സ്‌കൂൾ കാലം മുതൽ ആർഎസ്എസ് ശിക്ഷണം നേടിയിട്ടുണ്ട്, ബിജെപിയിൽ ചേരാനുള്ള തീരുമാനം പെട്ടെന്നെടുത്തതല്ല: ഇ ശ്രീധരൻ
"ഏതെങ്കിലും സമുദായത്തിന്റേത് അല്ല ബിജെപി. ആ പ്രതിച്ഛായ മാറ്റണം. ബിജെപി ദേശസ്‌നേഹികളുടെ പാർട്ടിയാണ്"
സ്‌കൂൾ കാലം മുതലേ ആർഎസ്എസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ടെന്ന് മെട്രോമാൻ ഇ ശ്രീധരൻ. ഏതെങ്കിലും സമുദായത്തിന്റേതല്ല, ദേശസ്‌നേഹികളുടെ പാർട്ടിയാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനം പെട്ടെന്നുണ്ടായതല്ല എന്നും ശ്രീധരൻ കൂട്ടിച്ചേർത്തു. ആർഎസ്എസ് മുഖപത്രമായ കേസരിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാരുന്നു അദ്ദേഹം.
അഭിമുഖത്തിലെ പ്രസക്തഭാഗങ്ങൾ
പാലക്കാട് സ്‌കൂൾ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്. ചെറിയ ക്ലാസു മുതൽ വിക്ടോറിയയിലെ ഇന്റർമീഡിയറ്റ് കാലം വരെ അതു തുടർന്നു. വാജ്‌പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ മാനസിക അടുപ്പമുണ്ടായിരുന്നു. എന്നാൽ ഔദ്യോഗിക പദവിയിൽ രാഷ്ട്രീയം കലർത്താൻ താത്പര്യമുണ്ടായിരുന്നില്ല. അതിനാൽ ഒരു ന്യൂട്രൽ സ്റ്റാൻഡ് സ്വീകരിക്കുകയായിരുന്നു.
ബിജെപി വർഗീയ പാർട്ടിയാണ്, ഹിന്ദുക്കളുടെ പാർട്ടിയാണെന്ന പ്രചാരണം നിലനിൽക്കുന്നുണ്ട്. ആർഎസ്എസിൽ പ്രവർത്തിച്ചതു കൊണ്ട് അതല്ലെന്ന് അറിയാം. ഏതെങ്കിലും സമുദായത്തിന്റേത് അല്ല ബിജെപി. ആ പ്രതിച്ഛായ മാറ്റണം. ബിജെപി ദേശസ്‌നേഹികളുടെ പാർട്ടിയാണ്.
സെക്കൻഡ് ഫോം മുതൽ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളജിലെ ഇന്റർമീഡിയറ്റ് കാലത്തുമാണ് ആർഎസ്എസിന്റെ ശിക്ഷണം നേടിയത്. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂർ കോവിലകത്തെ ടിഎൻ ഭരതൻ എന്ന ഭരതേട്ടനും രാ.വേണുഗോപാലുമാണ് ശിക്ഷണം നൽകിയത്. സംഘശാഖകളിൽ എന്റെ ഒപ്പം പ്രായത്തിലുള്ള ഒട്ടേറെ കുട്ടികൾ ഉണ്ടായിരുന്നു.
രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്രമോദിയുടെ പ്രത്യേകത. അദ്ദേഹത്തിൽ നിന്നും ഞാൻ പഠിച്ചത് ഈ പാഠങ്ങളൊക്കെയാണ്.
വികസനകാര്യത്തിൽ പിന്നാക്കം നിൽക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ 20 വർഷമായി ഇവിടേക്ക് വികസനം വന്നിട്ടില്ല. മാറിമാറി ഭരിച്ച സർക്കാറുകൾ വികസനത്തിനായി ഒന്നും ചെയ്തില്ല. അവർക്ക് കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിലാണ് താത്പര്യം.