് മത്സരിക്കാൻ തയ്യാറാണെന്ന് കെ. മുരളീധരൻ. മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ മത്സരിക്കുമെന്നും മുരളീധരൻ പറഞ്ഞു.
നേമത്ത് മത്സരിക്കാൻ ഉപാധികൾ വെക്കില്ല. ബി.ജെ.പിയെ ഭയമില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. വടകര സീറ്റ് ആർ.എം.പി കൊടുത്തു. കെ.കെ രമ തന്നെ മത്സരിക്കണമെന്ന് നിർബന്ധമില്ല. സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള അവകാശം ആർ.എം.പിക്കാണെന്നും മുരളീധരൻ പറഞ്ഞു.