ഇടങ്കയ്യന്മാർക്കു മുന്നില്‍ ഇന്ത്യയ്ക്ക് മുട്ടുവിറക്കുന്നോ? രോഹിത് ശർമയ്ക്ക് പറയാനുള്ളത്

ഇതിനുമുൻപും മുഹമ്മദ് ആമിർ, ഷഹിൻഷാ അഫ്രീദി, ട്രെൻഡ് ബോൾട്ട് അടക്കമുള്ള ഇടങ്കയ്യന്മാർ നിർണായക മത്സരങ്ങളിൽ ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു

Update: 2023-03-19 16:54 GMT
Editor : Shaheer | By : Web Desk
Advertising

വിശാഖപട്ടണം: ആസ്‌ട്രേലിയയ്‌ക്കെതിരായ നാണംകെട്ട തോൽവിക്കു പിന്നാലെ ഇന്ത്യൻ മുൻനിരയ്ക്ക് ഇടങ്കയ്യൻ പേസർമാർ വൻ തലവേദനയാണെന്ന വാദം ശക്തമാകുകയാണ്. മിച്ചൽ സ്റ്റാർക്കിന്റെ തീതുപ്പും പേസിനുമുന്നിൽ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിങ് നിര പതറുന്നത് ഇന്നു വിശാഖപട്ടണത്ത് കണ്ടതാണ്. ആദ്യ ഏകദിനം നടന്ന വാങ്കഡെയിലും ഇതു തന്നെയായിരുന്നു സ്ഥിതി. എന്നാൽ, ഇക്കാര്യം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ.

എതിരാളികളുടെ കൂട്ടത്തിൽ കഴിവുള്ള ബൗളർമാരുണ്ടെങ്കിൽ അവർ വിക്കറ്റെടുക്കേണ്ടവരാണ്. നമ്മുടെ താരങ്ങളെ പുറത്താക്കാൻ അവർ എല്ലാ അർത്ഥത്തിലും ശ്രമിക്കും. ഇടങ്കയ്യനാണെങ്കിലും വലങ്കയ്യനാണെങ്കിലും അവർക്ക് വിക്കറ്റും ലഭിക്കും. ഇതിനുമുൻപ് വലങ്കയ്യന്മാരും ഞങ്ങളെ കുഴക്കിയിട്ടുണ്ട്. അതേക്കുറിച്ച് ആരും പറയുന്നില്ല-മത്സരശേഷം രോഹിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇടങ്കയ്യൻ-വലങ്കയ്യൻ എന്നൊന്നും നമ്മൾ കൂലങ്കഷമായി നോക്കില്ല. വിക്കറ്റ് വിക്കറ്റ് തന്നെയാണ്. വിക്കറ്റ് പോകുന്നത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എല്ലാ വിഷയവും നമ്മൾ പരിശോധിക്കും. എങ്ങനെയാണ് നമ്മൾ ഔട്ടാകുന്നത്, എന്തൊക്കെ ചെയ്യേണ്ടതുണ്ട്, കൂടുതൽ മികച്ച ആസൂത്രണവുമായി എങ്ങനെ തയാറെടുക്കാം തുടങ്ങിയവയെല്ലാം നമ്മൾ ആലോചിക്കുമെന്നും രോഹിത് കൂട്ടിച്ചേർത്തു.

ഇതിനുമുൻപും ഇടങ്കയ്യൻ പേസർമാർ ഇന്ത്യൻ മുൻനിര ബാറ്റർമാർക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. പാകിസ്താൻ പേസർമാരായ മുഹമ്മദ് ആമിർ, ഷഹിൻഷാ അഫ്രീദി, ന്യൂസിലൻഡ് പേസർ ട്രെൻഡ് ബോൾട്ട് തുടങ്ങിയവരെല്ലാം നിർണായക മത്സരങ്ങളിൽ ഇന്ത്യൻ ബാറ്റിങ്‌നിരയെ തകർത്തുകളഞ്ഞിരുന്നു.

ഇന്ന് വിശാഖപട്ടണത്തു നടന്ന മത്സരത്തിൽ പവർപ്ലേയിൽ തന്നെ ഇന്ത്യയുടെ നാല് മുൻനിര ബാറ്റർമാരെ സ്റ്റാർക്ക് തിരിച്ചയച്ചിരുന്നു. രോഹിത് ശർമ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിവരായിരുന്നു ഇന്ന് സ്റ്റാർക്കിന്റെ ഇരകൾ. ഒടുവിൽ മുഹമ്മദ് സിറാജിന്റെ സ്റ്റംപ് പിഴുത് താരം കരിയറിലെ ഒൻപതാം അഞ്ചുവിക്കറ്റ് നേട്ടവും കുറിച്ചു.

Summary: 'We don't look at left-arm or right-arm bowlers, wickets are wickets', says Indian captain Rohit Sharma after huge defeat against Australia 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News