ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച ശേഷവും ഷമി മൂന്നു വർഷം കളിച്ചത് മറ്റൊരു പേരിൽ!

2013ല്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിനുശേഷമായിരുന്നു യഥാർത്ഥ പേരിനെക്കുറിച്ച് ഷമി വെളിപ്പെടുത്തിയത്

Update: 2023-11-16 12:05 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ സെമി ഫൈനൽ പോരാട്ടത്തിലെ വീരപ്രകടനത്തിലൂടെ ഒരിക്കൽകൂടി താരമായിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി. അഞ്ച് മുൻനിര ബാറ്റർമാരടക്കം ഏഴ് കിവീസ് ബാറ്റർമാരെ പുറത്താക്കിയാണ് ഷമി ഇന്ത്യയെ കലാശപ്പോരാട്ടത്തിലേക്കു നയിച്ചത്. ലോകകപ്പ് ചരിത്രത്തിലെ റെക്കോർഡുകൾ ഒരുപാട് പഴങ്കഥയാക്കിയ പ്രകടനമാണു താരം പുറത്തെടുത്തത്.

ഇതിനിടെ ഷമിയെ കുറിച്ച് അധികം ക്രിക്കറ്റ് ആരാധകർക്കും അറിയാത്തൊരു രഹസ്യവും ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയായിരിക്കുകയാണ്. ദേശീയ ടീമിൽ ഇടംലഭിച്ച ശേഷം മൂന്നു വർഷത്തോളം ഷമി മറ്റൊരു പേരിലാണ് കളിച്ചിരുന്നതെന്നതാണ് ആ കൗതുകവിവരം. മുഹമ്മദ് ഷമിക്കു പകരം ഷമി അഹ്മദ് എന്ന പേരിലായിരുന്നു താരം ഏറെക്കാലം കളിച്ചിരുന്നത്. പിന്നീട് യഥാർത്ഥ നാമം ഷമി തന്നെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുകയായിരുന്നു.

2010ലാണ് ഷമി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. ഇതുകഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ടെസ്റ്റ് അരങ്ങേറ്റത്തിനുശേഷമായിരുന്നു യഥാർത്ഥ നാമത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. വെസ്റ്റിൻഡീസിനെതിരായ ആ മത്സരത്തിൽ രണ്ട് ഇന്നിങ്‌സുകളുമായി ഒൻപത് വിക്കറ്റാണ് ഷമി അന്നു കൊയ്തത്.

മത്സരശേഷം ഷമി പേരിനെക്കുറിച്ച് ചിരിച്ചുകൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു: 'മാധ്യമങ്ങൾ എന്റെ പേര് മുഹമ്മദ് ഷമിയിൽനിന്ന് ഷമി അഹ്മദ് എന്നാക്കിയിരിക്കുകയാണ്. എന്റെ യഥാർത്ഥ നാമം മുഹമ്മദ് ഷമി എന്നാണ്. അങ്ങനെ വിളിച്ചാൽ നന്നാകും. മാധ്യമങ്ങളിൽ ഷമി അഹ്മദ് എന്നാണ് എന്റെ പേര് കാണിക്കുന്നത്. ചിലർ സമി എന്നു വരെ വിളിക്കുന്നുണ്ട്.'

ബി.സി.സി.ഐയുടെയും ഐ.സി.സിയുടെയും രേഖകളിൽ വരെ ആ സമയത്ത് ഷമി അഹ്മദ് എന്നായിരുന്നു പേര്. സ്‌കോർബോർഡിൽ ഇതേ പേരായിരുന്നു കാണിച്ചത്. നേരത്തെ ഷമിയെ പരിശീലിപ്പിച്ച മുൻ പാക് ക്രിക്കറ്റർ വസീം അക്രം ഒരിക്കൽ കമന്ററിയിൽ വരെ തെറ്റായായിരുന്നു താരത്തിന്റെ പേര് പരാമർശിച്ചത്. ഏതായാലും അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റിനു മേൽവിലാസമുണ്ടാക്കിയ താരമായിരിക്കുകയാണിപ്പോൾ മുഹമ്മദ് ഷമി.

ചുരുങ്ങിയ മത്സരങ്ങളിൽനിന്ന് ഏകദിന ലോകകപ്പിൽ 50 വിക്കറ്റ് തികയ്ക്കുന്ന താരമായത് കഴിഞ്ഞ മത്സരത്തിലായിരുന്നു. വെറും 17 ഇന്നിങ്‌സുകളിൽനിന്നാണ് ഈ നേട്ടം. ഓസീസ് പേസർ മിച്ചൽ സ്റ്റാർക്കിന്റെ റെക്കോർഡ്(19 മത്സരം) ആണ് ഷമി സ്വന്തം പേരിലാക്കിയത്. ഇതോടൊപ്പം മൊത്തം ലോകകപ്പിൽ നാലാമത്തെ അഞ്ചു വിക്കറ്റ് നേട്ടമാണ് താരം ഇന്നലെ സ്വന്തമാക്കിയത്. 57 റൺസ് മാത്രം വിട്ടുകൊടുത്താണ് ഷമി കരിയർ ബെസ്റ്റായ ഏഴു വിക്കറ്റ് നേട്ടം കുറിച്ചത്.

ഇത്തവണ ലോകകപ്പ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനുമാണ് മുഹമ്മദ് ഷമി. വെറും ആറു മത്സരങ്ങളിൽനിന്ന് 23 വിക്കറ്റാണു താരം കൊയ്തത്. ആദ്യ നാലു മത്സരങ്ങളിൽ പുറത്തിരുന്ന ശേഷമാണ് ഷമിയുടെ ഗംഭീര തിരിച്ചുവരവ്. ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ പരിക്കേറ്റു പുറത്തായതാണ് ടീം ഇന്ത്യയ്ക്കും ഷമിക്കും ഒരുപോലെ 'അനുഗ്രഹമാ'യത്.

Summary: When ICC and BCCI got Mohammed Shami's name wrong

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News