ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തു; പുറത്താക്കല്‍ സാങ്കേതികമായി നിലനില്‍ക്കില്ലെന്ന് കണ്ടെത്തല്‍

ഒരു വര്‍ഷം മുമ്പാണ് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത്.

Update: 2018-06-24 14:51 GMT

ചലച്ചിത്ര നടീ നടന്മാരുടെ സംഘടനയായ അമ്മയിലേക്ക് നടൻ ദിലീപ് തിരിച്ചെത്തി. കൊച്ചിയിൽ ചേര്‍ന്ന അമ്മ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. ദിലീപിനെതിരായ നടപടി സാങ്കേതികമായി നിലനിൽക്കില്ലെന്നാണ് 'അമ്മ'യുടെ കണ്ടെത്തൽ.

നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനെത്തുടര്‍ന്നാണ് ദിലീപിനെ കഴിഞ്ഞ വർഷം അമ്മയില്‍ നിന്ന് പുറത്താക്കിയത്. നടിയെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് അമ്മയുടെ മുന്‍ ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടെ വീട്ടിൽ ചേർന്ന അടിയന്തര അവൈലബിള്‍ എക്സിക്യൂട്ടീവ് യോഗം ദിലീപിനെ സംഘടനയിൽ നിന്നു പുറത്താക്കിയതായി പ്രഖ്യാപിച്ചത്.

Advertising
Advertising

കമ്മിറ്റിയിലുണ്ടായിരുന്ന യുവ അഭിനേതാക്കളുടെ കണിശമായ നിലപാടിനെത്തുടർന്നായിരുന്നു നടപടി. എന്നാല്‍ ഇത് ചട്ടപ്രകാരമായിരുന്നില്ലെന്നും സാങ്കേതികമായി നിലനില്‍ക്കില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് 'അമ്മ' പ്രസ്താവന പിൻവലിച്ചത്. സംഘടനാചട്ടം അനുസരിച്ച് അടിയന്തര സാഹചര്യത്തിൽ അവൈലബിൾ എക്സിക്യൂട്ടീവ് കമ്മിറ്റി ചേർന്നാലും എടുക്കുന്ന തീരുമാനം അടുത്ത എക്സിക്യൂട്ടീവില്‍ ചർച്ച ചെയ്ത ശേഷം ബന്ധപ്പെട്ട വ്യക്തിയെ അറിയിച്ച് വിശദീകരണം തേടണം. എന്നാല്‍ ഇത് ലംഘിക്കപ്പെട്ടു

കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍ ദിലീപിനെതിരായ നടപടിയെ അംഗങ്ങള്‍ ചോദ്യം ചെയ്തു. ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഇടവേള ബാബു പ്രസ്താവന പിന്‍വലിക്കുന്നതായി യോഗത്തെ അറിയിക്കുകയായിരുന്നു. വനിതാ സംഘടനയായ ഡബ്ല്യു.സി.സി.യിലെ അംഗങ്ങള്‍ ആരും ജനറല്‍ ബോഡിയില്‍ പങ്കെടുത്തില്ല.

Full View

നടന്‍ മോഹന്‍ ലാലിനെ പ്രസിഡന്റായും ഇടവേള ബാബുവിനെ ജനറല്‍ ‍സെക്രട്ടറിയായും തിരഞ്ഞെടുത്ത യോഗം 11 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയില്‍ മുന്‍ വര്‍ഷത്തെ കമ്മറ്റിയിലുള്ള ആസിഫ് അലിയെ മാത്രമാണ് നിലനിര്‍ത്തിയത്. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള യുവ നടന്മാര്‍ ജനറല്‍ ബോഡിയില്‍ നിന്ന് വിട്ടു നിന്നു.

Tags:    

Similar News