പന്തിന്റെ കൗണ്ടർ അറ്റാക്ക്; അയ്യർക്കും പുജാരയ്ക്കും അർധസെഞ്ച്വറി-ഇന്ത്യ മികച്ച നിലയിൽ

കൗണ്ടർ അറ്റാക്കുമായി ടെസ്റ്റ് ക്രിക്കറ്റിൽ താനെന്തുകൊണ്ട് വ്യത്യസ്തനാകുന്നുവെന്ന് പന്ത് ഒരിക്കൽകൂടി തെളിയിച്ചു. ഒരുവശത്ത് സ്വതസിദ്ധമായി ശൈലിയിൽ പുജാര കോട്ടകെട്ടി കളിക്കുമ്പോഴായിരുന്നു പന്തിന്റെ പ്രത്യാക്രമണം

Update: 2022-12-14 09:31 GMT
Editor : Shaheer | By : Web Desk
Advertising

ധാക്ക: ആദ്യ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയുടെ രക്ഷകരായി ചേതേശ്വർ പുജാരയും ശ്രേയസ് അയ്യരും. മുൻനിര തകർന്ന ശേഷമാണ് അർധസെഞ്ച്വറികളുമായി പുജാരയുടെയും അയ്യരുടെയും രക്ഷാപ്രവർത്തനം. ടെസ്റ്റ് ക്രിക്കറ്റിൽ ഋഷഭ് പന്ത് ഒരിക്കൽകൂടി സ്വന്തം കരുത്തറിയിക്കുകയും ചെയ്തു. മൂന്നിന് 48 എന്ന നിലയിൽ തകർച്ച മുന്നിൽകണ്ട ടീം ഇന്ത്യ ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ നാലിന് 222 റൺസ് എന്ന നിലയിലാണ്.

പരിക്കേറ്റ് പുറത്തായ രോഹിത് ശർമയ്ക്ക് പകരം കെ.എൽ രാഹുലാണ് ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. ടോസ് നേടിയ രാഹുൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിങ്ങനെ രണ്ടു പേസർമാർ മാത്രമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ് എന്നീ സ്‌പെഷലിസ്റ്റ് സ്പിന്നർമാർക്ക് പുറമെ ഓൾറൗണ്ടറായി അക്‌സർ പട്ടേലും ടീമിൽ ഇടംപിടിച്ചു.

ശുഭ്മൻ ഗില്ലിനൊപ്പം ഓപണറായാണ് ഇന്ന് രാഹുൽ ഇറങ്ങിയത്. ഇരുവരും ടീമിന് മികച്ച തുടക്കവും നൽകി. എന്നാൽ, ഗില്ലിനെ(20) സ്ലിപ്പിൽ യാസിർ അലിയുടെ കൈയിലെത്തിച്ച് തായ്ജുൽ ഇസ്ലാം ബംഗ്ലകൾക്ക് ആദ്യ ബ്രേക്ത്രൂ നൽകി. അധികം വൈകാതെ രാഹുലും(22) പുറത്തായി. അരങ്ങേറ്റക്കാരൻ ഖാലിദ് അഹ്‌മദിന്റെ പന്തിൽ പ്രതിരോധം തകർന്നാണ് രാഹുൽ മടങ്ങിയത്. തായ്ജുൽ ഇസ്ലാം എറിഞ്ഞ തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്ലിയും വിക്കറ്റിനു മുന്നിൽ കുരുങ്ങി പവലിയനിലേക്ക് തിരിച്ചുനടന്നു. ഇന്ത്യ മൂന്നിന് 48.

നാലാം വിക്കറ്റിൽ പുജാരയ്‌ക്കൊപ്പം ഒന്നിച്ച ഋഷഭ് പന്ത് വിമർശകർക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നൽകുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ശൈലിയിൽ അധികം പരിചയമില്ലാത്ത കൗണ്ടർ അറ്റാക്കുമായി ടെസ്റ്റ് ക്രിക്കറ്റിൽ താനെന്തുകൊണ്ട് വ്യത്യസ്തനാകുന്നുവെന്ന് പന്ത് ഒരിക്കൽകൂടി തെളിയിച്ചു. ഒരുവശത്ത് സ്വതസിദ്ധമായി ശൈലിയിൽ പുജാര കോട്ടകെട്ടി കളിക്കുമ്പോഴായിരുന്നു പന്തിന്റെ പ്രത്യാക്രമണം. എന്നാൽ, അർധസെഞ്ച്വറിക്ക് വെറും നാല് റൺസകലെ പന്തിന്റെ പോരാട്ടം അവസാനിച്ചു. 45 പന്ത് നേരിട്ടാണ് ആറ് ഫോറും രണ്ട് സിക്‌സറും സഹിതം പന്ത് 46 റൺസെടുത്തത്.

നാലിന് 112 എന്ന നിലയിൽ ഒന്നിച്ച ശ്രേയസ് അയ്യരും പുജാരയും ഇന്ത്യയെ സുരക്ഷിത സ്ഥാനത്തേക്ക് നയിക്കുകയാണ്. കരുതലോടെ കളിച്ചും ഇടവേളകളിൽ സ്‌കോർ ഉയർത്തിയും ഇരുവരും വ്യക്തിഗത സ്‌കോറിൽ അർധസെഞ്ച്വറിയും കുറിച്ചു. ആദ്യദിനം അവസാനത്തിലേക്ക് നീങ്ങുമ്പോൾ പുജാര 68 റൺസുമായും അയ്യർ 63 റൺസുമായും ക്രീസിലുണ്ട്.

Summary: India vs Bangladesh, 1st Test Match, Day 1 live updates

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News