മികച്ച നടൻമാരുടെ പട്ടികയിൽ എന്നെ ഉൾപ്പെടുത്തിയെന്ന് ഉറപ്പാക്കി അദ്ദേഹം യാത്രയായി; സച്ചിയുടെ ഓർമ്മയിൽ ബിജു മേനോൻ

പലരുടെയും ജാതകം തിരുത്തി എഴുതാനുള്ള കഴിവ് അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റുകൾക്കുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും ബിജു മേനോൻ

Update: 2022-07-24 15:23 GMT
Editor : afsal137 | By : Web Desk

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ കുറിച്ച് വികാരനിർഭരമായ കുറിപ്പുമായി 'അയ്യപ്പനും കോശിയും' ചിത്രത്തിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ നടൻ ബിജു മേനോൻ. ഇന്ത്യയിലെ മികച്ച നടൻമാരുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തിയെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് സച്ചി യാത്രയായതെന്ന് ബിജു മേനോൻ കുറിച്ചു. പലരുടെയും ജാതകം തിരുത്തി എഴുതാനുള്ള കഴിവ് അദ്ദേഹത്തിന്റെ സ്‌ക്രിപ്റ്റുകൾക്കുണ്ടെന്ന് തനിക്കറിയാമായിരുന്നുവെന്നും അദ്ദേഹത്തെപ്പോലെ സത്യസന്ധനായ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്ന് കരുതുന്നതായും ബിജു മോനോൻ വ്യക്തമാക്കി. ഓൺ മനോരമ ഇംഗ്ലീഷ് പതിപ്പിൽ ബിജു മേനോൻ എഴുതിയ കുറിപ്പിലാണ് പ്രത്യേക പരാമർശം.

Advertising
Advertising

താനും സച്ചിയും ആദ്യമായി കണ്ടുമുട്ടിയ സന്ദർഭവും ബിജുമേനോൻ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ''ഞങ്ങൾ ആദ്യം കണ്ടുമുട്ടിയത് എറണാകുളത്തെ ഹോട്ടൽ വൈറ്റ് ഫോർട്ടിൽ വച്ചാണ്. 'ചോക്ലേറ്റ്' എന്ന അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തിന് സച്ചി അവിടെ എത്തിയിരുന്നു. അദ്ദേഹം സംവിധായകൻ ഷാഫിയുടെ കൂടെ എന്റെ മുറിയിലെത്തി. ഭക്ഷണം കഴിച്ച് ഞങ്ങൾ നിർത്താതെ സംസാരിച്ചു. ഇടയ്ക്ക് ഒരുപാട് സുഹൃത്തുക്കൾ വന്നു പോയി. പക്ഷേ ആ രാത്രി സച്ചി എന്റെ മുറിയിൽ ചെലവഴിച്ചു. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം''- ബിജു മേനോൻ പറയുന്നു.

അദ്ദേഹം തിരക്കഥയെഴുതിയ സിനിമകൾക്ക് തന്നെ വിളിക്കുമായിരുന്നു. പിന്നെ കഥ പോലും കേൾക്കാതെ താൻ സന്നദ്ധത അറിയിക്കും. 'റോബിൻ ഹുഡ്' മുതൽ 'അയ്യപ്പനും കോശിയും' വരെ അങ്ങനെയാണ് സംഭവിച്ചത്. ഒരു ദിവസം അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് ലഭിക്കുമെന്ന് പലപ്പോഴും സച്ചിയോട് താൻ പറയുമായിരുന്നു. എന്നാൽ ഇങ്ങനെയൊക്കെയായി തീരുമെന്ന് കരുതിയിരുന്നില്ലെന്നും ദൈവത്തിന്റെ തിരക്കഥ മുൻകൂട്ടി അറിയാൻ സാധിച്ചില്ലെന്നും ബിജു മേനോൻ കുറിപ്പിൽ വ്യക്തമാക്കി.

മൂകാംബികയായിരുന്നു സച്ചിയുടെ ഇഷ്ട കേന്ദ്രം. നല്ല കഥ കിട്ടിയാൽ ഉടനെ വിളിച്ച് പറയും- 'വരൂ, നമുക്ക് മൂകാംബികയിലേക്ക് പോകാം. യാത്രയ്ക്കിടയിൽ അദ്ദേഹം കഥയുടെ സാരാംശം പങ്കുവെക്കുമായിരുന്നുവെന്നും ബിജു മേനോൻ പറയുന്നു. പലപ്പോഴും കഥയിൽ തന്റെയും കൂടി പ്രതികരണങ്ങൾ അറിയുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു ശേഷം സച്ചി പെട്ടെന്ന് അപ്രത്യക്ഷനായി. ഫോൺ കോളുകൾ ഉണ്ടാകുമായിരുന്നില്ല. ഫോൺ വിളിച്ചാൽ എടുക്കില്ല. ചിത്രത്തിന്റെ വൺലൈനർ സൃഷ്ടിച്ചതിന് ശേഷം അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെടും. പിന്നീട് വിശദമായി കഥ പറഞ്ഞു തരും. ശേഷം ഒരിക്കൽ കൂടി അദ്ദേഹം അപ്രത്യക്ഷനാകും. സച്ചി വീണ്ടും മൂകാംബികയിലേക്ക് ഓടിച്ചെന്ന് മൂകാംബിക ദേവി അനുഗ്രഹിച്ച തിരക്കഥയുമായി മടങ്ങിവരുംമെന്നും ഇതായിരുന്നു അദ്ദേഹത്തിന്റെ സിനിമ ജീവിതമെന്നും ബിജു മേനോൻ കുറിക്കുന്നു.

സച്ചി ആദ്യമായി അയ്യപ്പനും കോശിയും കഥ പറഞ്ഞപ്പോൾ താനുമുണ്ടായിരുന്നു. അയ്യപ്പൻ നായർ എന്ന കഥാപാത്രം ആദ്യം മമ്മൂട്ടിയെ കൊണ്ട് ചെയ്യിപ്പിക്കണമെന്നായിരുന്നു സച്ചിയുടെ ആഗ്രഹം. പിന്നീട് കോശിയുടെ വേഷം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം തന്നോട് ചോദിക്കുകയായിരുന്നു. പിന്നീടാണ് രാജു ചിത്രത്തിലേക്ക് വന്നത്. രാജുവിനോടും വലിയ അടുപ്പമായിരുന്നു. തങ്ങൾ ക്യാമറയ്ക്കു മുന്നിൽ പോരാടിയപ്പോൾ സച്ചി ക്യാമറയ്ക്ക് പിന്നിൽ തന്റേതായ മറ്റൊരു യുദ്ധം നടത്തുകയായിരുന്നുവെന്നും ബിജു മേനോൻ ഓർത്തെടുക്കുന്നു.

അയ്യപ്പനും കോശിയും സിനിമയ്ക്ക് അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും പുരസ്‌കാരം പ്രതീക്ഷിച്ചിരുന്നില്ലെന്നും മികച്ച സഹനടനുള്ള പുരസ്‌കാരം നേടിയ ബിജു മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു. പുരസ്‌കാര നേട്ടത്തിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമുണ്ടെന്നും അയ്യപ്പനും കോശിയും സിനിമ കണ്ട പ്രേക്ഷകരിൽ പലരും പുരസ്‌കാരം ഉറപ്പാണെന്ന് സംസാരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News