'അവള്‍ തെറ്റ് ചെയ്തിട്ടില്ല, പിന്നെന്തിന് ഞാന്‍ ഭയക്കണം?' ദിഷയുടെ അമ്മ

ദിഷ കര്‍ഷകരെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്ന് അമ്മ

Update: 2021-02-24 11:55 GMT

ടൂള്‍ കിറ്റ് കേസില്‍ ജാമ്യം ലഭിച്ച പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി വീട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് അമ്മ മഞ്ജുള നഞ്ചയ്യ. നടന്നതൊക്കെ വിഷമിപ്പിച്ച കാര്യങ്ങളാണ്. പക്ഷേ നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിന് ഭയക്കണം എന്നാണ് മഞ്ജുളയുടെ ചോദ്യം. ഇന്ത്യന്‍ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു മഞ്ജുള.

"നമ്മുടെ കുട്ടികള്‍ സത്യത്തിനും നീതിക്കുമായി നിലകൊള്ളുമ്പോള്‍ നമ്മള്‍ അവര്‍ക്കൊപ്പം നില്‍ക്കണം. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. പ്രത്യേകിച്ച് നിയമ വ്യവസ്ഥയോട്. എനിക്ക് നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. മകള്‍ തെറ്റൊന്നും ചെയ്തിട്ടില്ല എന്നതുകൊണ്ടുതന്നെ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായിരുന്നു. സത്യം എന്നും വിജയിക്കും. എന്‍റെ മകള്‍ തെറ്റൊന്നും ചെയ്യാത്ത കാലത്തോളം ഞാനെന്തിന് ഭയക്കണം? അവള്‍ കര്‍ഷകരെ പിന്തുണയ്ക്കുകയാണ് ചെയ്തത്.

Advertising
Advertising

കഴിഞ്ഞ ഒന്‍പത് ദിവസവും ദിഷയുടെ സുഹൃത്തുക്കള്‍ ഒപ്പമുണ്ടായിരുന്നു. അവരുടെ പിന്തുണയെ കുറിച്ച് പറയാന്‍ വാക്കുകളില്ല. ഫോണില്‍ സംസാരിച്ചപ്പോഴൊക്കെ ദിഷ ഞങ്ങളോട് ഭയപ്പെടാതിരിക്കാനാണ് പറഞ്ഞത്. അവളുടെ സുരക്ഷയെ കുറിച്ചായിരുന്നു ഞങ്ങളുടെ ചിന്ത. അവള്‍ക്ക് സമയത്ത് ഭക്ഷണമൊക്കെ കിട്ടുന്നുണ്ടാകുമോ എന്ന് ആകുലപ്പെട്ടു. കൂടെ നിന്ന അയല്‍വാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും നന്ദി പറയുന്നു"- മഞ്ജുള പറഞ്ഞു.

ഫെബ്രുവരി 13നാണ് ഡല്‍ഹി പൊലീസ് ദിഷയെ അറസ്റ്റ് ചെയ്തത്. റിപബ്ലിക് ദിനത്തിൽ അക്രമം അഴിച്ചു വിടാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിരുന്നു ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ടിറ്ററിൽ പങ്കുവെച്ച ടൂൾ കിറ്റ് എന്നതായിരുന്നു പൊലീസ് വാദം. ദിഷ രവി അടങ്ങുന്ന സംഘമാണ് ടൂൾ കിറ്റ് നിർമിച്ചതെന്നും പൊലീസ് ആരോപിച്ചു. തെളിവ് എവിടെ എന്നായിരുന്നു വാദം കേൾക്കവെ അഡീഷണൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയുടെ ചോദ്യം. തെളിവ് ഹാജരാക്കാൻ പൊലീസിന് സാധിക്കാത്ത സാഹചര്യത്തിലാണ് കോടതി ദിഷ രവിക്ക് ജാമ്യം അനുവദിച്ചത്.

Tags:    

Similar News