ചിത്രം പരാജയപ്പെട്ടാല്‍ താരപുത്രനാണെന്ന പരിഗണനയൊന്നും ജനം തരില്ലെന്ന് അഭിഷേക് ബച്ചന്‍

Update: 2018-05-15 15:19 GMT
Editor : Jaisy
ചിത്രം പരാജയപ്പെട്ടാല്‍ താരപുത്രനാണെന്ന പരിഗണനയൊന്നും ജനം തരില്ലെന്ന് അഭിഷേക് ബച്ചന്‍
Advertising

ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പരാജയ സിനിമകളെക്കുറിച്ചാണ് കൊച്ചു ബച്ചന്‍ അധികവും സംസാരിച്ചത്

കഴിവും സൌന്ദര്യമുണ്ടായിട്ടും ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളുടെ മകനായിട്ടും ബി ടൌണില്‍ അത്ര കണ്ട് തിളങ്ങാത്ത നടനാണ് അഭിഷേക് ബച്ചന്‍. 2000 തുടങ്ങിയ അഭിഷേകിന്റെ സിനിമാ യാത്രയുടെ കണക്കെടുത്താല്‍ പരാജയ ചിത്രങ്ങളാണ് അധികവും. ഈയിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ പരാജയ സിനിമകളെക്കുറിച്ചാണ് കൊച്ചു ബച്ചന്‍ അധികവും സംസാരിച്ചത്.

ഒരു ചിത്രം പരാജയപ്പെട്ടാല്‍ താരപുത്രനാണെന്ന പരിഗണനയൊന്നും ജനം തരില്ല, അവര്‍ ആ നടനം മറക്കും. സിനിമാ ലോകത്ത് ഞാന്‍ പതിനാറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. വിജയപരാജയ സമ്മിശ്രമായിരുന്നു ഈ കാലയളവ്. സിനിമയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ സാധിച്ചു, കൂടുതല്‍ നല്ല വേഷങ്ങള്‍ ചെയ്യാനാണ് ഞാനിപ്പോള് ആഗ്രഹിക്കുന്നത്. സിനിമാ ലോകത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അഭിഷേക് ബച്ചന്‍ പറഞ്ഞു.

വിജയത്തിന്റെ മുന്നോടിയാണ് പരാജയം. എന്നാല്‍ പരാജയമാണ് ലോകത്തിലെ ഏറ്റവും മോശമായ കാര്യമെന്നതും ഒരു സത്യമാണ്, അതൊരു മനുഷ്യനെ നശിപ്പിക്കും. എല്ലാ താരങ്ങളെയും പോലെ ഞാനും ഒരു വികാരജീവിയാണ്. ജിവിതത്തിന്റെ നല്ല വശങ്ങള്‍ കാണാന്‍ പഠിക്കേണ്ടത് ഒരു ആവശ്യമാണെന്ന് തോന്നുന്നു. മോശം സമയങ്ങളില്‍ എന്റെ നര്‍മ്മബോധമാണ് എന്നെ പിടിച്ചുനിര്‍ത്തിയത്. നിങ്ങള്‍ ദുര്‍ബലനായിരിക്കുമ്പോള്‍ പോസിറ്റീവായി ചിന്തിക്കൂ. ഞാനൊരു പോസിറ്റീവ് ആയിട്ടുള്ള വ്യക്തി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. എനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകളൊന്നും ഞാന്‍ ശ്രദ്ധിക്കാറേയില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കില്‍ എല്ലാത്തിനെയും തമാശയായി കാണാന്‍ പഠിക്കണമെന്നും ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News