'അമ്മമ്മ സദ്യയുണ്ടാക്കുമ്പോള്‍ ഉമ്മൂമ്മ ബിരിയാണിയുണ്ടാക്കും': വീട്ടിലെ ആഘോഷങ്ങളെ കുറിച്ച് അനു സിതാര

'ജാതിക്കും മതത്തിനുമല്ല പ്രാധാന്യം. സ്നേഹത്തിനാണ്'

Update: 2022-08-28 05:20 GMT

അച്ഛനും അമ്മയും വ്യത്യസ്ത മതവിഭാഗത്തില്‍ ഉള്ളവരായതിനാല്‍ വീട്ടിലെ ആഘോഷങ്ങളും വേറിട്ടതാണെന്ന് നടി അനു സിതാര. മലബാറില്‍ ഓണത്തിന് സദ്യയ്ക്കൊപ്പം എന്തെങ്കിലും നോണ്‍ വെജ് വിഭവം കാണും. അമ്മമ്മ സദ്യയുണ്ടാക്കുമ്പോള്‍ തൊട്ടപ്പുറത്തു നിന്ന് ഉമ്മൂമ്മ ബിരിയാണിയുണ്ടാക്കും. ഇത് കാണാന്‍ തനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് അനു സിതാര പറഞ്ഞു.

"ശാന്തേ ബിരിയാണിയില്‍ ഉപ്പ് കറക്റ്റാണോന്ന് നോക്ക് എന്ന് ഉമ്മൂമ്മ പറയും. അപ്പോ അമ്മമ്മ സാമ്പാറില്‍ കായം കറക്റ്റാണോന്ന് ഉമ്മൂമ്മയോട് ചോദിക്കും. പെരുന്നാള്‍ വരുമ്പോഴും അങ്ങനെയാണ്. വെജ് ഐറ്റംസ് ഒക്കെ അമ്മമ്മയും നോണ്‍ ഐറ്റംസൊക്കെ ഉമ്മൂമ്മയുമാണ് ഉണ്ടാക്കുക. അവര് ഭയങ്കര കൂട്ടാണ്. വീട്ടുകാര്‍ യാത്ര പോകുമ്പോഴൊക്കെ അവരെ ഒരുമിച്ചാക്കിയിട്ടാണ് പോവുക. അവര് കഥകളൊക്കെ പറഞ്ഞിരിക്കും. അവിടെ ജാതിക്കും മതത്തിനുമല്ല പ്രാധാന്യം. സ്നേഹത്തിനാണ്"- അനു സിതാര പറഞ്ഞു.

Advertising
Advertising

അറിയപ്പെടുന്ന നാടക നടനായ അബ്ദുല്‍ സലാം ആണ് അനു സിതാരയുടെ പിതാവ്. മാനുവെന്നാണ് അനു സിതാര പിതാവിനെ വിളിക്കുന്നത്. അമ്മ രേണുക നൃത്താധ്യാപികയാണ്. ചെറുപ്പത്തില്‍ മദ്രസയില്‍ പോയിരുന്നുവെന്ന് അനു സിതാര പറഞ്ഞു. അമ്പലങ്ങളിലും പോവാറുണ്ടായിരുന്നു. അമ്മയുടെ അച്ഛനാണ് അന്ന് മദ്രസയില്‍ കൊണ്ടുവിട്ടിരുന്നത്. തട്ടമൊക്കെ ചുറ്റി ഞാന്‍ അച്ഛന്റെ കൈപിടിച്ചാണ് പോവുന്നത്. മദ്രസ കഴിയുന്നത് വരെ അച്ഛന്‍ അവിടെ നില്‍ക്കും. മോള്‍ പഠിച്ചോട്ടെ എന്നായിരുന്നു അച്ഛനെന്നും അനു സിതാര പറഞ്ഞു.

എല്ലാ സിനിമകളും കാണാറുണ്ടായിരുന്നു. വീട്ടിനടുത്ത് തന്നെ തിയേറ്ററുണ്ട്. കുടുംബമൊന്നിച്ചു പോയി കാണും. ഫാമിലി സ്റ്റോറിയും ഫീല്‍ ഗുഡ് സ്റ്റോറിയൊക്കെയാണ് ഇഷ്ടം. വാത്സല്യം, തിളക്കം, ചതിക്കാത്ത ചന്തു, വെട്ടം ഒക്കെ എത്രവട്ടം കണ്ടുവെന്ന് അറിയില്ലെന്നും അനു സിതാര പറഞ്ഞു.

രാമന്റെ ഏദന്‍തോട്ടത്തിലെ കഥാപാത്രം ചെയ്യുമ്പോള്‍ ഇത് ആളുകള്‍ക്ക് ഇഷ്ടമാവുമോയെന്ന സംശയമുണ്ടായിരുന്നു. അതേക്കുറിച്ച് സംവിധായകനോട് ചോദിച്ചിരുന്നു. ഇഷ്ടമാവും അനൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ആ കഥാപാത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് അന്നറിയില്ലായിരുന്നു. ജീവിതവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കുറേ ചേച്ചിമാര്‍ മെസ്സേജ് അയച്ചിരുന്നു. അധികം പ്ലാനൊന്നുമില്ലാതെ ചെയ്ത സിനിമയാണ് അത്. ഡാന്‍സുമായുള്ള ബന്ധം മാത്രമേ താനും ആ കഥാപാത്രവും തമ്മിലുള്ളൂവെന്നും അനു സിതാര പറഞ്ഞു. ജാംഗോ സ്പെയ്സ് എന്ന യു ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനു സിതാര ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News