'ഹിഗ്വിറ്റ മാധവന്‍റെ മാത്രം സ്വന്തമല്ല, വിവാദത്തിൽ പിന്തുണക്കില്ല'; ബെന്യാമിന്‍

പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും ബെന്യാമിൻ

Update: 2022-12-02 13:59 GMT
Editor : ijas | By : Web Desk
Advertising

ഹിഗ്വിറ്റ എന്‍.എസ് മാധവന്‍റെ മാത്രം സ്വന്തമല്ലെന്നും പിന്തുണക്കില്ലെന്നും സാഹിത്യകാരന്‍ ബെന്യാമിന്‍. സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ലെന്ന് പറഞ്ഞ ബെന്യാമിൻ, ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകളെന്നും അദ്ദേഹം പറഞ്ഞു. ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്‍റെ അപ്പൻ, പെരുമ്പടവത്തിന്‍റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്‍റെ അടി, അമലിന്‍റെ അന്വേഷിപ്പിൻ കണ്ടെത്തും എന്നീ സിനിമകളുടെ പേരുകള്‍ പരാമര്‍ശിച്ചാണ് ബെന്യാമിന്‍ സിനിമയില്‍ ഉപയോഗിച്ച സാഹിത്യ സൃഷ്ടികളുടെ പേരുകള്‍ ഉദാഹരിച്ചത്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണെന്നും ബെന്യാമിൻ പറഞ്ഞു.

ബെന്യാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

ഹിഗ്വിറ്റ, മാധവന്‍റെ മാത്രം സ്വന്തമല്ല. അതുകൊണ്ട് ഈ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നുമില്ല. എന്നാൽ സിനിമക്കാരുടെ ഇരട്ട സ്വഭാവത്തെക്കുറിച്ച് പറയാതെ തരമില്ല. ഹിഗ്വിറ്റ മാത്രമല്ല അടുത്തിടെയായി സിനിമക്കാർ ഓസിന് ചൂണ്ടിക്കൊണ്ട് പോയ പേരുകൾ, ഇന്ദുഗോപന്‍റെ അമ്മിണിപ്പിള്ള, എസ് ഹരീഷിന്‍റെ അപ്പൻ, പെരുമ്പടവത്തിന്‍റെ ഒരു സങ്കീർത്തനം പോലെ, ഷിനിലാലിന്‍റെ അടി, അമലിന്‍റെ അന്വേഷിപ്പിൻ കണ്ടെത്തും. അങ്ങനെ എത്ര വേണമെങ്കിലും ഉണ്ട്. ഒരു ക്രെഡിറ്റ് പോലും വയ്ക്കാതെ കഥകൾ ചൂണ്ടിക്കൊണ്ടുപോയ അനുഭവങ്ങൾ നൂറായിരം. എന്നിട്ട് ഈ സിനിമക്കാർ ചെയ്യുന്നത് എന്താണ്, ഈ പേര് കൊണ്ടുപോയി രജിസ്റ്റർ ചെയ്യും. പിന്നെ ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പറ്റില്ലത്രേ. അങ്ങനെ ഒരു പടം വന്നാലും ഇല്ലെങ്കിലും ആ പേര് അവൻ സ്വന്തം പേരിൽ പിടിച്ചു വയ്ക്കും. മാധവനു എതിരെ സംസാരിക്കുന്നവർ ഈ ഇരട്ടത്താപ്പ് കൂടി അറിഞ്ഞിരിക്കുന്നത് നന്ന്. പണവും സംഘടനയും ഉണ്ടെന്ന് കരുതി എന്തും കാണിക്കാം എന്ന സിനിമക്കാരുടെ ഹുങ്ക് എതിർക്കപ്പെടേണ്ടത് തന്നെയാണ്.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News