ട്രാഫിക് നിയമലംഘനത്തിന് 33,000 പിഴ; 'മുസ്ലിംകൾക്കുള്ള സമ്മാന'മെന്ന് പൊലീസുകാരന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഭീമൻ തുക ചലാൻ നൽകിയ ശേഷമാണ് ഫേസ്ബുക്ക് ഗ്രൂപ്പിൽ ഇൻസ്പെക്ടർ പോസ്റ്റിട്ടത്.

Update: 2022-04-16 08:38 GMT
Editor : André | By : Web Desk
Advertising

ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ 33,000 രൂപ പിഴയിടുകയും അത് 'മുസ്ലിംകൾക്കുള്ള അല്ലാഹുവിന്റെ സമ്മാന'മെന്ന് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്ത് ഹരിയാനയിലെ പൊലീസ് ഉദ്യോഗസ്ഥൻ. ഫരീദാബാദ് പൊലീസിലെ ഒരു ഇൻസ്പെക്ടറാണ് വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞ് ബൈക്കിൽ മൂന്നുപേരുമായി വന്ന സജീദ് അലി എന്നയാൾക്ക് 33,000 രൂപയുടെ ചലാൻ നൽകിയത്. "വീർ പ്രതാപ്" എന്ന ഫേസ്ബുക്ക് ഐ.ഡിയിലുള്ള ഇൻസ്പെക്ടർ, വംശീയമായ തന്റെ പ്രവൃത്തി 'അഖില ഭാരതീയ സെലിബ്രിറ്റി സംഘ്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. 

'ജുമുഅ ദിവസമായ ഇന്ന് ഒരു വിശ്വാസിക്കും ചലാൻ കൊടുക്കരുത് എന്നാണ് രാവിലെ വിചാരിച്ചത്. പക്ഷേ, ഇപ്പോൾ ട്രാഫിക് ബൂത്തിന്റെ പുറത്ത് ഞാൻ കസേരയിൽ ഇരിക്കുകയായിരുന്നു. അപ്പോൾ തൊപ്പിധരിച്ച സാജിദ് മിയാൻ എന്നയാൾ ജുമുഅ നിസ്‌കാരം കഴിഞ്ഞ് (ബൈക്കിൽ) വന്നു. പിറകിൽ രണ്ടുപേരും കയറിയിരുന്നു. സാജിദ് മിയാന് 33,000 സമ്മാനം കൊടുത്തു. അല്ലാ തആലാ വലിയ കാരുണ്യവാൻ തന്നെ. സലാം അലയ്ക്കും ഭായ്...' - എന്നാണ് വീർ പ്രതാപ് ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ചത്. ട്രാഫിക് ചലാന്റെ ഫോട്ടോ സഹിതമായിരുന്നു കുറിപ്പ്. 

ഇനായത്പൂർ സ്വദേശിയായ സജീദ് അലി ഓടിച്ച HR50G9281എന്ന നമ്പർ പ്ലേറ്റിലുള്ള ബൈക്കിനാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30-ന് റസൂൽപൂർ ചൗക്കിൽ വെച്ച് വീർ പ്രതാപ് ഭീമൻ തുക ചലാൻ നൽകിയത്. പൽവാൽ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളതാണ് ഈ സ്ഥലം. ഇരുചക്രവാഹന നിയമലംഘനത്തിന്റെ നിരവധി വകുപ്പുകൾ ചേർത്താണ് ഈ തുക 'ഒപ്പിച്ചത്.' ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫേസ്ബുക്ക് ഗ്രൂപ്പിലെ തന്റെ പോസ്റ്റിനു കീഴിൽ തന്നെ വന്ന 'ചലാൻ അടക്കാൻ അയാൾ കിഡ്‌നി വിൽക്കേണ്ടി വരും' എന്ന കമന്റിനെ വീർപ്രതാപ് പൊട്ടിച്ചിരിക്കുന്ന ഇമോജിയിട്ട് പ്രോത്സാഹിപ്പിക്കുന്നത് സ്ക്രീൻഷോട്ടുകളിൽ കാണാം. 'നിങ്ങൾ നൽകിയ ചലാൻ തുകയുടെ വില അയാളുടെ ബൈക്കിനുണ്ടാവില്ല' എന്ന കമന്റിന് വീർ പ്രതാപിന്റെ മറുപടി ഇങ്ങനെ: 'ചലാൻ അടക്കൽ നിർബന്ധമാണ്. ഇല്ലെങ്കിൽ ചലാനിലെ തുക കോടതി ഈടാക്കും. അതുകൊണ്ട് ഇത് അവർക്ക് അടക്കേണ്ടി വരും.'

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News