‘അത് മോശം ദിവസത്തെ മോശം തീരുമാനം’ പിഴവിനെ ന്യായീകരിച്ച് അമ്പയര്‍
വിന്‍ഡീസ് വിക്കറ്റ് ആഘോഷിക്കുന്നതിനിടെയാണ് അമ്പയര്‍ നോബോള്‍ വിളിച്ചത്. ഇതോടെ വിന്‍ഡീസിന്റെ വിക്കറ്റ് ബംഗ്ലാദേശിന് ഒരു റണ്ണും ഫ്രീഹിറ്റുമായി മാറി. ഫ്രീഹിറ്റില്‍ ബംഗ്ലാദേശ് സിക്‌സറടിക്കുകയും ചെയ്തു
വെസ്റ്റ് ഇന്‍ഡീസും ബംഗ്ലാദേശും തമ്മില്‍ നടന്ന മൂന്നാം ട്വന്റി20യില്‍ സംഭവിച്ച പിഴവിനെ ന്യായീകരിച്ച് അമ്പയര്‍ തന്‍വീര്‍ അഹമ്മദ്. മോശം ദിവസമായതിനാലാണ് അങ്ങനെയുണ്ടായതെന്നും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖമാണെന്നുമൊക്കെയായിരുന്നു അമ്പയറുടെ ന്യായീകരണം.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശ് പിന്തുടരുന്നതിനിടെയായിരുന്നു വിവാദസംഭവം. ബംഗ്ലാ ഓപണര്‍ ലിറ്റണ്‍ ദാസ് ചിപ്പ് ചെയ്ത പന്ത് മിഡ് ഓഫില്‍ പിടികൂടി. വിന്‍ഡീസ് താരങ്ങള്‍ വിക്കറ്റ് ആഘോഷിക്കുന്നതിനിടെയാണ് അമ്പയര്‍ നോബോള്‍ വിളിച്ചത്. ഇതോടെ വിന്‍ഡീസിന് അനുകൂലമായ വിക്കറ്റ് ബംഗ്ലാദേശിന് ഒരു റണ്ണും ഫ്രീഹിറ്റുമായി മാറി. ആ ഫ്രീ ഹിറ്റില്‍ ബംഗ്ലാദേശ് സിക്‌സറടിക്കുകയും ചെയ്തു.
നോബോളിനെ ചൊല്ലി വിന്‍ഡീസ് താരങ്ങള്‍ അമ്പയറുമായി തര്‍ക്കിക്കുന്നതിനിടെ റിപ്ലേ സ്‌ക്രീനില്‍ തെളിഞ്ഞു. അതില്‍ നോബോളല്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ തങ്ങള്‍ക്ക് റിവ്യു അനുവദിക്കണമെന്ന് ക്യാപ്റ്റന്‍ ബ്രാത്ത്‌വെയ്റ്റ് ആവശ്യപ്പെട്ടു. എന്നാല്‍ പത്തു മിനുറ്റ് നീണ്ട ചര്‍ച്ചക്കൊടുവില്‍ അമ്പയര്‍മാര്‍ വിന്‍ഡീസ് ക്യാപ്റ്റന്റെ ആവശ്യം തള്ളുകയാണുണ്ടായത്.
ബംഗ്ലാദേശ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്‍വീര്‍ അഹമ്മദ് സ്വയം ന്യായീകരിക്കുന്നത്. 'പന്തെറിയുമ്പോള്‍ ക്രീസിലെ വരയും കാലും വളരെയടുത്തായിരിക്കും. ഫാസ്റ്റ് ബൗളര്‍മാര്‍ എറിയുമ്പോള്‍ ഇത് കാണുക എളുപ്പമല്ല. മാത്രമല്ല ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതുമുഖവുമാണ്.
പിഴവ് വരുത്തിയ മുന്‍ചരിത്രം എനിക്കില്ല. മോശം ദിനത്തിലുണ്ടായ മോശം തീരുമാനമാണത്. ഞാന്‍ തിരിച്ചുവരും' എന്നായിരുന്നു ബംഗ്ലാദേശുകാരനായ തന്‍വീര്‍ അഹമ്മദിന്റെ വിശദീകരണം.
ബംഗ്ലാദേശിന് അനുകൂലമായി അമ്പയര്‍ കളിച്ചെന്ന ആരോപണം ഉയര്‍ന്നെങ്കിലും മത്സരം വെസ്റ്റ് ഇന്‍ഡീസ് 50 റണ്‍സിന് ജയിച്ചു.