കരിന്തണ്ടന് ശേഷം വീണ്ടും നായകനായി വിനായകന്‍; തൊട്ടപ്പനാകുന്നത് ഷാനവാസ് ചിത്രത്തില്‍
ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്നു. ഷാനവാസ് കെ ബാവക്കുട്ടിയുടെ തൊട്ടപ്പനിലാണ് വിനായകന്‍ വീണ്ടും നായക വേഷത്തിലെത്തുന്നത്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. ഷെയിന്‍ നിഗം നായകനായ കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് 2016-ല്‍ ഷാനവാസ് കെ. ബാവക്കുട്ടി സംവിധായകനാകുന്നത്. അച്ഛൻ മകള്‍ ബന്ധത്തിന്റെ തീവ്രതയാകും വൈകാരികമായി തന്നെ ചിത്രം പറയുകയെന്ന് സംവിധായകന്‍ ഷാനവാസ് കെ ബാവക്കുട്ടി പറയുന്നു. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്നേഹിച്ചതുമെല്ലാം ചിത്രത്തില്‍ അതേ വൈകാരികതയോടെ തന്നെ കാണാന്‍ സാധിക്കുമെന്ന് ഷാനവാസ് പറയുന്നു.
റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, ദിലീഷ് പോത്തന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പുതുമുഖം പ്രിയംവദയാണ് നായിക. പി.എസ് റഫീഖിന്റേതാണ് തിരക്കഥ. ലീല എല്‍. ഗിരികുട്ടനും വിനായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. ഗാനരചന: അന്‍വര്‍ അലി, അജീഷ് ദാസന്‍, പി.എസ് റഫീഖ്. പട്ടം സിനിമാ കമ്പനിയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.