'ക്രിക്കറ്റ് ഞങ്ങളുടെ ഏക പ്രതീക്ഷ, ഒരേയൊരു സന്തോഷം; അതും ഇല്ലാതാക്കരുത്'- ആസ്‌ട്രേലിയയ്‌ക്കെതിരെ അഫ്ഗാൻ താരങ്ങൾ

താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി അഫ്ഗാനിസ്താനുമായുള്ള ഏകദിന പരമ്പര ക്രിക്കറ്റ് ആസ്‌ട്രേലിയ റദ്ദാക്കിയിരുന്നു

Update: 2023-01-13 07:15 GMT
Editor : Shaheer | By : Web Desk
Advertising

കാബൂൾ: താലിബാൻ ഭരണകൂടത്തിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് ഏകദിന പരമ്പര റദ്ദാക്കിയ ആസ്‌ട്രേലിയൻ ക്രിക്കറ്റ് നടപടിക്കെതിരെ വിമർശനവുമായി അഫ്ഗാനിസ്താൻ താരങ്ങൾ. സൂപ്പർ താരം റാഷിദ് ഖാൻ അടക്കമുള്ള അഫ്ഗാൻ താരങ്ങളാണ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയത്. രാജ്യത്തിന്റെ ഏക പ്രതീക്ഷയും സന്തോഷവുമാണ് ക്രിക്കറ്റെന്ന് താരങ്ങൾ ചൂണ്ടിക്കാട്ടി. ആസ്‌ട്രേലിയൻ ടി20 ടൂർണമെന്റായ ബിഗ് ബാഷ് ലീഗിൽ(ബി.ബി.എൽ) നിന്ന് പിന്മാറുന്നതടക്കം ആലോചിക്കുമെന്നും താരങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരുമാനം പിൻവലിക്കണമെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ്(എ.സി.ബി) ആവശ്യപ്പെട്ടു. അപ്രതീക്ഷിതവും ന്യായരഹിതവുമായ നടപടിയായി ഇത്. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ തീരുമാനം തീർത്തും നിരാശപ്പെടുത്തി. ഇക്കാര്യത്തിൽ ഐ.സി.സിക്ക് ഔദ്യോഗികമായി കത്തെഴുതുമെന്നും എ.സി.ബി അറിയിച്ചു.

മാർച്ചിൽ ഞങ്ങൾക്കെതിരായ പരമ്പരയിൽനിന്ന് ആസ്‌ട്രേലിയ പിന്മാറി എന്ന വിവരം വളരെ നിരാശയോടെയാണ് കേട്ടത്. എന്റെ രാജ്യത്തെ അഭിമാനത്തോടോ പ്രതിനിധീകരിക്കുന്നയാളാണ് ഞാൻ. ലോകതലത്തിൽ ഞങ്ങൾ ഏറെ കുതിപ്പുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ തീരുമാനം ഈ യാത്രയിൽ തിരിച്ചടിയാകും-റാഷിദ് ഖാൻ ട്വീറ്റ് ചെയ്തു.

അഫ്ഗാനിസ്താനെതിരെ കളിക്കുന്നതിൽ ആസ്‌ട്രേലിയയ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ബി.ബി.എല്ലിൽ എന്റെ സാന്നിധ്യം കൊണ്ട് ആരെയും അസ്വസ്ഥപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം സൂചിപ്പിച്ചു. ടൂർണമെന്റിൽ തുടരുന്ന കാര്യം കാര്യമായി ആലോചിക്കുകയാണ്. രാജ്യത്തിന്റെ ഏക പ്രതീക്ഷയാണ് ക്രിക്കറ്റ്. രാഷ്ട്രീയം പുറത്തുനിർത്തണമെന്നും റാഷിദ് ഖാൻ ആവശ്യപ്പെട്ടു. രാജ്യാന്തര തലത്തിൽ ഏറ്റവും മൂല്യമുള്ള ടി20 താരങ്ങളിലൊരാളാണ് റാഷിദ്. ബിഗ് ബാഷിൽ പൊന്നുംവിലയുള്ള താരം കൂടിയാണ്.

ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ തീരുമാനം ഞെട്ടിപ്പിച്ചെന്ന് അഫ്ഗാൻ ബാറ്റർ നജീബ് സദ്‌റാൻ പ്രതികരിച്ചു. സ്‌പോർട്‌സും രാഷ്ട്രീയവും വ്യത്യസ്തകാര്യങ്ങളാണ്. രാഷ്ട്രീയം കാരണം കായികരംഗത്തിന് നഷ്ടമുണ്ടാകരുതെന്നും താരം ആവശ്യപ്പെട്ടു. ഈ കുട്ടിക്കളി പോലെയുള്ള തീരുമാനങ്ങളിൽനിന്ന് പിൻവാങ്ങുംവരെ ബിഗ് ബാഷിൽ കളിക്കില്ലെന്ന് അഫ്ഗാൻ പേസർ നവീനുൽ ഹഖ് വ്യക്തമാക്കി. ഒരു രാജ്യം വളരെയേറെ (കഷ്ടപ്പാടിലൂടെ) കടന്നുപോകുമ്പോൾ അവരുടെ സന്തോഷത്തിന്റെ ഒരേയൊരു കാരണവും ഇല്ലാതാക്കുകയാണ് നിങ്ങളെന്നും താരം കുറ്റപ്പെടുത്തി.

ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തരുതെന്ന് അഫ്ഗാൻ ബാറ്റർ റഹ്മാനുല്ല ഗുർബാസ് ആവശ്യപ്പെട്ടു. ഈ ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടത്തിൽ ലോകം അഫ്ഗാനിസ്താനെ പിന്തുണയ്ക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്. അപ്പോഴാണ് ഞങ്ങളുടെ ഏക സന്തോഷവും എടുത്തുകളയുന്നത്. ഇത് ഞെട്ടിപ്പിക്കുന്നതാണെന്നും ഗുർബാസ് പറഞ്ഞു.

താലിബാൻ നയവും ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ പിന്മാറ്റവും

താലിബാൻ ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു അഫ്ഗാനിസ്താൻ ടീമുമായുള്ള ഏകദിന പരമ്പരയിൽനിന്ന് ആസ്ട്രേലിയ പിന്മാറിയത്. സ്ത്രീവിദ്യാഭ്യാസവും തൊഴിലും നിയന്ത്രിച്ചുകൊണ്ടുള്ള അഫ്ഗാൻ ഭരണകൂടത്തിന്റെ പുതിയ തീരുമാനത്തിനു പിന്നാലെയാണ് നടപടി. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലായ ഐ.സി.സിയും വിഷയത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അടുത്ത മാർച്ചിലാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ടീം അഫ്ഗാനിസ്താനുമായി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര കളിക്കാനിരുന്നത്. യു.എ.ഇയാണ് പരമ്പരയ്ക്ക് വേദിയാകേണ്ടിയിരുന്നത്. എന്നാൽ, ഐ.സി.സിയുടെ മുന്നറിയിപ്പുകൾക്കു പിറകെയും സ്ത്രീ വിദ്യാഭ്യാസ-തൊഴിൽ വിഷയത്തിൽ താലിബാൻ കടുത്ത നിലപാട് സ്വീകരിക്കുന്നത് തുടർന്നതോടെയാണ് പരമ്പരയിൽനിന്ന് പിന്മാറാൻ ക്രിക്കറ്റ് ആസ്ട്രേലിയ തീരുമാനിച്ചത്.

