പത്തൊമ്പതുകാരന്‍റെ മൃതദേഹം പെണ്‍സുഹൃത്തിന്‍റെ മുറിയില്‍ കുഴിച്ചിട്ട നിലയില്‍

ഗാസിയാബാദില്‍ പതിനെട്ടുകാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Update: 2021-08-19 13:01 GMT

ഗാസിയാബാദില്‍ കാണാതായ 19കാരന്‍റെ മൃതദേഹം പെണ്‍സുഹൃത്തിന്‍റെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഖരാജ്പുര്‍ സ്വദേശി മുര്‍സലീന്റെ മൃതദേഹമാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 18കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ആഗസ്റ്റ് 11നാണ് മുര്‍സലീനെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്ര പോയിരിക്കുമെന്ന് വീട്ടുകാര്‍ ആദ്യം കരുതി. മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമില്ലാത്ത സാഹചര്യത്തിലാണ് വീട്ടുകാര്‍ ആശങ്കയിലായത്.

അതേസമയം, ആഗസ്റ്റ് 15ാം തീയതി മുര്‍സലീന്‍റെ ഫോണില്‍ വിളിച്ചപ്പോള്‍ ഒരാള്‍ കോള്‍ സ്വീകരിക്കുകയും സംസാരിക്കുകയും ചെയ്തു. പ്രദേശത്തെ കുല്‍ഫി വില്‍പ്പനക്കാരനായിരുന്നു ഫോണില്‍ സംസാരിച്ചത്. നേരില്‍ കാണണമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ കൂട്ടാക്കിയില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.  

Advertising
Advertising

എന്നാല്‍ ഒരു പെണ്‍കുട്ടിയാണ് തനിക്ക് സിം കാര്‍ഡ് നല്‍കിയതെന്നും മറ്റൊന്നും തനിക്കറിയില്ലെന്നുമായിരുന്നു കുല്‍ഫി വില്‍പ്പനക്കാരന്‍ പൊലീസിനോട് പറഞ്ഞത്. 500 രൂപയുടെ നോട്ടിനുള്ളിലാക്കിയാണ് പെണ്‍കുട്ടി സിം കാര്‍ഡ് നല്‍കിയതെന്നും അയാള്‍ വ്യക്തമാക്കി. അബദ്ധത്തില്‍ സംഭവിച്ചതാകുമെന്ന് കരുതി, ഇക്കാര്യം ആരോടും പറയാതെ സിംകാര്‍‍ഡ് തന്‍റെ ഫോണില്‍ ഉപയോഗിക്കുകയായിരുന്നു അയാള്‍. 

ഇതിനു പിന്നാലെയാണ് അന്വേഷണം മുര്‍സലീന്‍റെ പെണ്‍സുഹൃത്തിലെത്തുന്നത്. മുര്‍സലീന്റെ ഫോണ്‍കോള്‍ വിവരങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. ആഗസ്റ്റ് 11ന് രാവിലെ മുര്‍സലീന്‍ തന്റെ വീട്ടില്‍നിന്ന് പോയെന്നും മറ്റൊന്നും അറിയില്ലെന്നുമായിരുന്നു പെണ്‍കുട്ടി ആദ്യം പൊലീസിനോട് പറഞ്ഞത്. 

വീട്ടിനുള്ളില്‍ പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ചില സംശയങ്ങള്‍ തോന്നിയതോടെയാണ് കേസിന്‍റെ ഗതിമാറിയത്. കിടപ്പുമുറിയുടെ ഒരുഭാഗത്ത് മണ്ണിളകി കിടക്കുന്നതാണ് സംശയത്തിന് കാരണമായത്. ഇതോടെ മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തില്‍ തറ പൊളിച്ച് പരിശോധിക്കുകയും യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തുകയുമായിരുന്നു. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ. ഇതിനു പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഗാസിയബാദ് പൊലീസ് പ്രതികരിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News