ഗെയിലിനെയും കോഹ്‍ലിയെയും പിന്നിലാക്കി ബാബര്‍ അസം; വേഗത്തില്‍ 7000 റണ്‍സ്

ട്വന്‍റി 20യില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലും ബാബര്‍ അസം മുന്നിലാണ്.

Update: 2021-10-04 06:25 GMT
Advertising

ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്. ക്രിസ് ഗെയിലിനെയും വിരാട് കോഹ്‍ലിയെയുമാണ് പാക് സൂപ്പര്‍ താരം പിന്നിലാക്കിയത്. കരിയറിലെ 187-ാം മത്സരത്തിലാണ് ബാബര്‍ അസം 7000 റണ്‍സ് മറികടന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ക്രിസ് ഗെയിലിന് 7000 റണ്‍സ് തികയ്ക്കാന്‍ 192 ഇന്നിങ്സുകള്‍ വേണ്ടി വന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി 212 ഇന്നിങ്സുകളില്‍ നിന്നാണ് നാഴികക്കല്ല് പൂര്‍ത്തിയാക്കിയത്.


പാകിസ്താന്‍റെ ദേശീയ ട്വന്‍റി ലീഗില്‍ സെന്‍ട്രല്‍ പഞ്ചാബിന് വേണ്ടി കളിക്കുന്നതിനിടെയാണ് താരം ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ 49 പന്തുകളില്‍ നിന്ന് 59 റണ്‍സ് നേടി അസം പുറത്താകാതെ നിന്നു.

ട്വന്‍റി 20യില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ താരങ്ങളുടെ പട്ടികയിലും ബാബര്‍ അസം മുന്നിലാണ്. നിലവില്‍ ആറ് സെഞ്ചുറികളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. അഞ്ച് സെഞ്ചുറികള്‍ വീതമുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയെ മറികടന്ന ബാബര്‍ അസം നിലവില്‍ രോഹിത് ശര്‍മ, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരുമായി റെക്കോഡ് പങ്കിടുകയാണ്. ഇരുവര്‍ക്കും ആറ് സെഞ്ചുറികള്‍ വീതമാണുള്ളത്.

വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് മുന്‍പുള്ള പരിശീലന കളരിയെന്ന തരത്തിലാണ് പാകിസ്ഥാന്‍ ദേശീയ ട്വന്‍റി 20 ടൂര്‍ണമെന്‍റ് നടത്തുന്നത്. ഈ മാസം ആരംഭിക്കുന്ന ട്വന്‍റ് 20 ലോകകപ്പില്‍ ചിരവൈരികളായ ഇന്ത്യയുമായാണ് പാകിസ്ഥാന്‍റെ ആദ്യ കളി. ഒക്ടോബര്‍ 17 ന് ആരംഭിക്കുന്ന  ടി20 ലോകകപ്പില്‍ ഇന്ത്-പാക് മത്സരം 24 നാണ് നടക്കുക.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News