കണ്ടുനിന്നവര്‍ തലയില്‍ കൈവെച്ചുപോയ നിമിഷം... ബൌണ്ടറിയില്‍ സ്റ്റീവ് സ്മിത്തിന്‍റെ സ്പൈഡര്‍മാന്‍ ഫീല്‍ഡിങ്

ബൌണ്ടറി തടയാനുള്ള ശ്രമത്തിനിടെ തലയിടിച്ചുവീണ സ്മിത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

Update: 2022-02-14 04:44 GMT
Advertising

ബൌണ്ടറി ലൈനില്‍ ആക്ഷന്‍ സിനിമകളെ വെല്ലുന്ന രംഗമാണ് ആസ്ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 യില്‍ കണ്ടത്. അവസാനത്തെ ഓവറില്‍ ലങ്കക്ക് ജയിക്കാന്‍ വേണ്ടത് 18 റണ്‍സ്. ഓവറിലെ നാലാമത്തെ പന്തിലായിരുന്നു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അപ്പോഴേക്കും മൂന്ന് ബോളില്‍ 12 റണ്‍സെന്ന നിലയിലേക്ക് ടാര്‍ഗറ്റ് എത്തിയിരുന്നു. സ്ട്രൈക്കിലുള്ള തീക്ഷണ സ്റ്റോയിനിസിനെ ബൌണ്ടറിയിലേക്ക് പറത്തുന്നു. ഏതുവിധേനയും സിക്സര്‍ തടയുകയെന്ന ലക്ഷ്യത്തില്‍ ബൌണ്ടറിയില്‍ നിന്ന് സ്മിത്തിന്‍റെ അമാനുഷിക  പ്രകടനം. ബൌണ്ടറി ലൈനിന് മുകളിലൂടെ പറന്ന പന്തിനെ ബൌണ്ടറിക്ക് പുറത്തേക്ക് ഒരു ഫുള്‍ലെങ്ക്ത് ഡൈവിലൂടെ തിരിച്ച് ഗ്രൌണ്ടിലേക്ക് മറിച്ചിടുന്നു.

കണ്ടിരുന്നവരുടെ ശ്വാസം നിലച്ചുപോയ നിമിഷങ്ങളായിരുന്നു... സ്മിത്തിന്‍റെ ഡൈവ് കണ്ട് വണ്ടര്‍ അടിച്ചവരുടെ ശ്വാസം നേരെ വീഴുന്നതിന് മുമ്പ് തന്നെയാണ് ക്യാമറ സ്മിത്തിനെ വീണ്ടും ഫോക്കസ് ചെയ്യുന്നത്. ആ ഡൈവിനിടെ തലയിടിച്ചാണ് സ്മിത്ത് മൈതാനത്ത് വീണത്... പക്ഷേ സ്മിത്തിന്‍റെ ശ്രമം പാഴായിപ്പോയി. പന്ത് രക്ഷപ്പെടുത്തുന്നതിന് മുമ്പ് സ്മിത്തിന്‍റെ കാല്‍ ബൌണ്ടറി ലൈനില്‍ തട്ടിയതായി ടി.വി റിപ്ലൈകളില്‍ വ്യക്തമായി. പക്ഷേ സ്മിത്തിന്‍റെ കഠിനാധ്വാനത്തെ കൈയ്യടിയോടെയാണ് കാണികള്‍ സ്വീകരിച്ചത്.

ആ പന്ത് സിക്സറായതോടെ ശ്രീലങ്കക്ക് കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമായി. അവസാന പന്തില്‍ ബൌണ്ടറി നേടി ചമീര മത്സരം ടൈയിലെത്തിച്ചു. ആവേശം അണപൊട്ടിയ മത്സരത്തില്‍ പക്ഷേ സൂപ്പര്‍ ഓവറില്‍ ശ്രീലങ്കക്ക് പിഴച്ചു. ഒരുവിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സ് മാത്രമാണ് ലങ്കക്ക് നേടാനായത്. മൂന്ന് പന്തുകളില്‍ ആസ്ട്രേലിയ മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആസ്ട്രേലിയ 2 - 0 ന് മുന്നിലെത്തി.

ബൌണ്ടറി തടയാനുള്ള ശ്രമത്തിനിടെ തലയിടിച്ചുവീണ സ്മിത്തിന് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. സ്മിത്തിന് ഒരാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഫെബ്രുവരി 15ന് ആണ് പരമ്പരയിലെ മൂന്നാം മത്സരം. 

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News