ലോകകിരീടവും 'മലയാളി ഭാഗ്യ'വും; ബി.സി.സിഐ കൈവിട്ടുകളഞ്ഞ 'സഞ്ജു ഫാക്ടർ'

''ലോകത്തിന്റെ എല്ലാ മൂലയിലുമൊരു മലയാളിയുണ്ടെന്ന കാര്യം മിസ്ബാ മറന്നു!''- ഇന്ത്യൻ ആരാധകർ ഇരമ്പിയാർത്ത നിമിഷം ശ്രീശാന്ത് പിന്നീട് ഓർത്തെടുക്കുന്നത് അന്നു തനിക്കു ലഭിച്ച ഈ ടെക്സ്റ്റ് മെസേജിലൂടെയായിരുന്നു

Update: 2022-11-10 13:26 GMT
Editor : Shaheer | By : Web Desk
Advertising

അഡലെയ്ഡ്: ഇംഗ്ലണ്ടിലെ ഓവൽ മൈതാനത്തിൽ പ്രഥമ കുട്ടിക്രിക്കറ്റിന്റെ കലാശപ്പോര്. അതും ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിൽ. മത്സരത്തിലെ അവസാന ഓവറിനായി ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി അപ്രതീക്ഷിതമായി യോഗീന്ദർ ശർമയെ പന്തേൽപിക്കുമ്പോൾ ഇന്ത്യൻ ആരാധകർ ഞെട്ടിയിരിക്കുകയായിരുന്നു. ആറു പന്തിൽ പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസ്. ഇന്ത്യയ്ക്ക് ഒരേയൊരു വിക്കറ്റും.

മൂന്നു സിക്‌സറുകളുമായി മികച്ച ഫോമിലുള്ള പാക് നായകൻ മിസ്ബാഹുൽ ഹഖായിരുന്നു ക്രീസിൽ. രണ്ടേ രണ്ട് ഷോട്ടുകൾ മതിയായിരുന്നു കാര്യങ്ങൾ അവസാനിപ്പിക്കാൻ. ജോഗീന്ദർ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വൈഡ്. പാകിസ്താന്റെ കിരീട പ്രതീക്ഷകളുടെ ദൂരം ഒരു റൺസ് കൂടി കുറഞ്ഞു. രണ്ടാം പന്തിൽ റണ്ണൊന്നുമെടുക്കാനായില്ല. മൂന്നാമത്തെ പന്ത് ഗാലറിയിലേക്ക് തൊടുത്തുവിട്ടു മിസ്ബാ. ലക്ഷ്യം നാലു പന്തിൽ ആറായി ചുരുങ്ങി. പാകിസ്താൻ ജയം തൊട്ടരികെ കാണുമ്പോൾ മൂന്നാമത്തെ പന്തിൽ ബൗണ്ടറിയിലേക്ക് മിസ്ബയുടെ സ്‌കൂപ്പ് ഷോട്ട്. വായുവിൽ ഉയർന്നുപൊങ്ങിയ പന്ത് പക്ഷെ ഷോർട്ട് ഫൈൻ ലെഗിൽ മലയാളി താരം എസ്. ശ്രീശാന്തിന്റെ കൈയിൽ ഭദ്രം.

കോടിക്കണക്കിനു വരുന്ന ഇന്ത്യൻ ആരാധകർ ഇരമ്പിയാർത്ത നിമിഷം. ശ്രീശാന്ത് ആ നിമിഷത്തെ പിന്നീട് ഓർത്തെടുക്കുന്നത് അന്നു തനിക്കു ലഭിച്ച ഒരു ടെക്സ്റ്റ് മെസേജ് ഉദ്ധരിച്ചാണ്. അതിങ്ങനെയായിരുന്നു: ലോകത്തിന്റെ എല്ലാ മൂലയിലുമൊരു മലയാളിയുണ്ടെന്ന കാര്യം മിസ്ബാ മറന്നു!

ഫൈനലിൽ ഒരു വിക്കറ്റ് നേടിയെങ്കിലും ശ്രീശാന്ത് 40 റൺസ് വഴങ്ങിയിരുന്നു. എന്നാൽ, ആസ്‌ട്രേലിയയ്‌ക്കെതിരായ സെമിയിലെ ശ്രീശാന്തിന്റെ അവിസ്മരണീയ ബൗളിങ്ങിന്റെ കരുത്തിലായിരുന്നു ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ബൗളർമാരെല്ലാം തല്ലു വാങ്ങിയ മത്സരത്തിൽ ശ്രീശാന്ത് വെറും 12 റൺസ് വഴങ്ങി രണ്ട് ഓസീസ് വിക്കറ്റും പിഴുതു.

28 വർഷത്തെ ഏകദിന കിരീടവരൾച്ചയ്ക്ക് അന്ത്യംകുറിച്ച് മൂന്നു വർഷത്തിനുശേഷം വീണ്ടും മഹേന്ദ്ര സിങ് ധോണിയും സംഘവും മുംബൈയിലെ വാങ്കെഡെ സ്റ്റേഡിയത്തിൽ ചരിത്രം കുറിച്ചപ്പോഴും അവിടെയൊരു മലയാളിയുണ്ടായിരുന്നു; ശ്രീശാന്ത് തന്നെ.

പിന്നീട് ലോകക്രിക്കറ്റ് റാങ്കിങ്ങിൽ പലപ്പോഴും ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിട്ടും ലോകകിരീടം മാത്രം ഇന്ത്യയുടെ വഴിക്കുവന്നില്ല. ഇപ്പോൾ ആസ്‌ട്രേലിയയിൽ ടി20 ലോകകപ്പ് കലാശപ്പോരിനു തൊട്ടരികെ രോഹിതും സംഘവും ഇടറിവീഴുമ്പോൾ ആ 'മലയാളി ഭാഗ്യം' ഒരിക്കൽകൂടി ഓർമിക്കപ്പെടുകയാണ്. പ്രത്യേകിച്ചും സഞ്ജു സാംസൺ എന്ന കരുത്തനായൊരു ടി20 ബാറ്റർ ടീമിൽ പോലും ഇടമില്ലാതെ പുറത്തിരിക്കുമ്പോൾ.

ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിലെ ഇന്ത്യൻ തോൽവിക്കു പിന്നാലെ ഒരിക്കൽകൂടി സഞ്ജു ട്വിറ്റർ ട്രെൻഡിങ്ങാണ്. പേസർമാരുടെ സ്വപ്‌നപിച്ചുകളായ ആസ്‌ട്രേലിയയിൽ കെ.എൽ രാഹുലും നായകൻ രോഹിത് ശർമയുമെല്ലാം തപ്പിത്തടയുന്നത് കണ്ടതാണ്. അവിടെയാണ് ആദ്യ പന്തുമുതൽ ഗാലറിയിലേക്ക് പന്ത് പറത്താൻ ശേഷിയുള്ള സഞ്ജു സാംസണിനെ പോലുള്ള ഒരു താരം ടീമിൽ പോലും ഇടമില്ലാതെ നാട്ടിലിരിക്കുന്നത്. രാഹുലിനും പന്തിനും ദിനേശ് കാർത്തിക്കിനുമെല്ലാം അവസരം നൽകിയ ടീം സഞ്ജുവിനെ തിരിഞ്ഞുനോക്കാത്തത് ചോദ്യംചെയ്യുകയാണ് ആരാധകരിപ്പോൾ.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News