സാമ്പത്തിക പ്രതിസന്ധി; ബി.സി.സി.ഐയുടെ ജഴ്സി സ്‌പോൺസർഷിപ്പിൽനിന്ന് ബൈജൂസ് പിന്മാറുന്നു

2023 അവസാനം വരെയുള്ള കരാർ മാർച്ചിൽ തന്നെ അവസാനിപ്പിക്കാനാണ് ബൈജൂസ് നീക്കം

Update: 2022-12-17 12:08 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിക്കിടെ ബി.സി.സി.ഐയുമായുള്ള കരാറിൽനിന്ന് ബൈജൂസ് പിന്മാറുന്നു. ജഴ്‌സി സ്‌പോൺസർഷിപ്പിൽനിന്നാണ് കമ്പനി പിന്മാറ്റത്തിനൊരുങ്ങുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടിയെന്നാണ് അറിയുന്നത്.

ഇക്കാര്യം ബൈജൂസ് ബി.സി.സി.ഐയെ അറിയിച്ചതായി 'എക്‌ണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു. 2023 അവസാനം വരെയാണ് ബൈജൂസ് ബി.സി.സി.ഐയുമായി ജഴ്‌സി സ്‌പോൺസർഷിപ്പ് കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. എന്നാൽ, അടുത്ത വർഷം മാർച്ചോടെ തന്നെ കരാറിൽനിന്ന് പിൻവാങ്ങാനാണ് കമ്പനി ആലോചിക്കുന്നത്.

2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് 150 ശതമാനം കുത്തനെ ഉയർന്നിരുന്നു. 899 കോടിയിൽനിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയർന്നത്. എന്നാൽ, വരുമാനത്തിൽ വെറും നാല് ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. വാർഷിക വരുമാനം 2,280 ആയിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 17 ഇരട്ടിയായിരുന്നു നഷ്ടത്തിന്റെ തോത്. ഇതിനു പിന്നാലെ തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിട്ട് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു ബൈജൂസിന്റെ നീക്കം.

ബി.സി.സി.ഐയുടെ ജഴ്‌സി സ്‌പോൺസർഷിപ്പിനു പുറമെ ഖത്തർ ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോൺസർമാരിലും ബൈജൂസുണ്ട്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെയും ഔദ്യോഗിക സ്‌പോൺസറാണ് ബൈജൂസ്. 330 കോടി രൂപയാണ് ലോകകപ്പ് സ്‌പോൺസർഷിപ്പ് ഇനത്തിൽ ബൈജൂസിന് ഫിഫയ്ക്ക് നൽകുന്നത്.

Summary: Byju's seeks to exit its jersey sponsorship deal with the Board of Control for Cricket in India (BCCI) as the company looks to rationalize its media expenditure

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News