'ഉടായിപ്പ് മനസ്സിലാക്കി; ഒരു സംഘ പ്രവർത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചത്'; സന്ദീപ് വാചസ്പതിക്കെതിരെ ലക്ഷ്മിപ്രിയ

''പ്രസ്ഥാനത്തോടുള്ള ഇഷ്ടംകൊണ്ട്, സംഘി എന്ന വിളിപ്പേരും തൊഴിലിടത്തിൽനിന്നുള്ള മാറ്റിനിർത്തലും മാത്രം അനുഭവിക്കുമ്പോൾ നോവ് അൽപം കൂടുതലായിരിക്കും.''

Update: 2023-09-10 14:59 GMT
Editor : Shaheer | By : Web Desk

ലക്ഷ്മിപ്രിയ, സന്ദീപ് വാചസ്പതി

Advertising

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതിക്കെതിരെ ആരോപണവുമായി നടി ലക്ഷ്മിപ്രിയ. സന്ദീപിന്റെ ആവശ്യപ്രകാരം പങ്കെടുത്ത പരിപാടിയിൽ മാന്യമായ പ്രതിഫലം നൽകാതെ കബളിപ്പിച്ചെന്ന് നടി ആരോപിച്ചു.

കഴിഞ്ഞ ആഗസ്റ്റ് 27ന് പെണ്ണുക്കര തെക്കിൽ നടന്ന എൻ.എസ്.എസ് ഓണാഘോഷ പരിപാടിയിലാണ് സന്ദീപിന്റെ നിർദേശപ്രകാരം നടി പങ്കെടുത്തത്. കാക്കനാട്ടുനിന്ന് നൂറു കി.മീറ്ററിലേറെ ദൂരം മൂന്നു മണിക്കൂർ ദൂരമെടുത്ത് ഓടിയെത്തിയാണു സ്ഥലത്തെത്തിയത്. അതിരാവിലെ ചെറിയ കുഞ്ഞുമായായിരുന്നു യാത്ര. ഭക്ഷണം പോലും ഒഴിവാക്കി സമയത്ത് പരിപാടിക്കെത്തി. എന്നാൽ, പരിപാടിയെല്ലാം കഴിഞ്ഞ് പുറത്തു പറയാൻ പോലും പറ്റാത്ത തുക നൽകി സംഘാടകർ മുങ്ങിയെന്ന് നടി വെളിപ്പെടുത്തി.

ഈ നാട് മുഴുവൻ ബി.ജെ.പിയുടെ പ്രചാരണത്തിനും ആർ.എസ്.എസ് പരിപാടികൾക്കും പോയിട്ടുണ്ട്. സ്വന്തം കൈയിൽനിന്ന് ഡീസൽ അടിച്ചും തൊണ്ടപൊട്ടി പ്രസംഗിച്ചും പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരമൊരു ഉടായിപ്പ് ഒരു സംഘ പ്രവർത്തകന് ഒരിക്കലും ചേരുന്നതല്ലെന്ന് ലക്ഷ്മിപ്രിയ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ചാനൽ ചർച്ചകളിൽ എതിരാളികളെ ഘോരഘോരം സമർത്ഥിച്ച് മലർത്തിയടിക്കുന്ന സന്ദീപ് വാചസ്പതി എന്ന വിഗ്രഹം വാക്കുമാറ്റി തനിക്കെതിരെ ചാർത്തിയെന്നും അവർ പറഞ്ഞു.

