വയറുവേദനയും പനിയും; സൂര്യയുടെ ആ മാസ്റ്റർക്ലാസ് കടുത്ത വേദനയും സഹിച്ച്

''എന്തു ചെയ്തിട്ടാണെങ്കിലും ഏതു ഗുളികയും ഇൻജക്ഷനും തന്നിട്ടാണെങ്കിലും വൈകുന്നേരം എനിക്ക് കളിക്കാൻ പറ്റണമെന്ന് ഞാൻ ഡോക്ടര്‍മാരോടും ഫിസിയോയോടും വ്യക്തമാക്കി.''

Update: 2022-09-26 15:57 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: ആസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ നിർണായകമായ അവസാന മത്സരത്തിൽ സൂര്യകുമാർ യാദവ് നടത്തിയ മാസ്റ്റർക്ലാസ് ഇന്നിങ്‌സ് അടുത്ത കാലത്തൊന്നും ഇന്ത്യൻ ആരാധകർ മറക്കാൻ പോകുന്നില്ല. ഓസീസ് നായകൻ ആരോൺ ഫിഞ്ചിന്റെ സകല തന്ത്രങ്ങളും ബൗളർമാരുടെ സകല അടവുകളും തകർത്തുകളഞ്ഞ സൂര്യ ഇന്ത്യയെ വിജയതീരത്തിന്റെ തൊട്ടടുത്തു വരെ എത്തിച്ചാണ് മടങ്ങിയത്. ആസ്‌ട്രേലിയ ഉയർത്തിയ 187 റൺസിന്റെ വലിയ വിജയലക്ഷ്യം സൂര്യയുടെ 69 റൺസിന്റെ കരുത്തിലാണ് ടീം ഇന്ത്യ പിന്തുടർന്നത്.

എന്നാൽ, ആരാധകർ അറിയാത്ത വേദനാജനകമായൊരു സത്യം സൂര്യ മത്സരത്തിനുശേഷം വെളിപ്പെടുത്തിയിരിക്കുകയാണ്. കടുത്ത വയറുവേദനയും പനിയുമെല്ലാം സഹിച്ചാണ് താരം മത്സരത്തിനിറങ്ങിയത്. നിർണായകമായ മത്സരമായതിനാൽ എന്ത് മരുന്ന് തന്നിട്ടായാലും തനിക്ക് കളിക്കാനിറങ്ങണമെന്ന് സൂര്യ ഫിസിയോ ടീമിനോട് വ്യക്തമാക്കുകയായിരുന്നു. കളിയിൽ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത അക്‌സർ പട്ടേലുമായി നടത്തിയ സംഭാഷണത്തിലായിരുന്നു വെളിപ്പെടുത്തൽ.

രാവിലെ എണീറ്റ് ഫിസിയോ റൂമിലെത്തിയപ്പോൾ അവിടെ എന്തോ പ്രശ്‌നം നടക്കുന്നുണ്ടെന്ന് അറിഞ്ഞുവെന്ന് അക്‌സർ പറഞ്ഞു. പിന്നീടാണ് സൂര്യയ്ക്ക് സുഖമില്ലെന്ന കാര്യം മനസിലാകുന്നത്. എന്താണ് സംഭവിച്ചതെന്ന് അക്‌സർ ചോദിച്ചു. സൂര്യയുടെ പ്രതികരണം ചിരിയായിരുന്നു. തുടർന്ന് താരം കാര്യങ്ങൾ വിശദീകരിച്ചു.

''കാലാവസ്ഥ മാറിയിരുന്നു. നമ്മൾ യാത്രയിലുമായിരുന്നു. അങ്ങനെ ചെറിയ വയറുവേദനയുണ്ടായിരുന്നു. പനിയും വന്നു. ഇന്നു നടക്കുന്നത് നിർണായക മത്സരമാണെന്ന് അറിയാം. ഇന്ന് ലോകകപ്പ് ഫൈനലാണെങ്കിൽ എങ്ങനെ പ്രതികരിക്കുമെന്ന് ഞാൻ ഡോക്ടർമാരോടും ഫിസിയോയോടും പറഞ്ഞു. രോഗവുമായി ഇരിക്കാനാകില്ല. അതുകൊണ്ട് എങ്ങനെയാണെങ്കിലും, എന്തു ചെയ്തിട്ടാണെങ്കിലും ഏതു ഗുളികയും ഇൻജക്ഷനും തന്നിട്ടാണെങ്കിലും വൈകുന്നേരം കളിക്കാൻ പറ്റണമെന്ന് ഞാൻ വ്യക്തമാക്കി.''-സൂര്യ വെളിപ്പെടുത്തി.

വൈകുന്നേരം ഗ്രൗണ്ടിൽ ജഴ്‌സി ഇട്ട് ഇറങ്ങിയപ്പോൾ മറ്റൊരു വികാരമായിരുന്നുവെന്നും സൂര്യ കൂട്ടിച്ചേർത്തു. സംഭാഷണത്തിന്റെ വിഡിയോ ബി.സി.സി.ഐ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനകം തന്നെ ആയിരക്കണക്കിനു പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുള്ളത്.

36 പന്തിൽ അഞ്ചുവീതം കിടിലൻ സിക്‌സിന്റെയും ബൗണ്ടറിയുടെയും അകമ്പടിയോടെയായിരുന്നു സൂര്യയുടെ മനോഹരമായ ഇന്നിങ്‌സ്. മറുവശത്ത് ഉറച്ച പിന്തുണയുമായി സൂപ്പർ താരം വിരാട് കോഹ്ലി താരത്തിന്റെ ഇന്നിങ്‌സ് ആസ്വദിക്കുകയായിരുന്നു. ഒടുവിൽ സൂര്യ പുറത്തായതിനുശേഷമാണ് കോഹ്ലി ആക്രമണറോൾ ഏറ്റെടുത്തത്.

മത്സരത്തിൽ അവസാന ഓവറിൽ സിക്‌സർ പറത്തി തൊട്ടടുത്ത പന്തിൽ കോഹ്ലി പുറത്തായെങ്കിലും ഹർദിക് പാണ്ഡ്യയുടെ ബൗണ്ടറിയിലൂടെ ഇന്ത്യ മത്സരവും പരമ്പരയും പിടിച്ചടയ്ക്കുകയായിരുന്നു. കോഹ്ലി 48 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറും സഹിതം 63 റൺസുമെടുത്തു.

Summary: ''I can't miss the match'', Says Suryakumar Yadav on playing 3rd T20 v Aus despite stomach ache

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News