ഇതെന്തൊരു സിക്‌സർ! സ്കൈ-ഡി.കെ ബ്രില്യൻസിൽ അമ്പരന്ന് ആരാധകർ

നായകൻ രോഹിത് ശർമ ഒഴികെയുള്ള മുൻനിര താരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോഴാണ് അവസാന ഓവറുകളിലെ മിന്നൽ പ്രകടനത്തിലൂടെ കാർത്തിക് ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചത്

Update: 2022-07-30 09:19 GMT
Editor : Shaheer | By : Web Desk
Advertising

ട്രിനിഡാഡ്: വെസ്റ്റിൻഡീസിനെതിരായ ആദ്യ ടി20 മത്സരത്തിൽ ഇന്ത്യ നേടിയ 68ന്റെ കൂറ്റൻ ജയത്തിൽ നിർണായക ഇന്നിങ്‌സാണ് വെറ്ററൻ താരം ദിനേശ് കാർത്തിക് കളിച്ചത്. നായകൻ രോഹിത് ശർമ ഒഴികെയുള്ള മുൻനിര താരങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി കൂടാരം കയറിയപ്പോഴാണ് അവസാന ഓവറുകളിലെ മിന്നൽ പ്രകടനത്തിലൂടെ കാർത്തിക്(19 പന്തിൽ പുറത്താകാതെ 41) ഇന്ത്യൻ സ്‌കോർ 190 എന്ന ശക്തമായ നിലയിലെത്തിച്ചത്. അർധസെഞ്ച്വറി നേടിയ രോഹിതിന് പകരം കളിയിലെ താരമായതും കാർത്തിക് തന്നെ.

മത്സരത്തില്‍ കാര്‍ത്തിക്കിന്‍റെയും സൂര്യ കുമാര്‍ യാദവിന്‍റെയും അസാധാരണ ഷോട്ടുകളെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. ക്രിക്കറ്റ് പുസ്തകത്തിലൊന്നും കാണാത്ത ഷോട്ടുകളുമായാണ് സൂര്യയും കാര്‍ത്തിക്കും വിൻഡീസ് ബൗളിങ് ആക്രമണത്തിന്റെ മുനയൊടിച്ചത്. സ്‌കൂപ്പ് ഷോട്ടും ഹെലികോപ്ടർ ഷോട്ടും ചേർത്തുവച്ച് ഫൈൻ ലെഗിനു മുകളിലൂടെ സൂര്യ പറത്തിയ ഷോട്ടാണ് അതിലൊന്ന്. സ്വിച്ച് ഹിറ്റിന് ശ്രമിച്ച് പാളിയിട്ടും ഡീപ് ഫൈൻ ലെഗിലേക്ക് കാര്‍ത്തിക് തൊടുത്തുവിട്ട ബൗണ്ടറിയാണ് മറ്റൊരു ഷോട്ട്.

പതിവ് സ്ഥാനത്തിൽനിന്നു മാറി രോഹിതിനൊപ്പം ഓപണറായായിരുന്നു ഇന്നലെ സൂര്യകുമാർ ഇറങ്ങിയത്. പുതിയ സ്ഥാനത്തിലും മികച്ച തുടക്കമായിരുന്നു താരത്തിന്റേത്. തുടരെ വിൻഡീസ് ബൗളർമാരെ ബൗണ്ടറിക്കു വെളിയിലേക്ക് പറത്തി മികച്ച തുടക്കമാണ് സൂര്യ ഇന്ത്യയ്ക്ക് സമ്മാനിച്ചത്. 16 പന്തിൽ ഒരു സിക്‌സും മൂന്നു ബൗണ്ടറിയുമായി 24 റൺസെടുത്ത് അപകടകാരിയാകുമെന്നു തോന്നിപ്പിച്ച ഘട്ടത്തിൽ അകീൽ ഹുസൈനാണ് വിൻഡീസിന് ബ്രേക്ക്ത്രൂ നൽകിയത്.

അതേസമയം, ഫിനിഷിങ് റോൾ ഏറെ ആസ്വദിക്കുന്നുണ്ടെന്നാണ് മത്സരശേഷം ഡി.കെ പ്രതികരിച്ചത്. സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാവുന്ന ഒരു റോളല്ല ഇതെന്നും എന്നാൽ ചില ദിവസങ്ങളിൽ ടീമിന്റെ വിജയത്തിൽ നിർണായകമാകാവുന്ന ഇന്നിങ്‌സ് കളിക്കാനാകുമെന്നും കാർത്തിക് പറഞ്ഞു. ഇത്തരമൊരു റോൾ വിജയിക്കാൻ ക്യാപ്റ്റന്റെയും കോച്ചിന്റെയും വലിയ പിന്തുണ വേണം. അതിപ്പോൾ തനിക്ക് നന്നായി കിട്ടുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

വെസ്റ്റിൻഡീസിൻറെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകർന്നടിഞ്ഞപ്പോൾ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസിന് 122 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. 44 പന്തിൽ ഏഴ് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 64 റൺസെടുത്ത് നായകൻ രോഹിത് ശർമയാണ് ഇന്ത്യൻ നിരയിൽ ടോപ്‌സ്‌കോററായത്. കാർത്തിക് നാല് ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് 41 റൺസെടുത്തത്. രവി ബിഷ്‌ണോയി, രവിചന്ദ്രൻ അശ്വിൻ, അർശ്ദീപ് സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി വിൻഡീസിനെ ചെറിയ സ്‌കോറിലേക്ക് ചുരുട്ടിക്കെട്ടി.

Summary: Fans are surprised by unorthodox shots of Dinesh Karthik and Suryakumar Yadav in the first T20I against West Indies

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News