'ഞാൻ ബോബി ഡിയോൾ, ദയവായി എനിക്ക് ഒരു റോൾ തരൂ'; അവസരങ്ങൾക്കുവേണ്ടി സംവിധായകരോട് യാചിച്ച കാലമുണ്ടായിരുന്നു'
നീണ്ട പോരാട്ടത്തിന് ശേഷമായിരുന്നു തന്‍റെ രണ്ടാം വരവെന്ന് ബോബി പറയുന്നു
Photo: Instagram/bobbydeol
മുംബൈ: ഒരു കാലത്തെ ബോളിവുഡിലെ ഹാര്‍ട്ട്ത്രോബ് ആയിരുന്ന ബോബി ഡിയോൾ വീണ്ടും മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അശ്രാം എന്ന വെബ് സീരിസിലൂടെ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബോബി ആനിമൽ എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തി. ഇപ്പോൾ 'ദി ബാഡ്‌സ് ഓഫ് ബോളിവുഡിലൂടെ' ബോബി ബി ടൗണിൽ തന്‍റെ സ്ഥാനം വീണ്ടും ഉറപ്പിരിക്കുകയാണ്. തിരിച്ചുവന്ന താരത്തിളക്കത്തിനിടയിലും അവസരങ്ങളില്ലാതെ വീട്ടിൽ ഇരുന്ന കാലത്തെക്കുറിച്ച് ഓര്‍ക്കുകയാണ് താരം.
നീണ്ട പോരാട്ടത്തിന് ശേഷമായിരുന്നു തന്‍റെ രണ്ടാം വരവെന്ന് ബോബി പറയുന്നു. 2010-കളിൽ ബോബിക്ക് കുറച്ച് സിനിമകളേ ഉണ്ടായിരുന്നുള്ളൂ. മിക്കവയും പരാജയങ്ങളും. അവസരങ്ങൾ തേടി സംവിധായകരുടെയും നിര്‍മാതാക്കളുടെയും ഓഫീസുകൾ കയറിയിറങ്ങാറുണ്ടായിരുന്നുവെന്ന് ബോബി ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ വെളിപ്പെടുത്തുന്നു. "ഞാൻ ബോബി ഡിയോൾ ആണ്. ദയവായി എനിക്ക് ജോലി തരൂ.അതിൽ തെറ്റൊന്നുമില്ല. കുറഞ്ഞത് അവർ ബോബി ഡിയോൾ എന്നെ കാണാൻ വന്നതായി ഓർക്കും." സോൾജ്യര്‍ താരം പറയുന്നു.
"ജീവിതത്തിൽ ഒരിക്കൽ ഞാൻ പരാജയം സമ്മതിച്ചിരുന്നു. ആ ഘട്ടത്തിലൂടെ കടന്നുപോയി. എന്നാൽ ഒന്നും നിങ്ങളുടെ കൈകളിലില്ലാത്തപ്പോൾ, നിങ്ങൾക്ക് എന്തോ ഒന്ന് ഉണ്ടായിരുന്നുവെന്ന് എന്തോ ഒന്ന് നിങ്ങളെ മനസ്സിലാക്കിത്തരുന്നു. അതുകൊണ്ടാണ് നിങ്ങൾക്ക് ഇത്രയും മികച്ച തുടക്കം ലഭിച്ചത്. നിങ്ങൾക്ക് ഇപ്പോഴും അത് ഉണ്ടെന്നും നിങ്ങൾക്ക് അത് വീണ്ടും ലഭിച്ചില്ലെങ്കിൽ, നിങ്ങൾ മുന്നോട്ട് പോകില്ലെന്നും ഒരു ശബ്ദം നിങ്ങളോട് പറയുന്നു." കരിയറിലെ മോശം സമയത്തെക്കുറിച്ച് ബോബി പറയുന്നത് ഇങ്ങനെ.
1995-ൽ ബർസാത് എന്ന ചിത്രത്തിലൂടെയാണ് പ്രശസ്ത താരം ധര്‍മേന്ദ്രയുടെ മകൻ കൂടിയായ ബോബി ഡിയോൾ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് സോൾജിയർ, ബാദൽ, ബിച്ചൂ, അജ്നബി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ബോബി ബോളിവുഡിന്‍റെ ഹരമായി മാറി. 2000-കളിലും 2010-കളിലും തുടർച്ചയായ പരാജയങ്ങൾ നേരിട്ടതിനെ തുടർന്ന് അവസരങ്ങൾ കുറഞ്ഞു. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി ബോബി തിരക്കിലാണ്.