കൂട്ടബലാത്സംഗക്കേസിൽ റോബിഞ്ഞോയ്ക്ക് ഒമ്പതു വർഷം തടവുശിക്ഷ

മദ്യലഹരിയിലായിരുന്ന 22-കാരിയെ റോബിഞ്ഞോയടക്കം അഞ്ചു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു എന്നതാണ് കേസ്

Update: 2022-01-20 05:28 GMT
Editor : André | By : Web Desk

2013-ൽ മിലാനിലെ നൈറ്റ് ക്ലബ്ബിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുൻ ഫുട്‌ബോൾ താരം റോബിഞ്ഞോയ്ക്ക് ഒമ്പതു വർഷത്തെ തടവുശിക്ഷ. 2017-ൽ വിധിവന്ന കേസിൽ നൽകിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ് റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയുമടക്കമുള്ള മുൻനിര ക്ലബ്ബുകൾക്കു വേണ്ടി കളിച്ച ബ്രസീൽ താരം ജയിലിലാവുന്നത്. നിലവിൽ ബ്രസീലിലുള്ള താരം ശിക്ഷ ഇറ്റലിയിലാണോ ബ്രസീലിലാണോ അനുഭവിക്കുക എന്നകാര്യത്തിൽ വ്യക്തതയില്ല.

ഇറ്റാലിയൻ ക്ലബ്ബ് എ.സി മിലാനിൽ അംഗമായിരിക്കെ 2013 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മിലാനിലെ ഒരു നൈറ്റ് ക്ലബ്ബിൽ വെച്ച് മദ്യലഹരിയിലായിരുന്ന 22-കാരിയായ അൽബേനിയൻ വനിതയെ, അന്ന് 27 വയസ്സുള്ള റോബിഞ്ഞോയടക്കം അഞ്ചു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുമായുള്ള ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നും താൻ അവരുമായി ലൈംഗികവൃത്തിയിൽ ഏർപ്പെട്ടിട്ടില്ലെന്നും റോബിഞ്ഞോ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ സംഭവം സംബന്ധിച്ച് റോബിഞ്ഞോയും കൂട്ടുകാരും തമ്മിൽ അയച്ച ടെലിഫോൺ സന്ദേശങ്ങൾ കേസ് അന്വേഷണത്തിൽ നിർണായകമായി. 2017 നവംബർ 23-നാണ് സംഭവത്തിൽ ബ്രസീൽ താരത്തെ കോടതി കുറ്റക്കാരനെന്നു വിധിച്ചത്.

Advertising
Advertising

ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട റോബിഞ്ഞോയെ 2020-ൽ ബ്രസീൽ ക്ലബ്ബ് സാന്റോസ് വാങ്ങിയത് ഏറെ വിവാദങ്ങൾക്കിടയാക്കി. ക്ലബ്ബ് ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള പ്രതിഷേധം ശക്തമായതോടെ ഒരു മത്സരം പോലും കളിക്കാതെ കരാർ റദ്ദാക്കേണ്ടിവന്നു. മാധ്യമങ്ങളും ഫെമിനിസ്റ്റുകളുമാണ് തനിക്കെതിരെ നീങ്ങുന്നതെന്നായിരുന്നു റോബിഞ്ഞോയുടെ പ്രതികരണം.

ശിക്ഷാവിധിക്കെതിരെ നൽകിയ രണ്ട് അപ്പീലും തള്ളപ്പെട്ടതോടെയാണ് റോബിഞ്ഞോ ജയിൽശിക്ഷക്ക് നിയമപ്രകാരം അർഹനായത്. എന്നാൽ, കുറ്റവാളികളെ കൈമാറുന്ന കരാർ ബ്രസീലും ഇറ്റലിയും തമ്മിൽ ഇല്ലാത്തതിനാൽ താരത്തിന്റെ ശിക്ഷ നടപ്പാക്കുക എവ്വിധമായിരിക്കുമെന്ന് വ്യക്തമല്ല. നിലവിലെ നിയമപ്രകാരം മറ്റൊരു രാജ്യത്ത് വിധിക്കപ്പെടുന്ന തടവുശിക്ഷ ബ്രസീലിൽ അനുഭവിക്കാനുള്ള വകുപ്പും നിലവിലില്ല.

2002-ൽ സാന്റോസിലൂടെ ഫുട്‌ബോൾ കരിയർ ആരംഭിച്ച റോബിഞ്ഞോ 2005-ൽ റയൽ മാഡ്രിഡിലും 2008-ൽ മാഞ്ചസ്റ്റർ സിറ്റിയിലും ചേർന്നു. 2010 മുതൽ മിലാനിൽ കളിച്ച താരം 2014-ൽ ലോൺ അടിസ്ഥാനത്തിൽ സാന്റോസിലേക്ക് കൂടുമാറി. പിന്നീട് ചൈനീസ് ക്ലബ്ബ് ഗ്വാങ്ചൗ എവർഗ്രാന്റ്, അത്‌ലറ്റികോ മിനേറോ, സിവാസ്‌പോർ, ഇസ്തംബൂൾ ബസക് ഷെഹിർ ക്ലബ്ബുകൾക്കു വേണ്ടിയും താരം പന്തുതട്ടി. ബ്രസീലിനുവേണ്ടി 100 മത്സരങ്ങൾ കളിച്ച താരം 28 ഗോളുകൾ നേടിയിട്ടുണ്ട്.

Summary: Italy's Top Court Upholds Former Brazil Forward Robinho's Nine-year Rape Conviction

Tags:    

Writer - André

contributor

Editor - André

contributor

By - Web Desk

contributor

Similar News