'അഫ്ഗാനിസ്താൻ അടക്കം ആഗോളതലത്തിൽ പുരുഷ-വനിതാ ക്രിക്കറ്റിന്റെ വളർച്ചയെ പിന്തുണയ്ക്കാൻ ക്രിക്കറ്റ് ആസ്ട്രേലിയ പ്രതിജ്ഞാബദ്ധമാണ്. ഭാവിയിൽ രാജ്യത്ത് (മുതിർന്ന) വനിതകൾക്കും പെൺകുട്ടികൾക്കും കൂടുതൽ മെച്ചപ്പെട്ട സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷയിൽ അഫ്ഗാൻ ക്രിക്കറ്റ് ബോർഡുമായി ബന്ധം തുടരുകയും ചെയ്യും. ഇക്കാര്യത്തിൽ ആസ്ട്രേലിലൻ സർക്കാരിനോട് നന്ദി അറിയിക്കുകയാണ്.'-ക്രിക്കറ്റ് ആസ്ട്രേലിയ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി.

ഐ.സി.സിയുടെ ആശങ്ക

അഫ്ഗാനിസ്താനിലെ പുതിയ സംഭവവികാസങ്ങൾ ഉത്കണ്ഠയുളവാക്കുന്നതാണെന്ന് ഐ.സി.സി സി.ഇ.ഒ ജിയോഫ് അലർഡൈസും പ്രതികരിച്ചു. എന്നാൽ, നിലവിൽ നടപടിയെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 'ഭരണമാറ്റം തൊട്ട് സ്ഥിതിഗതികൾ ബോർഡ് നിരീക്ഷിച്ചുവരുന്നുണ്ട്. അഫ്ഗാനിസ്താനിൽ പുരോഗതിയൊന്നുമില്ലെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണ്. മാർച്ചിൽ നടക്കുന്ന ബോർഡ് യോഗത്തിൽ വിഷയം ചർച്ച ചെയ്യും.'-ജിയോഫ് പറഞ്ഞു.

വനിതാ ക്രിക്കറ്റ് ടീമില്ലാത്ത ഒരേയൊരു ഐ.സി.സി പൂർണാംഗമാണ് അഫ്ഗാനിസ്താൻ. അതിനാൽ, ശനിയാഴ്ച ആരംഭിക്കാനിരിക്കുന്ന പ്രഥമ അണ്ടർ 19 ടി20 വനിതാ ലോകകപ്പിൽ അഫ്ഗാന് ടീമുണ്ടാകില്ല. നേരത്തെ, വനിതാ ക്രിക്കറ്റിന് താലിബാൻ ഭരണകൂടം പച്ചക്കൊടി കാണിച്ചതായി ഐ.സി.സി അറിയിച്ചിരുന്നു. താലിബാൻ ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ കഴിഞ്ഞ നവംബറിലാണ് ഇക്കാര്യത്തിൽ ഐ.സി.സി വിശദീകരണം വന്നത്. എന്നാൽ, ഇതിനുശേഷവും രാജ്യത്തിനൊരു ക്രിക്കറ്റ് ടീം നിലവിൽ വന്നിട്ടില്ല.

അഫ്ഗാനിലെ ക്രിക്കറ്റ് സാഹചര്യങ്ങൾ വിലയിരുത്താൻ ഐ.സി.സി വർക്കിങ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. സംഘാംഗങ്ങൾ ഖത്തർ തലസ്ഥാനമായ ദോഹയിൽ വച്ച് താലിബാൻ പ്രതിനിധികളുമായും അഫ്ഗാൻ ക്രിക്കറ്റ് ബോർഡ്(എ.സി.ബി) അംഗങ്ങളുമായും പലതവണ ചർച്ച നടത്തുകയും ചെയ്തു. ഇതിലാണ് ഐ.സി.സി ഭരണഘടനയെ പൂർണമായി അംഗീകരിക്കുമെന്ന് താലിബാൻ അറിയിച്ചത്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ ഇടപെടില്ലെന്നും സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. താലിബാൻ ഭരണം പിടിച്ചതിനു പിന്നാലെ അഫ്ഗാനിസ്താനിൽ വനിതാ ക്രിക്കറ്റ് നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.

Summary: Afghanistan cricket players including Rashid Khan criticizes Cricket Australia decision to pull out of Afghanistan series and warns to pull out of BBL

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News