ബാറ്റിങ് ഫോമിലായപ്പോള്‍ ബോളിങില്‍ പരാജയം; കഷ്ടകാലം തീരാതെ ചെന്നൈ

കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ വിധി നിര്‍ണയിച്ചത് ബാറ്റിങിലെ പരാജയമായിരുന്നു.

Update: 2021-04-11 07:28 GMT

കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിനു ശേഷം ഇത്തവണ ചെന്നൈ ഇറങ്ങിയത് കഴിഞ്ഞ സീസണിലെ മുറിവുണക്കാനാണ്. പക്ഷേ ആദ്യ മത്സരത്തിൽ തന്നെ കണക്കുകൂട്ടലുകൾ പിഴച്ചിരിക്കുകയാണ് അവർക്ക്. കഴിഞ്ഞ സീസണിൽ ചെന്നൈയുടെ ദയനീയ പ്രകടനത്തിന് കാരണം ബാറ്റിങ് നിരയുടെ പരാജയമായിരുന്നു. ഡു പ്ലെസിസും സാം കറനും ജഡേജയുമൊഴികെ മറ്റാർക്കും തിളങ്ങാനായില്ല.

എല്ലാവരും പതിഞ്ഞ താളത്തിലായിരുന്നു കഴിഞ്ഞ തവണ ബാറ്റ് വീശിയത്. അതുകൊണ്ടു തന്നെ പലപ്പോഴും ചെറിയ ടോട്ടലുകൾ പിന്തുടരാനാകാതെ ചെന്നൈ വീണു പോയിരുന്നു. പക്ഷേ അപ്പോഴും ബോളിങ് ഡിപാർട്ട്‌മെന്റ് സ്‌ട്രോങ്ങായിരുന്നു. അച്ചടക്കത്തോടെ പന്തെറിയാൻ അവർക്ക് സാധിച്ചിരുന്നു.

Advertising
Advertising

അതുകൊണ്ടു തന്നെ കൃത്യമായ ഗൃഹപാഠം ചെയ്താണ് ചെന്നൈയുടെ ബാറ്റിങ് നിര ഈ സീസണിൽ ഇറങ്ങിയത്. റോബിന്‍ ഉത്തപ്പയെ ടീമിലെത്തിച്ചതും അതിന്‍റെ ഭാഗമായിരുന്നു. ബാറ്റിങ്ങിൽ ചെറിയ പോരായ്മകൾ ഉണ്ടായെങ്കിലും കൃത്യമായി അവരുടെ ഗെയിം പ്ലാൻ ആദ്യമത്സരത്തിൽ അവതരിപ്പിച്ചു.

ഡു പ്ലെസിസും ധോണിയും പൂജ്യത്തിന് വീണെങ്കിലും ബാക്കിയുള്ളവർ മികച്ച രീതിയിൽ ബാറ്റു വീശിയതോടെ 188 എന്ന ടോട്ടലിലേക്ക് എത്തിക്കാൻ അവർക്കായി. പക്ഷേ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം കാഴ്ച വച്ച ജഡേജയും താക്കൂരും ചഹറും അടങ്ങുന്ന ബോളിങ് നിര ഇത്തവണ ചെന്നൈയെ ചതിച്ചു. റൺസ് വിട്ടുകൊടുക്കുന്നതിൽ യാതൊരു പിശുക്കും കാണിക്കാതെ ഇരുന്ന ബോളർമാർ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നേടാനും മറന്നുപോയി.

അതുകൊണ്ടാണ് ശക്തമായ ബാറ്റിങ് നിര അല്ലാതിരുന്നിട്ടും ഡൽഹി ചെന്നൈക്കെതിരേ ഏഴു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. വിക്കറ്റ് വീഴ്ത്തിയെങ്കിലും താക്കൂർ 3.4 ഓവറിൽ 54 റൺസാണ് വിട്ടുകൊടുത്തത്. ബ്രാവോ മാത്രമാണ് പിന്നെയും ഭേദപ്പെട്ട രീതിയിൽ പന്തെറിഞ്ഞത്. നാലോവറിൽ 28 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് ബ്രാവോ വീഴ്ത്തി. ബാക്കിയുള്ള എല്ലാവരും കണക്കിന് വാങ്ങി. മാത്രമല്ല ഫീൽഡർമാർ ക്യാച്ച് എടുക്കുന്നതിലും പരാജയപ്പെട്ടതോടെ ചെന്നൈ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ സ്‌കോർ 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി മറികടന്നു.

ലീഗിലെ ആദ്യ മത്സരമാണെങ്കിലും ചെന്നൈയെ സംബന്ധിച്ചിടത്തോളം തിരിച്ചുവരവിനുള്ള ഒരു സീസണാണിത്. അതുകൊണ്ടു തന്നെ ബോളിങിലെ പോരായ്മകൾ പരിഹരിക്കേണ്ടത് ചെന്നൈയ്ക്ക് എത്രയും പെട്ടെന്ന് പരിഹരിക്കണം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Writer - Nidhin Damodharan

contributor

Editor - Nidhin Damodharan

contributor

Similar News