ജയിലര്‍ നാളയെത്തുന്നു; മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത് രജനി ആരാധകര്‍, പ്രത്യേക പ്രാര്‍ഥനകളും വഴിപാടുകളും

സണ്ണി ഡിയോളിന്‍റെ ഗദർ 2, അക്ഷയ് കുമാറിന്‍റെ ഒഎംജി 2 എന്നിവയുടെ റിലീസിന് ഒരു ദിവസം മുന്‍പാണ് ചിത്രം റിലീസ് ചെയ്യുന്നത്

Update: 2023-08-09 06:15 GMT

തിരുപ്പരൻകുണ്ഡരം അമ്മൻ ക്ഷേത്രത്തിൽ രജനി ആരാധകര്‍ പ്രാര്‍ഥനയില്‍ 

മധുരൈ: ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം 'ജയിലര്‍' നാളെ തിയറ്ററുകളിലെത്തുകയാണ്. സണ്ണി ഡിയോളിന്‍റെ ഗദർ 2, അക്ഷയ് കുമാറിന്‍റെ ഒഎംജി 2 എന്നിവയുടെ റിലീസിന് ഒരു ദിവസം മുന്‍പാണ് ചിത്രം റിലീസ് ചെയ്യുന്നത്. തലൈവരുടെ ചിത്രം റിലീസ് ചെയ്യുന്നതിന്‍റെ ആവേശത്തില്‍ പ്രത്യേക പ്രാര്‍ഥനകളും മറ്റും നടത്തുകയാണ് ആരാധകര്‍.

മധുരയിലെ തിരുപ്പരൻകുണ്ഡരം അമ്മൻ ക്ഷേത്രത്തിൽ ആരാധകര്‍ പ്രാര്‍ഥന നടത്തുന്നതിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്‍റെ വിജയത്തിനായി പ്രത്യേക പൂജയും നടത്തി. ചിലര്‍ ഇനി മദ്യപിക്കില്ലെന്നു പ്രതിജ്ഞയും എടുത്തു.'' 40 വർഷമായി ഞാൻ രജനി ആരാധകനാണ്, രജനിയുടെ പടയപ്പ മുതൽ ഇന്നുവരെ രജനിയുടെ സിനിമയുടെ വിജയത്തിനായി പലവിധ പ്രാർത്ഥനകൾ ചെയ്യുന്നുണ്ട്. രജനിയുടെ 169-ാമത് ചിത്രമായ ജയിലർ വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും'' ഒരു ആരാധകൻ എഎൻഐയോട് പറഞ്ഞു."മധുരൈ ജില്ലയുടെ പേരിൽ ഞങ്ങൾ രജനിയുടെ സിനിമ ജയിലർ വിജയിക്കാനായി പ്രാർത്ഥിച്ചു. തന്‍റെ ആരാധകര്‍ക്ക് നല്ലത് വരണമെന്നാണ് രജനി ആഗ്രഹിക്കുന്നത്. ഓഡിയോ ലോഞ്ചിൽ രജനി തന്‍റെ ആരാധകരോട് മദ്യപിക്കരുതെന്ന് പറഞ്ഞു, അതനുസരിച്ച് ഞങ്ങൾ മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു'' മറ്റൊരു രജനി ആരാധകൻ പറഞ്ഞു.

Advertising
Advertising

മദ്യപാനമില്ലായിരുന്നെങ്കില്‍ താനൊരു നല്ല മനുഷ്യനും നടനുമായേനെ എന്നാണ് രജനി ഓഡിയോ ലോഞ്ചിനിടെ പറഞ്ഞത്. സ്ഥിരമായി മദ്യപിക്കരുതെന്നും അദ്ദേഹം ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. അസുഖ ബാധിതനായതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് രജനീകാന്ത് മദ്യപാനം ഉപേക്ഷിച്ചത്. രണ്ടു വര്‍ഷത്തിനു ശേഷം പുറത്തിറങ്ങുന്ന രജനിയുടെ ചിത്രമാണ് ജയിലര്‍. അന്നേ ദിവസം ചെന്നൈയിലെയും ബെംഗളൂരുവിലെയും ചില ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ജീവനക്കാര്‍ക്ക് ചിത്രം കാണാന്‍ സൗജന്യ ടിക്കറ്റുകളും നല്‍കിയിട്ടുണ്ട്.

നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. രമ്യ കൃഷ്ണനാണ് രജനിയുടെ ഭാര്യയായി അഭിനയിക്കുന്നത്. ജാക്കി ഷറോഫ്, ശിവരാജ് കുമാര്‍, തമന്ന, വിനായകന്‍,യോഗി ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലൈനിധി മാരനാണ് നിര്‍മാണം. ക്യാമറ-വിജയ് കാര്‍ത്തിക് കണ്ണന്‍,സംഗീതം-അനിരുദ്ധ് രവിചന്ദര്‍. 200 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News