ഏഴുവയസുകാരന്‍ കശ്മീരി പയ്യന്റെ ബൗളിംങ് കണ്ട് വോണ്‍ പോലും നമിച്ചു
ഈ ഏഴുവയസുകാരന്‍ എറിഞ്ഞ പന്ത് ഏകദേശം ഒന്നരമീറ്റര്‍ കുത്തിതിരിഞ്ഞ ശേഷമാണ് ബാറ്റ്‌സ്മാന്റെ വിക്കറ്റ് തെറിപ്പിച്ചത്. കശ്മീരി പയ്യന്റെ അത്ഭുത ബൗളിംങിന്റെ വീഡിയോ വോണ്‍ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു
24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ മൈക് ഗാറ്റിംങിന്റെ വിക്കറ്റ് തെറിപ്പിച്ച ഷെയ്ന്‍വോണിന്റെ പന്താണ് കഴിഞ്ഞ നൂറ്റാണ്ടിലെ പന്ത് എന്ന് വിശേഷിപ്പിക്കുന്നത്. ഷെയ്ന്‍വോണിന്റെ ബൗളിംങിലെ ടേണിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ പന്തെറിഞ്ഞാണ് ഏഴുവയസുകാരന്‍ ലോകത്തെ അമ്പരപ്പിക്കുന്നത്. ഒരു കശ്മീരി പയ്യന്റെ അസാധാരണ ബോളിനെ നൂറ്റാണ്ടിലെ പന്തെന്നാണ് സോഷ്യല്‍മീഡിയ വിശേഷിപ്പിക്കുന്നത്.
കഴിഞ്ഞ ജൂലൈയിലാണ് അഹ്മദ് എന്ന ഏഴുവയസുകാരന്‍ ഈ അത്ഭുത പന്തെറിഞ്ഞത്. കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ മുഫ്തി ഇഷ്‌ലാഹ് ഇത് ട്വീറ്റ് ചെയ്യുകയും ചെയ്തു. സാക്ഷാല്‍ ഷെയ്ന്‍വോണ്‍ തന്നെ കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് ഈ വീഡിയോ പങ്കുവെച്ചതോടെ കശ്മീരി പയ്യന്റെ നൂറ്റാണ്ടിലെ പന്ത് സോഷ്യല്‍മീഡിയയില്‍ തരംഗമായി.
ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ടെസ്റ്റിനിടെ രണ്ടാം ദിനത്തില്‍ മത്സരശേഷമുള്ള ചര്‍ച്ചക്കിടെ ഈ വീഡിയോ കാണിക്കുകയും ചെയ്തു. നിങ്ങളാണ് കഴിഞ്ഞ നൂറ്റാണ്ടിലെ പന്തെറിഞ്ഞത്. ഇത് ഈ നൂറ്റാണ്ടിലെ പന്താണോ ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനെനിക്ക് ഭാഗ്യമുണ്ടായി. ഈ പന്ത് അതിഗംഭീരവും സുന്ദരവുമാണെന്നായിരുന്നു നിറഞ്ഞ ചിരിയോടെ വോണ്‍ പ്രതികരിച്ചത്.