സൗദിയിൽ ഇനി കാറിലിരുന്നും കോവിഡ് വാക്സിൻ സ്വീകരിക്കാം

വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Update: 2021-03-02 00:54 GMT

സൗദി അറേബ്യയിൽ ഇനി കാറിലിരുന്നും കോവിഡ് വാക്സിൻ സ്വീകരിക്കാം. വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

രാജ്യവ്യാപകമായി നിരവധി വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതിന് പിറകെയാണ്, ഇപ്പോൾ കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന രീതിക്ക് തുടക്കമായത്. ആദ്യ ഘട്ടത്തിൽ റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് പുതിയ രീതി ആരംഭിച്ചത്. വാക്‌സിനേഷൻ പദ്ധതി വളരെ വേഗത്തിൽ നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. സ്വിഹത്തി ആപ്ലിക്കേഷൻ വഴി മുഴുവൻ ആളുകളും വാക്‌സിൻ സ്വീകരിക്കുന്നതിനായി രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിച്ചു. ത്വാഇഫിൽ നേരത്തെ പ്രവർത്തിച്ചിരുന്ന വാക്‌സിൻ വിതരണ കേന്ദ്രത്തിന് പുറമെ പുതിയതായി 9 കേന്ദ്രങ്ങൾ കൂടി പ്രവർത്തനമാരംഭിച്ചു.

Advertising
Advertising

ആരോഗ്യ മുൻകരുതൽ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിനായി നടത്തി വരുന്ന ഫീൽഡ് പരിശോധനയിൽ ഒരാഴ്ചക്കിടെ 44,000 ത്തോളം നിയമ ലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പള്ളികൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിരോധന നടപടികളിൽ വീഴ്ച വരുത്തിയതിന് പള്ളി ഇമാമുമാരുൾപ്പെടെ 288 പള്ളി ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചു. പ്രാർത്ഥനക്കെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 12 പള്ളികൾ കൂടി ഇന്ന് താൽക്കാലികമായി അടച്ചിട്ടുണ്ട്. ഇതോടെ മൂന്നാഴ്ചക്കുള്ളിൽ 182 പള്ളികൾ അടക്കുകയും അതിൽ 168 എണ്ണം അണുനശീകരണത്തിന് ശേഷം തുറന്ന് കൊടുക്കുകയും ചെയ്തതായി ഇസ്‍ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

317 പുതിയ കോവിഡ് കേസുകളും 335 പേര്‍‌ക്ക് രോഗമുക്തിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തിന്‍റെ തുടർച്ചയായി ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. ഇതോടെ ഇത് വരെ 6500 പേർക്ക് ജീവൻ നഷ്ടമായതായും 3,77,700 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 3,68,640 പേർക്ക് രോഗം ഭേദമായി. ആക്ടീവ് കേസുകളിൽ കുറവ് രേഖപ്പെടുത്തിയെങ്കിലും അത്യാസന്ന നിലയിലുളളവരുടെ എണ്ണം 492 ആയി ഉയർന്നു.

Full View
Tags:    

Similar News