ആ ഭാഗ്യം മായങ്ക് അഗര്‍വാളിന് മാത്രം
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയതോടെ ഇന്ത്യയുടെ പുതിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെത്തേടി ആ ഭാഗ്യവുമെത്തി.
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ അരങ്ങേറിയതോടെ ഇന്ത്യയുടെ പുതിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെത്തേടി ആ ഭാഗ്യവുമെത്തി. വിഖ്യാതമായ മെല്‍ബണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യന്‍ ഓപ്പണറെന്ന നേട്ടമാണ് അഗര്‍വാളിനെ തേടിയെത്തിയത്. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്ന 295ാമത്തെ കളിക്കാരനാണ് അഗര്‍വാള്‍. പക്ഷേ ആസ്‌ട്രേലിയന്‍ മണ്ണില്‍ അരങ്ങേറുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം മറ്റൊരാളുടെ പേരിലാണ്.
A special moment for @mayankcricket who is all set to make his debut at the MCG 📸🇮🇳👌🏻 #TeamIndia #AUSvIND pic.twitter.com/r0J0eD9rXz
— BCCI (@BCCI) December 25, 2018
1947-48 കാലത്ത് ആമിര്‍ ഇലാഹിയാണ് സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കായി അരങ്ങേറിയത്. അന്ന് ഇലാഹി 40ാമത്തെ താരമായിരുന്നു. ദുരന്തമായി മാറിയ മുരളി വിജയ്- ലോകേഷ് രാഹുല്‍ ഓപ്പണിങ് സഖ്യത്തെ പൊളിച്ചടുക്കിയാണ് ഇന്ത്യ പുതിയ ഓപ്പണര്‍മാരെ പരീക്ഷിക്കുന്നത്. ഹനുമ വിഹാരിയാണ് അഗര്‍വാളിന് കൂട്ടായി എത്തിയത്. കേളികേട്ട ആസ്‌ട്രേലിയന്‍ ബൗളിങ് നിരയെ ക്ഷമയോടെയാണ് അഗര്‍വാള്‍ നേരിടുന്നത്. ശ്രദ്ധിക്കപ്പെടുന്ന പ്രകടനം കാഴ്ചവെക്കാനായാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഈ 27കാരനെ വീണ്ടും കാണാനാവും.
അതേസമയം മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ കരുതലോടെയാണ് ഇന്ത്യയുടെ ബാറ്റിങ് പുരോഗമിക്കുന്നത്. എട്ട് റണ്‍സെടുത്ത ഹനുമ വിഹാരി പുറത്തായി. നാല് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും(1-1) എന്ന നിലയിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പരയില്‍ മുന്നിലെത്താനാവും.