വാർണർ 'ചെന്നൈ ജഴ്‌സിയിൽ'; ഹൈദരാബാദ് ആരാധകർക്ക് നിരാശ

അടുത്ത വർഷം നടക്കുന്ന മെഗാ ലേലത്തിൽ മുന്‍ നായകന്‍ ഡേവിഡ് വാർണറെ ഹൈദരാബാദ് നിലനിർത്തില്ലെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം

Update: 2021-10-16 10:55 GMT
Editor : Shaheer | By : Web Desk
Advertising

ഐപിഎൽ പതിനാലാം സീസണിന്റെ കലാശപ്പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് മുൻ നായകൻ ഡേവിഡ് വാർണർ ചെന്നൈ സൂപ്പർ കിങ്‌സിന് പരസ്യമായി പിന്തുണയറിയിച്ചിരുന്നു. മകൾക്കൊപ്പം ചെന്നൈ ജഴ്‌സി ധരിച്ച ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചായിരുന്നു താരത്തിന്റെ പിന്തുണ. എന്നാൽ, മിനിറ്റുകൾക്കകം വാർണർ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു.

ഇന്നത്തെ മത്സരത്തിൽ ആര് ജയിക്കുമെന്നറിയില്ല. എന്നാൽ, ഈ ഫോട്ടോ പോസ്റ്റ് ചെയ്യാൻ പറഞ്ഞ ആരാധികയോട് എനിക്ക് പറ്റില്ലെന്ന് പറയാൻ കഴിഞ്ഞില്ലെന്ന കുറിപ്പോടെയാണ് വാർണർ മകളെ തോളിലിരുത്തിയ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ചെന്നൈ ആരാധികയായ മകൾ എഡിറ്റ് ചെയ്ത ചിത്രമായിരുന്നു ഇത്. എന്നാൽ, പോസ്റ്റിട്ട് മിനിറ്റുകൾക്കം വാർണർ പിൻവലിക്കുകയും ചെയ്തു. ഹൈദരാബാദ് ആരാധകരുടെ കടുത്ത എതിർപ്പിനെ തുടർന്നായിരുന്നു ഇത്. പിന്നീട് ഹൈദരാബാദ് ജഴ്‌സിയിലുള്ള ഒറിജിനൽ ചിത്രം മാറ്റി പങ്കുവയ്ക്കുകയും ചെയ്തു. ഇതാണ് യഥാർത്ഥ ചിത്രമെന്നും ഒരുപാടാളുകൾ(ആദ്യ പോസ്റ്റിന്) അസ്വസ്തരായെന്നും വിശദീകരണ കുറിപ്പിടുകയും ചെയ്തു.

സൺറൈസേഴ്‌സ് ഹൈദരാബാദ് മുൻ നായകൻ ഡെവിഡ് വാർണറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ആരാധകർ കടുത്ത നിരാശയിലാണിപ്പോൾ. ടീം ക്യാപ്റ്റൻസിയിൽനിന്ന് മാറ്റിനിർത്തിയതിനു പിറകെ ടീമിന്റെ അന്തിമ ഇലവനിൽ പോലും ഓസീസ് താരത്തിന് ഇത്തവണ ഭൂരിഭാഗം മത്സരങ്ങളിലും ഇടംലഭിച്ചിരുന്നില്ല. പലപ്പോഴും ഗ്രൗണ്ടിൽ 'വാട്ടർ ബോയി'യുടെ വേഷത്തിലും വാർണറെ കാണാനായി. ദീർഘകാലമായി ടീമിനെ മുന്നിൽനിന്നു നയിച്ച താരത്തിന് ഇത്തരമൊരു ഗതിവരുന്നത് ആരാധകർക്ക് ഒട്ടും സഹിക്കാവുന്നതായിരുന്നില്ല. അവസാന മത്സരങ്ങൡ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്തുകയും ചെയ്തിരുന്നില്ല വാർണർ. പകരം ഹോട്ടലിൽ തന്നെ തങ്ങുകയായിരുന്നു.

ഇതോടെ താരം ഹൈദരാബാദ് വിടുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ സജീവമായിരിക്കുകയാണ്. അടുത്ത വർഷം നടക്കുന്ന മെഗാ ലേലത്തിൽ വാർണറെ ഹൈദരാബാദ് നിലനിർത്തില്ലെന്നാണ് കേൾക്കുന്നത്. അങ്ങനെയാണെങ്കിൽ അടുത്ത സീസൺ മുതൽ ഐപിഎല്ലിൽ പുതുതായി വരുന്ന ടീമുകൾ താരത്തിൽ നോട്ടമിടുമെന്നുറപ്പാണ്. അതിലേറെ പ്രധാനപ്പെട്ട കാര്യം എംഎസ് ധോണിക്ക് പകരക്കാരനായി വാർണർ ചെന്നൈയെ നയിക്കാനെത്തിയേക്കാമെന്ന തരത്തിലും പ്രചാരണമുണ്ട്. ഇതിനിടയിലാണ്, ഫൈനലിൽ ചെന്നൈക്ക് പിന്തുണയുമായി താരം സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. മത്സരശേഷം ചെന്നൈയെ അഭിനന്ദിച്ചും താരം ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈയെയും ധോണിയെയും പ്രശംസിച്ചായിരുന്നു വാര്‍ണറുടെ ട്വീറ്റ്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News