'ടീമിലെ സ്ഥാനത്തെക്കുറിച്ചോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട'; ആത്മവിശ്വാസമേകി രോഹിത്

രോഹിതിനുകീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 12-ാം ട്വന്‍റി 20 മത്സരത്തിലാണ് ജയിക്കുന്നത്

Update: 2022-02-28 05:49 GMT
Advertising

ശ്രീലങ്കക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ കളിക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന വാക്കുകളുമായി നായകന്‍ രോഹിത് ശര്‍മ. ഒന്നോ രണ്ടോ കളിയിലെ മോശം പ്രകടനം മൂലം ആരും പുറത്തിരിക്കേണ്ടി വരില്ലെന്നും ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും രോഹിത് പറഞ്ഞു.

നമ്മള്‍ മുന്നോട്ട് കുതിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ടീമിലെ സ്ഥാനത്തെക്കുറിച്ചോർത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട. എല്ലാ വിടവുകളും നികത്തിയാകും നമ്മള്‍ മുമ്പോട്ടുപോകുന്നത്. അവസരം അർഹിക്കുന്നവരെത്തേടിയെന്തായാലും വിളി വരും. അതെത്തുക തന്നെ ചെയ്യും. ഈ പരമ്പരയില്‍ എല്ലാ ഘടകങ്ങളും ഒരുമിച്ചുവന്നു. ഞങ്ങൾ ഒരുമിച്ച് നന്നായി കളിച്ചു, ഒരുപാട് പോസിറ്റീവായ കാര്യങ്ങള്‍ സംഭവിച്ചു. കഴിഞ്ഞ ഒന്‍പത് മത്സരങ്ങളെടുത്ത് നോക്കൂ, ഏറെക്കുറെ എല്ലാവര്‍ക്കും അവസരം കിട്ടി. അതാണ് ഞങ്ങൾ ആഗ്രഹിച്ചത്. അവസരം കിട്ടുന്നവര്‍ അത് മുതലാക്കുമ്പോള്‍ ടീമിന് കൂടുതല്‍ കരുത്തരാകും. രോഹിത് പറഞ്ഞു.

ശ്രീലങ്കക്കെതിരായ വിജയത്തോടെ രോഹിതിനുകീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 12-ാം ട്വന്‍റി 20 മത്സരത്തിലാണ് ജയിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമമാണ്. തുടര്‍ച്ചയായി 12 ടി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. ക്യാപ്റ്റനായുള്ള രോഹിതിന്‍റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷ് കൂടിയായിരുന്നു ഇന്നലത്തെ പരമ്പര വിജയം. നേരത്തെ ന്യൂസിലന്‍ഡിനെതിരായ പരമ്പര 3 - 0 ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിനെതിരയ പരമ്പര ഇന്ത്യ 2 - 0 നും വിജയിച്ചിരുന്നു.

ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ നാട്ടില്‍ നേടുന്ന 17ാം ടി20 ജയമാണിത്. ഇതും റെക്കോര്‍ഡാണ്, ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗനെയും ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണെയുമാണ് രോഹിത് പിന്നിലാക്കിയത്. മോര്‍ഗനും വില്യംസനും കീഴില്‍ 15 തവണയാണ് ടീമുകള്‍ക്ക് അവരുടെ നാട്ടില്‍ ജയിക്കാനായത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News