കടുത്ത തലവേദന, ആരോഗ്യപ്രവര്‍ത്തകരുടെ കരുതല്‍.. കോവിഡ് കാല അനുഭവം പങ്കുവെച്ച് ഗൗതമി നായർ
ആരോഗ്യപ്രവര്‍ത്തകരുടെ കരുതലിനെയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ചാണ് ഗൗതമി കുറിപ്പില്‍ പറയുന്നത്.
നടി ഗൗതമി നായർ കോവിഡ് മുക്തയായി. ഗൗതമിക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് ബാധിച്ച ശേഷമുള്ള 21 ദിവസങ്ങളിലെ അനുഭവം ഗൗതമി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ കരുതലിനെയും ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ചാണ് ഗൗതമി കുറിപ്പില്‍ പറയുന്നത്.
ഗൗതമിയുടെ കുറിപ്പ്-
അങ്ങനെ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത് സംഭവിച്ചു. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ നെഗറ്റീവ് ആയി, എന്റെ 21 ദിവസങ്ങൾ പൂർത്തിയാക്കി. എന്‍റെ സഹോദരിയെയും കോവിഡ് ബാധിച്ചിരുന്നു.
എനിക്ക് ആദ്യം പറയാനുള്ളത് ഹെല്‍ത്ത് സെന്‍ററുകളിലെ നഴ്സുമാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും കുറിച്ചാണ്. ഞങ്ങളുടെ ലക്ഷണങ്ങളെ കുറിച്ച് അറിയാനും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അവര്‍ എന്നും വിളിച്ചുകൊണ്ടിരുന്നു.
ഞങ്ങൾക്ക് കഠിനമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. രണ്ട് പേർക്കും കടുത്ത തലവേദന ഉണ്ടായിരുന്നു, മൈഗ്രെയ്നൊക്കെ പോലെ. സഹപ്രവര്‍ത്തകക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രൈമറി കോണ്‍ടാക്റ്റ് പട്ടികയില്‍ എന്നെ ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് പോലും അറിയുമായിരുന്നില്ല. എങ്കില്‍ ഞാൻ കാരണം എത്ര പേരിലേക്ക് വൈറസ് ബാധയുണ്ടാകുമായിരുന്നുവെന്ന് ദൈവത്തിന് മാത്രമേ അറിയൂ.
അതുകൊണ്ട് തന്നെ നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ പരിശോധന നടത്തുക. നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ അപകടത്തിലാക്കാതിരിക്കുക.