ഓവലിലും തകർത്തടുക്കി ഇന്ത്യ; 90 റണ്‍സിന്റെ ജയം

ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലാണ് ഇന്ത്യ

Update: 2019-01-26 10:47 GMT
Advertising

ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയം ആവർത്തിച്ച് ഇന്ത്യ. അർദ്ധ സെഞ്ച്വറി നേടിയ രോഹിത്തിന്റെയും ശിഖർ ധവാന്റെയും ബാറ്റിംഗ് മികവിൽ 324 റൺസെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ആഥിതേയർക്ക് 40.2 ഓവറില്‍ 234 റൺസെടുക്കാനേ സാധിച്ചുള്ളു. ഇതോടെ കിവികള്‍ക്കു മേല്‍ 90 റണ്‍സിന്റെ മിന്നുന്ന ജയം ഇന്ത്യ സ്വന്തമാക്കി. ബാറ്റു കൊണ്ടും ബോളു കൊണ്ടും കിവികൾക്കു മേൽ ഇന്ത്യൻ പട മേൽക്കെെ നേടിയപ്പോൾ, അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലെത്താൻ ടീമിനായി.

നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് കിവീസ് ബാറ്റിംഗിന്റെ നടുവൊടിച്ചത്. ഭുവനേശ്വർ കുമാറും യൂസ്‍വേന്ദ്ര ചഹാലും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, മുഹമ്മദ് ഷമി, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

കളി തുടങ്ങി നാലാമത്തെ ഓവറിൽ തന്നെ മാർട്ടിൻ ഗുപ്റ്റിലിനെ (15) പവലിയനിലേക്ക് മടക്കി അയച്ച ഭുവനേശ്വർ കുമാറാണ് വിക്കറ്റ് വീഴ്ച്ചക്ക് തുടക്കമിട്ടത്. ഇന്ത്യൻ ബൗളർമാരെ പ്രതിരോധിച്ച് ടീമിനെ മുന്നോട്ട് നയിക്കവേ, ക്യാപ്റ്റൻ കെയ്ൻ വില്യസിനെ (20) നഷ്ടമായത് ന്യൂസിലൻഡിന് കനത്ത തിരിച്ചടിയാവുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണു കൊണ്ടിരുന്നപ്പോൾ, ബ്രാക്ക്‍വെല്ലിനും (57) ടോം ലാഥനും (34) ഒഴികെ മറ്റാർക്കും ന്യൂസിലൻഡ് ബാറ്റിംഗിൽ തിളങ്ങാനായില്ല.

നേരത്തെ, ആഥിതേയ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച രോഹിത്തിന്റെ നേതൃത്വത്തിലുള്ള ബാറ്റിംഗ് പട, നിശ്ചിത ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 324 റൺസെടുത്തത്. അർദ്ധ ശതകം നേടിയ ശിഖർ ധവാനും (66) കുറഞ്ഞ റൺസകലെ സെഞ്ച്വറി നഷ്ടമായ രോഹിത്ത് ശർമ്മയും (87) ചേർന്ന് മികച്ച ഓപ്പണിംഗ് കുട്ടു കെട്ടാണ് ഉയർത്തിയത്. തുടർന്നെത്തിയ നായകൻ വിരാട് കോഹ്‍ലിയും (43) അമ്പാട്ടി റായിഡുവും (47) ക്രീസിൽ ഉറച്ചു നിന്നതോടെ, റണ്‍ ഒഴുക്ക് തടയാന്‍ ന്യൂസിലാൻഡ് ബൗളർമാർക്ക് ഏറെ വിയർക്കേണ്ടി വന്നു. ധവാനെയും കോഹ്‍ലിയേയും ട്രെന്റ് ബൗൾട്ട് മടക്കി അയച്ചപ്പോൾ, രോഹിത്തിനെയും അമ്പാട്ടി റായിഡുവിനെയും ലോക്ക് ഫെർഗൂസൻ പുറത്താക്കി. അവസാന ഓവറുകളിൽ അടിച്ചു തകർത്ത എം.എസ് ധോണിയും (48) കേദാർ ജാദവും (22) ആണ് ഇന്ത്യൻ സ്കോർ മുന്നൂറ് കടത്തിയത്.

28ന് തിങ്കളാഴ്ച്ചയാണ് ന്യൂസിലാൻഡിനെതിരായ മൂന്നാം മത്സരം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ എട്ടു വിക്കറ്റിന് തകർത്ത ഇന്ത്യ, ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-0ന് മുന്നിലാണ്.

Tags:    

Similar News