നന്നായി കളിക്കുന്നത് ശമ്പളം ഹലാലാക്കാൻ: പാക് താരം റിസ്‌വാൻ

Update: 2021-04-16 08:36 GMT
Editor : André
Advertising

നന്നായി കളിക്കുന്നത് തനിക്കു ലഭിക്കുന്ന ശമ്പളം 'ഹലാൽ' (അനുവദനീയം)  ആക്കാനെന്ന് പാകിസ്താൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മുഹമ്മദ് റിസ്‌വാൻ. ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപ്പെടുന്ന വിസ്ഡൻ 2020-ലെ മികച്ച അഞ്ച് ക്രിക്കറ്റർമാരെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ അവരിലൊരാൾ 28-കാരനായ റിസ്‌വാൻ ആയിരുന്നു. വിസ്ഡന് നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

'കളിച്ചാലുമില്ലെങ്കിലും പാകിസ്താൻ എനിക്ക് പ്രതിദിന അലവൻസ് ആയി 114 ഡോളർ നൽകുന്നുണ്ട്. അത് ഹലാൽ ആക്കാനുള്ള ബാധ്യത എനിക്കുണ്ട്. കളിക്കാൻ അവസരം കിട്ടിയാലും ഇല്ലെങ്കിലും നൂറു ശതമാനം സമർപ്പിക്കാൻ ഞാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്.'
- വിസ്ഡന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ റിസ്‌വാൻ പറഞ്ഞു.


'ഞാൻ എല്ലാ ദിവസവും ഗ്രൗണ്ടിൽ പോകുന്നു. പരിശീലനം നടത്തുന്നു. ആർക്കെങ്കിലും പന്തെറിഞ്ഞു കൊടുക്കണമെങ്കിൽ അത് ചെയ്യുന്നു. ഈ രീതിയിൽ പ്രതിഫലം ഹലാൽ ആക്കാനാണ് ഞാൻ ശ്രമിക്കുന്നത്.' - താരം വ്യക്തമാക്കി. പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിൽ അതിനുള്ള ജോലി ചെയ്യണമെന്നാണ് ഇസ്ലാം പറയുന്നതെന്നും അതിനാൽ എന്തു ചെയ്യുമ്പോഴും തന്റെ ആത്മവിശ്വാസത്തെ അത് ബാധിക്കാറില്ലെന്നും താരം പറഞ്ഞു. തന്റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണ് വിസ്ഡൻ പുരസ്‌കാരമെന്നും റിസ്‌വാൻ കൂട്ടിച്ചേർത്തു.

വിസ്ഡന്റെ കഴിഞ്ഞ വർഷത്തെ മികച്ച അഞ്ച് കളിക്കാരുടെ പട്ടികയിലുള്‍പ്പെട്ട ഏക ഏഷ്യൻ താരമാണ് മുഹമ്മദ് റിസ്‌വാൻ. മൂന്ന് ഫോർമാറ്റിലും മികച്ച ബാറ്റിങ് പുറത്തെടുത്ത താരത്തിന്റെ വിക്കറ്റിനു പിന്നിലെ പ്രകടനവും മികച്ചതായിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ബാറ്റ്‌സ്മാൻമാരായ ഡോം സിബ്ലി, സാക് ക്രൗളി, വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൺ ഹോൾഡർ, ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബ് കെന്റിന്റെ ഓൾറൗണ്ടർ ഡാരൻ സ്റ്റീവൻസ് എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവർ.
Tags:    

Editor - André

contributor

Similar News