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

സുഹൃത്തുക്കളേ, ഈ കഴിഞ്ഞ ആഗസ്റ്റ് 27ന് എനിക്കുണ്ടായ ഒരു ദുരനുഭവം ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. സന്ദീപ് വാചസ്പതി ഒരു മൂന്ന് മാസം മുൻപ് എന്നെ കോൺടാക്ട് ചെയ്യുന്നു. പെണ്ണുക്കര തെക്ക് സന്ദീപ് വാചസ്പതി കൂടി അംഗമായ NSS കരയോഗ മന്ദിരത്തിൽ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിക്കുന്നു. ചെറിയ പരിപാടിയാണ്, വലുതായി ഒന്നും പ്രതീക്ഷിക്കരുത് എന്ന് പറയുന്നു. ഈ നാട് മുഴുവൻ ബി.ജെ.പിയ്ക്ക് പ്രചരണത്തിന് പോയിട്ടുണ്ട്, RSS പരിപാടികൾക്ക് പോയിട്ടുണ്ട്. സ്വന്തം കയ്യിൽ നിന്നും ഡീസൽ അടിച്ച് തൊണ്ട പൊട്ടി പ്രസംഗിച്ചു പാർട്ടിയെ വളർത്താൻ ശ്രമിച്ചിട്ടുണ്ട്. ഒരു രൂപ പോലും മേടിക്കാതെ നിരവധി ഉദ്ഘാടനങ്ങൾക്ക് പോയിട്ടുണ്ട്. അതൊക്കെ സ്വന്തം ഇഷ്ടപ്രകാരമാണ്. ക്യാഷ് മേടിച്ചും ഇതൊക്കെ ചെയ്തിട്ടുണ്ട്, അതും സ്വന്തം ഇഷ്ടപ്രകാരം. സമയവും സൗകര്യവും ഉണ്ടെങ്കിൽ സൗജന്യമായി പോകാൻ ഏറെ അടുപ്പമുള്ളവർ വിളിച്ചാൽ മടി കാണിക്കാറില്ല. തൃശൂർ സ്ഥിരം ബി.ജെ.പി സ്ഥാനാർത്ഥി ഡീസൽ ക്യാഷ് എന്ന് പറഞ്ഞുനൽകിയ വണ്ടി ചെക്ക് ഇന്നും കയ്യിൽ ഭദ്രമായി ഇരിപ്പുണ്ട്. അതൊക്കെ മനസ്സിലുള്ളതിനാലും ശ്രീ സന്ദീപ് വാചസ്പതിയോടുള്ള സൗഹൃദം കൊണ്ടും ചെല്ലാം എന്ന് സമ്മതിക്കുന്നു.

സന്ദീപ് വാചസ്പതി പറഞ്ഞതനുസരിച്ചു രാജേഷ് പെണ്ണുക്കര എന്ന വ്യക്തി വിളിക്കുന്നു. എങ്ങനെയാണ് പേയ്മെന്റ് എന്ന് ചോദിക്കുന്നു. ഞാൻ ഏറ്റവും മിനിമം ഒരു പേയ്മെന്റ് പറയുന്നു. ഇതിൽ നിങ്ങൾക്ക് എന്താണ് ചെയ്യാൻ പറ്റുന്നത് അത് പറയാൻ പറയുന്നു. അതൊക്കെ ഞങ്ങൾ മാന്യമായി ചെയ്തുകൊള്ളാം എന്ന് പറയുന്നു. എങ്കിലും ഓണം പ്രോഗ്രാമുകൾ ഉള്ളതിന്റെ ഇടയ്ക്ക് വരുന്നതാണ് നിങ്ങൾക്ക് എത്ര പറ്റും എന്ന് ഞാൻ വീണ്ടും ചോദിക്കുന്നു. യാതൊരു പ്രശ്‌നവുമില്ല പോരെ എന്ന് രാജേഷ് പറയുന്നു.

കാക്കനാട്ടുനിന്ന് നൂറിൽ കൂടുതൽ കിലോമീറ്റർ യാത്ര. മൂന്നു മണിക്കൂറിൽ കൂടുതൽ ഓട്ടം. 10.30ന് എത്തണം. ചെറിയ കുഞ്ഞുമായി വെളുപ്പിന് ഇറങ്ങി. റോഡ് മുഴുവൻ പണികൾ. വളഞ്ഞും തിരിഞ്ഞും ഗൂഗിൾ പറഞ്ഞുതന്ന വഴിയിലൂടെ ഇപ്പറഞ്ഞ ഇടത്തെത്തി. ആഹാരം കഴിക്കാൻ പോലും വണ്ടി നിർത്തിയിട്ടില്ല. കുഞ്ഞും ആകെ വലഞ്ഞു.

