കുന്ദമംഗലത്തെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി; തികഞ്ഞ വിജയപ്രതീക്ഷയെന്ന് ദിനേശ് പെരുമണ്ണ
മണ്ഡലത്തില്‍ പല പേരുകള്‍ നേരത്തെ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് യുഡിഎഫ് സ്വതന്ത്രനായിട്ട് ദിനേഷ് പെരുമണ്ണ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്
കോഴിക്കോട് മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളികളുടെ സമരപന്തലിലിരിക്കുമ്പോഴാണ് ദിനേശ് പെരുമണ്ണ തന്‍റെ സ്ഥാനാർഥി പ്രഖ്യാപനമറിയുന്നത്. അപ്രതീക്ഷ സ്ഥാനാർഥി പ്രഖ്യാനമാണെങ്കിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഈ യുഡിഎഫ് സ്വതന്ത്രൻ.
ഇന്ന് പ്രഖ്യാപിച്ച മുസ്‍ലിം ലീഗിന്‍റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കുന്ദമംഗലം മണ്ഡലത്തില്‍ ദിനേശ് പെരുമണ്ണയുടെ സ്ഥാനാർത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. യു.ഡി.എഫ് സ്വതന്ത്രനായിട്ടാണ് കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ ജനവിധി തേടുന്നത്.
കുന്ദമംഗലം മണ്ഡലത്തില്‍ പല പേരുകള്‍ നേരത്തെ ഉയര്‍ന്നു കേട്ടിരുന്നുവെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് യുഡിഎഫ് സ്വതന്ത്രനായിട്ട് ദിനേഷ് പെരുമണ്ണ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായിരിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ 2005ലും 2010ലും മെമ്പറായിരുന്നിട്ടുണ്ട് ദിനേഷ് പെരുമണ്ണ.
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലെ പിരിച്ചുവിടപ്പെട്ട ശുചീകരണതൊഴിലാളികളുടെ സമരപ്പന്തലിലായിരുന്നു ദിനേഷ് പെരുമണ്ണ. സമരത്തിന്‍റെ സമര സമിതി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളും തന്നെ സ്നേഹിക്കുന്നവരാണെന്നും വലിയ ജനപിന്തുണയുണ്ടെന്നും അതുകൊണ്ട് വിജയപ്രതീക്ഷയുണ്ടെന്നും ദിനേഷ് പെരുമണ്ണ പ്രതികരിച്ചു.
നിലവില്‍ എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ് കുന്ദമംഗലം. കഴിഞ്ഞ രണ്ട് തവണയും പി.ടി.എ റഹീമിന് മുമ്പില്‍ കൈവിട്ട മണ്ഡലം ഏതുവിധേനയും തിരിച്ചു പിടിക്കുകയാണ് ദിനേശ് പെരുമണ്ണയെ സ്വതന്ത്രനായി രംഗത്തിറക്കുക വഴി ലീഗിന്‍റെ ലക്ഷ്യം. കഴിഞ്ഞ തവണ കുന്ദമംഗലം സീറ്റില്‍ ടി. സിദ്ദീഖ് ആയിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി.