പിടിതരാതെ പീറ്റേഴ്‌സൺ; തോൽവിയും പരമ്പരനഷ്ടവും മുന്നിൽകണ്ട് ഇന്ത്യ

രണ്ടുദിവസവും എട്ടുവിക്കറ്റും കൈയിലിരിക്കെ 58 റൺസ് മാത്രം മതി ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ

Update: 2022-01-14 12:26 GMT
Editor : Shaheer | By : Web Desk
Advertising

കേപ്ടൗണിൽ തോല്‍വി മുന്നിൽ കണ്ട് ഇന്ത്യ. ഇന്ത്യൻ ബൗളർമാർക്ക് പിടിനൽകാതെ മുന്നേറിയ കീഗൻ പീറ്റേഴ്‌സന്റെ കരുത്തിൽ വെറും 58 റൺസ് മാത്രം അകലെയാണ് ദക്ഷിണാഫ്രിക്കൻ വിജയം. സെഞ്ച്വറിയിലേക്ക് കുതിക്കുന്ന പീറ്റേഴ്‌സണ് ഉറച്ച പിന്തുണയുമായി റസി വാൻ ഡെർ ഡസ്സനും ക്രീസിലുണ്ട്. ഒടുവിൽ വാർത്ത ലഭിക്കുമ്പോൾ രണ്ടിന് 154 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.

ജോഹന്നാസ്ബർഗിലെ വാണ്ടറേഴ്‌സിൽ നടന്ന രണ്ടാം ടെസ്റ്റ് അതുപോലെ ആവർത്തിക്കുകയാണ് നിർണായകമായ കേപ്ടൗൺ ടെസ്റ്റിലും. കളി അവസാനിക്കാൻ രണ്ടര ദിവസം ബാക്കിനിൽക്കെ വെറും 211 എന്ന വിജയലക്ഷ്യം മാത്രമാണ് ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കു മുന്നിൽ ഉയർത്താനായിരുന്നത്. എന്നാൽ, മൂന്നാം ദിവസം കളിനിർത്തുമ്പോൾ തന്നെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം 111 റൺസിലേക്ക് കുറച്ചിരുന്നു ദക്ഷിണാഫ്രിക്കൻ സംഘം. കഴിഞ്ഞ ദിവസം കളിനിർത്തുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എട്ടു വിക്കറ്റു രണ്ടു ദിവസവും പൂർണമായി കൈയിലിരിക്കെ 111 റൺസ് മാത്രം മതിയായിരുന്നു ടീമിന് ജയിക്കാൻ.

നാലാം ദിവസം തുടക്കത്തിൽ തന്നെ മുൻനിര ബാറ്റ്‌സ്മാൻമാരെ പുറത്താക്കി കളി തിരിച്ചുപിടിക്കാമെന്ന ഇന്ത്യൻ മോഹങ്ങൾ തകർക്കുകയായിരുന്നു ഇന്ന് പീറ്റേഴ്‌സനു റസി വാൻ ഡെർ ഡസ്സനും ചേർന്ന്. പീറ്റേഴ്‌സൺ ഏകദിന ശൈലിയിലാണ് ടീമിനെ ജയത്തിലേക്ക് നയിക്കുന്നത്. 111 പന്ത് നേരിട്ട താരം 10 ബൗണ്ടറി സഹിതം 82 റൺസ് സ്വന്തമാക്കിയിട്ടുണ്ട്. പീറ്റേഴ്‌സന് ശക്തമായ പിന്തുണ നൽകുന്ന ഡസ്സൻ 36 പന്ത് നേരിട്ട് 17 റൺസെടുത്തും നിൽക്കുകയാണ്.

മികച്ച ഫോമിലുള്ള ദക്ഷിണാഫ്രിക്കൻ നായകൻ ഡീൻ എൽഗാറിനെ മൂന്നാംദിനം തിരിച്ചയക്കാൻ കഴിഞ്ഞുവെന്ന ആശ്വാസം ഇന്ത്യയ്ക്കുണ്ടായിരുന്നു. എന്നാൽ, ഇന്ന് ഒരു ഘട്ടത്തിലും ദക്ഷിണാഫ്രിക്കൻ ബാറ്റർമാർക്ക് വെല്ലുവിളിയുയർത്താൻ ഇന്ത്യൻ ബൗളർമാർക്കായില്ല.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News