ബൗളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം മുതലാക്കാനാകാതെ കേരളം തകര്‍ന്നടിഞ്ഞു
തമിഴ്‌നാടിനെ 268 റണ്‍സിന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി കഴിയുമ്പോള്‍ 9ന് 151 എന്നനിലയില്‍ തകര്‍ന്നു
തമിഴ്‌നാടിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ബാറ്റിംങ് തകര്‍ച്ച. തമിഴ്‌നാടിനെ 268 റണ്‍സിന് പുറത്താക്കിയ കേരളം രണ്ടാംദിനം കളി കഴിയുമ്പോള്‍ 9ന് 151 എന്നനിലയില്‍ തകര്‍ന്നു. സിജോമോന്‍ ജോസഫും(28) സന്ദീപ് വാര്യരുമാണ്(0) ക്രീസില്‍.
രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിന്റെ ഒന്നാം ഇന്നിങ്‌സ് 268 റണ്‍സില്‍ അവസാനിപ്പിച്ച കേരളത്തിന് ബാറ്റിങ്ങ് തകര്‍ച്ച. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെന്ന നിലയിലാണ് കേരളം. അതായത് 117 റണ്‍സ് പിന്നില്‍. 28 റണ്‍സുമായി സിജോമോന്‍ ജോസഫും റണ്‍സൊന്നുമെടുക്കാതെ സന്ദീപ് വാര്യരുമാണ് ക്രീസില്‍.
പി. രാഹുലിന്റെ അര്‍ധസെഞ്ചുറിയാണ് കേരളത്തെ വന്‍തകര്‍ച്ചയില്‍നിന്നും രക്ഷിച്ചത്. 116 പന്തുകള്‍ നേരിട്ട രാഹുല്‍ അഞ്ചു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 59 റണ്‍സെടുത്താണ് പുറത്തായത്. മധ്യപ്രദേശിനെതിരെ സെഞ്ചുറി നേടി പൊരുതിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും(1) അക്ഷയ് ചന്ദ്രനും(14) അടക്കമുള്ള കേരള താരങ്ങള്‍ അമ്പേ നിരാശപ്പെടുത്തി. സഞ്ജു സാംസന് ഒമ്പത് റണ്‍ മാത്രമാണ് നേടാനായത്. തമിഴ്‌നാടിനായി ടി. നടരാജനും റഹീല്‍ ഷായും മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തമിഴ്‌നാട് 268 റണ്‍സിന് പുറത്തായിരുന്നു. ആറിന് 249 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ തമിഴ്‌നാടിന് 19 റണ്‍സ് കൂടി ചേര്‍ക്കുമ്പോഴേയ്ക്കും ശേഷിച്ച നാലു വിക്കറ്റും നഷ്ടമായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസ് ബോളര്‍ സന്ദീപ് വാരിയരും നാല് വിക്കറ്റ് നേടിയ ബേസില്‍ തമ്പിയുമാണ് തമിഴ്‌നാടിനെ പുറത്താക്കുന്നതില്‍ നിര്‍ണ്ണായകമായത്.
ഏഴാമനായിറങ്ങി 92 റണ്‍സുമായി പുറത്താകാതെ നിന്ന ഷാരൂഖ് ഖാനാണ് തമിഴ്‌നാടിന്റെ സ്‌കോര്‍ 250 കടത്തിയത്. ക്യാപ്റ്റന്‍ ഇന്ദ്രജിത്തും(87) തമിഴ്‌നാട് നിരയില്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു. ഷാരൂഖ് 155 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്‌സും സഹിതമാണ് 92 റണ്‍സെടുത്തത്. സന്ദീപ് വാരിയര്‍ 25 ഓവറില്‍ 52 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയപ്പോള്‍ ബേസില്‍ തമ്പി 62 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റ് സ്വന്തമാക്കിയത്.