സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഒഡിഷയില്‍ സംഘർഷം; നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി
കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
മൽക്കാൻഗിരി: ഒഡിഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയുണ്ടായ സംഘർഷം നിയന്ത്രണ വിധേയമെന്ന് സർക്കാർ. മല്‍കാന്‍ഗിരി ജില്ലയിലെ രണ്ട് ഗ്രാമങ്ങളിലെ നിവാസികൾ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നിരവധി കെട്ടിടങ്ങൾ അഗ്നിക്കിരയായി.കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു.
മൽക്കാൻഗിരി ജില്ലയിലെ രാഖേൽഗുഡയിലെയും എം വി-26 ഗ്രാമത്തിലേയും ആളുകൾ തമ്മിലാണ് സംഘർഷം.ഞായറാഴ്ച ഉച്ചമുതലാണ് പ്രദേശത്ത് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പിന്നാലെ ഗ്രാമങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ച് നിരോധന പ്രഖ്യാപിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട 51കാരിയുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെടുത്താണ് സംഭവങ്ങളുടെ തുടക്കം.
തലയില്ലാത്തനിലയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ടാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് എഫ്ഐആർ.അടുത്തിടെ അയല്‍ഗ്രാമത്തിലെ ഒരാള്‍ക്ക് സ്ത്രീ തന്റെ ഭൂമിയുടെ ഒരുഭാഗം പാട്ടത്തിന് നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് ഈ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് സ്ത്രീ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പൊലീസിനെയും കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ് കാവൽ തുടരുമെന്നും കലക്ടർ അറിയിച്ചു.