'സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യും'; വിദേശ ചാനലിന് മമ്മൂട്ടി നൽകിയ ആദ്യത്തെ അഭിമുഖ വീഡിയോ
1992ല്‍ ഖത്തര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത അഭിമുഖം അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് തന്‍റെ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്
സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് നടന്‍ മമ്മൂട്ടി. 29 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദേശ ചാനലിന് വേണ്ടി മാധ്യമപ്രവര്‍ത്തക ജിന കോള്‍മാന്‍ നടത്തിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്‍റെ സംവിധാന മോഹം തുറന്നുപറഞ്ഞത്. 1992ല്‍ ഖത്തര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്ത അഭിമുഖം അഭിനേതാവായും ഛായാഗ്രഹകനായും പ്രശസ്തനായ ഏ.വി.എം ഉണ്ണിയാണ് തന്‍റെ യൂ ട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.
'സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ട് പക്ഷേ എനിക്ക് ഇപ്പോഴും പേടിയാണ്. ഒരു സിനിമ ചെയ്യാന്‍ ആവശ്യമായ മാനസികാവസ്ഥയിലല്ല ഞാന്‍, അതിന് വേണ്ട അനുഭവസമ്പത്ത് എനിക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയോട് ഗുഡ് ബൈ പറയും മുമ്പ് തീര്‍ച്ചയായും ഒരു സിനിമ സംവിധാനം ചെയ്യും'; മമ്മൂട്ടി പഴയ അഭിമുഖത്തില്‍ പറഞ്ഞു.
താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങള്‍ അതിമാനുഷരല്ലെന്നും സാധാരണ മനുഷ്യരാണെന്നും കഥാപാത്രങ്ങളിലേക്ക് താന്‍ ഇറങ്ങുകയാണെന്നും അല്ലാതെ കഥാപാത്രം തന്നിലേക്കല്ലെന്നും മമ്മൂട്ടി പറഞ്ഞു.
മക്കളായ ദുല്‍ഖറും സുറുമിയും സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിനും മമ്മൂട്ടി മറുപടി നല്‍കി. തന്‍റെ പിതാവ് കര്‍ഷകനായിരുന്നു. എനിക്കൊരിക്കലും കര്‍ഷകനാവാന്‍ ആഗ്രഹമില്ലായിരുന്നു. പിതാവും കര്‍ഷകനാവാന്‍ നിര്‍ബന്ധിച്ചിട്ടില്ല. ഞാന്‍ എന്‍റെ പാത സ്വയം വെട്ടിത്തെളിക്കുകയായിരുന്നു. അത് തന്നെയാണ് മക്കളുടെ കാര്യത്തിലും. അവര്‍ക്കും അവരുടെ ജീവിതം തീരുമാനിക്കാം, ഞാനവര്‍ക്ക് വിട്ടുകൊടുക്കുകയാണ്- മമ്മൂട്ടി പറഞ്ഞു.
മലയാള സിനിമയില്‍ എത്തിപ്പെട്ടതിന് പിന്നിലെ കഥയും മമ്മൂട്ടി തുറന്നുപറഞ്ഞു. സിനിമയില്‍ കയറുക എന്നത് ഒരു ഭാഗ്യാന്വേഷണമാണ്. എനിക്ക് എന്‍റെ ജീവിതം കൊണ്ട് ഭാഗ്യപരീക്ഷണം നടത്താന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ജീവിതം മറ്റു ജോലിയിലൂടെ സുരക്ഷിതമാക്കിയതിന് ശേഷമാണ് സിനിമയില്‍ ഭാഗ്യപരീക്ഷണത്തിന് മുതിര്‍ന്നത്- മമ്മൂട്ടി പറഞ്ഞു.