രാഹുലും പാണ്ഡ്യയുമുള്ള ബസില്‍ പോലും യാത്ര ചെയ്യില്ലെന്ന് ഇന്ത്യന്‍ താരം
നിങ്ങള്‍ തന്നെ പറയൂ, നാളെ നിങ്ങള്‍ പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്കിടെ അവരെ കണ്ടുവെന്ന് കരുതുക, അവരോട് നിങ്ങള്‍ സംസാരിക്കാന്‍ തയാറാകുമോ ?
കരണ്‍ ജോഹറിന്‍റെ 'കോഫി വിത്ത് കരണ്‍' എന്ന ചാറ്റ് ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ നടപടി നേരിടുന്ന ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിങ്. പാണ്ഡ്യയും രാഹുലുമുള്ള ബസില്‍ പോലും താന്‍ യാത്ര ചെയ്യില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
''നിങ്ങള്‍ തന്നെ പറയൂ, നാളെ നിങ്ങള്‍ പങ്കെടുക്കുന്ന ഒരു പാര്‍ട്ടിക്കിടെ അവരെ കണ്ടുവെന്ന് കരുതുക, അവരോട് നിങ്ങള്‍ സംസാരിക്കാന്‍ തയാറാകുമോ ? ഞാന്‍ സംസാരിക്കില്ല. സത്യം പറഞ്ഞാല്‍, എന്‍റെ ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ രാഹുലും പാണ്ഡ്യയുമുള്ള ബസില്‍ പോലും ഞാന്‍ യാത്ര ചെയ്യില്ല. പാണ്ഡ്യയും രാഹുലും ചേര്‍ന്ന് ടീമിന്‍റെ മൊത്തം പ്രതിച്ഛായയ്ക്കാണ് കളങ്കം വരുത്തിയിരിക്കുന്നത്. ടീമില്‍ ഇന്നേവരെ ഇത്തരം മ്ലേച്ഛമായ സംസ്കാരം ആരുമുണ്ടാക്കിയിട്ടില്ല. രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിന്ന് അവരെ വിലക്കിയിട്ട് കാര്യമില്ല.
പുലര്‍ച്ചെ അഞ്ച് മണി വരെ പാര്‍ട്ടിയില്‍ ആഘോഷിക്കുന്നു. എന്നിട്ട് രാജ്യത്തിന് വേണ്ടി കളിക്കുന്നു. നിങ്ങളുടെ പ്രധാന കടമ രാജ്യത്തിന് വേണ്ടി ക്രിക്കറ്റ് കളിക്കുകയെന്നതാണെന്ന് മറക്കരുത്. ഇഷ്ടം പോലെ സമയം വെറുതെ കളയാനുള്ളപ്പോള്‍ നിങ്ങള്‍ ഇഷ്ടമുള്ളത് ചെയ്യൂ. പുലര്‍ച്ചെ അഞ്ച് മണി വരെ രാഹുല്‍ പുറത്തായിരുന്നത് എന്തു കൊണ്ട് അധികൃതര്‍ അന്വേഷിച്ചില്ലെന്നും'' ഹര്‍ഭജന്‍ ചോദിക്കുന്നു.