ഭംഗിയായി പ്രോഗ്രാം കഴിഞ്ഞു. അവരുടെ നിർബന്ധത്തിന് വഴങ്ങി ഒരുമിച്ച് ഭക്ഷണം കഴിച്ചു. എല്ലാവരുമായി ചേർന്നു സെൽഫികൾ എടുത്തു. പോരാൻ നേരം ടി.ജി രാജേഷ് എന്ന എന്നെ സന്ദീപ് വാചസ്പതി പറഞ്ഞിട്ട് വിളിച്ച വ്യക്തി അങ്ങ് മുങ്ങി. ശേഷം പ്രസിഡന്റ് പി.ബി അഭിലാഷ് കുമാർ ഒരു കവർ തന്നു. ഇടുങ്ങിയ ഗേറ്റിൽനിന്ന് റോഡിലേക്ക് വണ്ടി എടുക്കുമ്പോൾ ഒന്ന് റിവേഴ്സ് പറഞ്ഞുതരാൻ പോലും ഒരുത്തരും ഉണ്ടായില്ല. അപ്പോഴേ ഞങ്ങൾക്ക് സംശയം തോന്നി. കയ്യിൽ തന്ന കവർ അപ്പോൾ തന്നെ ഞാൻ പൊട്ടിച്ചുനോക്കി. ആ തുക ഇവിടെ എഴുതാൻ എന്റെ അഭിമാനം സമ്മതിക്കുന്നില്ല. തിരിച്ച് അതുപോലെ വന്ന് ഈ രാജേഷിനെ വിളിക്കുന്നു. അയാൾ ഫോൺ എടുക്കുന്നില്ല. ശേഷം അവിടെ നിന്ന ഒരാളെക്കൊണ്ട് ഞങ്ങളുടെ വണ്ടി തിരികെവന്നത് കാണാതെ നിന്ന പ്രസിഡന്റ് അഭിലാഷ് കുമാറിനെ അടുത്തേക്ക് വിളിച്ചു. ആ കവർ അതുപോലെ തിരികെ നൽകി. വണ്ടി എടുത്തു വീട്ടിലേക്ക് പോന്നു.

സന്ദീപ് ജിയെ വിളിച്ചു, അവരോട് മാന്യമായി പേയ്മെന്റ് നൽകണം എന്ന് ഞാൻ പറഞ്ഞിട്ടുണ്ട് എന്നും അവർ എത്ര നൽകിയെന്ന് എന്നെ അറിയിക്കണമെന്നും അന്ന് രാവിലെ കൂടി എന്നോട് അദ്ദേഹം പറഞ്ഞിട്ടുണ്ടല്ലോ? വിവരങ്ങൾ അറിയിക്കുന്നു, അദ്ദേഹം അതീവ വിഷമത്തിൽ ക്ഷമ പറയുന്നു. രാജേഷിനെ വിളിക്കുന്നു. എനിക്ക് തരാൻവച്ചിരുന്ന പണം തലേ ദിവസത്തെ ഹോസ്പിറ്റൽ കേസിനു ചെലവായി എന്ന് പറയുന്നു. അങ്ങനെയെങ്കിൽ ആ വിവരം നിങ്ങൾ എന്നെ അറിയിക്കാതെ ഒന്ന് യാത്രയയ്ക്കുക പോലും ചെയ്യാതെ എന്തിന് മാറിനിന്നുവെന്ന് ഞാൻ ചോദിക്കുന്നു. ഉടായിപ്പ് ഞാൻ മനസ്സിലാക്കി. ഒരു സംഘ പ്രവർത്തകന് ഒരിക്കലും ചേരുന്നതല്ല ഈ കാണിച്ചതെന്ന് ഞാൻ പറയുന്നു. എന്റെ അക്കൗണ്ട് നമ്പർ ഇട്ടാൽ എന്റെ പേയ്മെന്റ് വണ്ടിക്കൂലി അടക്കം രണ്ട് ദിവസത്തിനുള്ളിൽ എന്ന് സന്ദീപ് വാചസ്പതിയും രാജേഷും പറയുന്നു.

ഓണം, തിരക്ക് ഇവയൊക്കെ കഴിഞ്ഞു വിളിക്കുന്നു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് തിരക്കുകളിൽ ആണ്, ഫ്രീ ആകുമ്പോ വിളിക്കാമെന്ന് സന്ദീപ് ജി അറിയിക്കുന്നു. രാജേഷ് അന്ന് തൊട്ട് ഇന്ന് വരെ എന്റെ ഫോൺ എടുത്തിട്ടില്ല. വിളി ഇങ്ങോട്ട് കാണാത്തതിനാൽ സന്ദീപ് ജിയെ വിളിക്കുന്നു ഫോൺ എടുക്കുന്നില്ല. മെസ്സേജ് ചെയ്തു, പ്രതികരണമില്ല.

ഇന്ന് വീണ്ടും വിളിച്ചു. എന്റെ ഫോൺ എടുക്കാത്തതിനാൽ ചേട്ടന്റെ ഫോണിൽ നിന്നും വിളിച്ചു. എനിക്ക് ഫോൺ തരാൻ പറയുന്നു. ചാനൽ ചർച്ചകളിൽ എതിരാളികളെ ഘോരഘോരം സമർത്ഥിച്ച് മലർത്തിയടിക്കുന്ന സന്ദീപ് വാചസ്പതി എന്ന വിഗ്രഹം പറയുന്നത് 'അവർക്ക് നിങ്ങൾ പറയുന്ന തുക നൽകാൻ കഴിയില്ല, അവർ കരുതി വച്ച തുക ആർക്കോ ഹോസ്പിറ്റൽ ആവശ്യം വന്നപ്പോൾ ചെലവായിപ്പോയി, നിങ്ങൾ പറഞ്ഞ തുക തരാമെന്ന് രാജേഷ് ഒരിക്കലും സമ്മതിച്ചിട്ടില്ല. കാരണം അതൊരു ചെറിയ പരിപാടി ആയിരുന്നു. നിങ്ങൾ അത് കണ്ടല്ലോ? എന്റെ പരിപാടിയ്ക്ക് വിഷ്ണു ഉണ്ണി കൃഷ്ണനും ശിവദയും വന്നിട്ടുണ്ട്. 10 പൈസ മേടിക്കാതെ. നിങ്ങൾ തിരിച്ചുചെന്നു കാശ് തിരിച്ചുകൊടുത്തതൊക്കെ വലിയ നാണക്കേട് ആയിപ്പോയി'.

കൊള്ളാം. ഈ നിമിഷം വരെ ഞാനും ഈ സന്ദീപ് വാചസ്പതിയും രാജേഷും ആ പ്രസിഡന്റും മാത്രം അറിഞ്ഞ സംഗതി ഞങ്ങൾ അതീവ ഗോപ്യമായി കൈകാര്യം ചെയ്ത സംഗതി എങ്ങനെയാണ് നാട്ടുകാർ അറിയുന്നത്? ആവശ്യം കഴിഞ്ഞല്ലോ ഇനി എന്തും പറയാം. നിങ്ങൾ പറഞ്ഞുവെന്ന് ഞാൻ പറഞ്ഞോ? അല്ലാതെ നിങ്ങൾ ഈ വിവരങ്ങൾ എന്തിന് എന്നോട് പറയണം? നിങ്ങൾ എന്തിനാണ് ഇങ്ങനെ അലറുന്നത്?

വിശ്വസിക്കുന്ന പ്രസ്ഥാനത്തിലെ നാം ആദരിക്കുന്ന വ്യക്തികളിൽ നിന്നും അനാവശ്യം കേട്ടാൽ അലറും. മൂന്നുപേരിൽ ഒതുങ്ങിയ മാന്യമായി കൈകാര്യം ചെയ്യാമായിരുന്ന കാര്യങ്ങൾ ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹരിച്ചില്ലെന്ന് മാത്രമല്ല എനിക്ക് കുറ്റവും ചാർത്തിത്തന്നു. അങ്ങനെയെങ്കിൽ ഇതുവരെ അറിയിക്കാത്തത് നാട്ടുകാർ അറിയും, അറിയിക്കും. കേവലം ഒരു വ്യക്തിയായ എന്നോട് പറഞ്ഞ വാക്കുപാലിക്കാത്ത ആൾ ആണോ നേതാവായി ജനങ്ങൾക്ക് മുഴുവൻ കൊടുക്കുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നത്?

Full View

പ്രസ്ഥാനത്തിനോടുള്ള ഇഷ്ടംകൊണ്ട് സംഘി എന്ന വിളിപ്പേരും തൊഴിലിടത്തിൽനിന്നു മാറ്റിനിർത്തലും മാത്രം അനുഭവിക്കുമ്പോ നോവ് അൽപം കൂടുതലായിരിക്കും. വിജയിച്ചു കാണണം. നന്ദി.

Summary: 'This never suits a Sangh Parivar activist'; Actress Lakshmi Priya makes allegations against the BJP leader Sandeep Vachaspati

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News